യുവരാജ് ആരാധകൻ, ട്രക്ക് ഡ്രൈവറുടെ മകൻ; ഇംഗ്ലണ്ടിനെതിരെ ഒമ്പതാമനായി ബാറ്റിങ്ങിനിറങ്ങി 52 പന്തിൽ സെഞ്ച്വറി നേടി പതിനെട്ടുകാരൻ, ഇന്ത്യൻ ക്രിക്കറ്റിലെ പുത്തൻ താരോദയത്തെ അറിയാം...

ലണ്ടൻ: ഇംഗ്ലണ്ട് അണ്ടർ -19 ടീമിനെതിരെ നടക്കുന്ന ഏകദിന, ടെസ്റ്റ് പരമ്പരകൾക്കു മുന്നോടിയായി നടന്ന സന്നാഹ മത്സരത്തിൽ ഇന്ത്യക്കായി 52 പന്തിൽ സെഞ്ച്വറി നേടിയ ഗുജറാത്തിന്‍റെ ഹർവൻഷ് സിങ് പങ്കാലിയയാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ വൈറൽ താരം.

ഇന്ത്യയുടെ വണ്ടർ കിഡ് വൈഭവ് സൂര്യവംശിയെയും ആയുഷ് മാത്രെയെയും സാക്ഷി നിർത്തിയാണ് ഏകദിന മത്സരത്തിൽ ഇന്ത്യൻ അണ്ടർ -19 ടീമിനായി ഈ പതിനെട്ടുകാരൻ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തത്, അതും 36ാം ഓവറിൽ ക്രീസിലെത്തി യുവതാരം 52 പന്തിൽ അടിച്ചുകൂട്ടിയത് 103 റൺസ്. ഒമ്പത് സിക്സും എട്ടു ഫോറുമടങ്ങുന്നതാണ് താരത്തിന്‍റെ ഇന്നിങ്സ്. ഇംഗ്ലണ്ടില്‍ ഇന്ത്യ അണ്ടര്‍-19 ടീം അഞ്ച് ഏകദിനങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് കളിക്കുന്നത്.

ഇതിന് മുന്നോടിയായി ഇംഗ്ലണ്ട് അണ്ടര്‍-19 ടീമിനെതിരെ നടന്ന സന്നാഹ മത്സരത്തിലാണ് ഹര്‍വന്‍ഷിന്റെ വിളയാട്ടം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. ഓപ്പണർമാരായ നായകൻ ആയുഷ് മാത്രെയും (മൂന്നു പന്തിൽ ഒന്ന്) വൈഭവ് സൂര്യവംശിയും (13 പന്തിൽ 17) വേഗത്തിൽ മടങ്ങി. 12.2 ഓവറിൽ 91 റൺസെടുക്കുന്നതിനിടെ ഇന്ത്യക്ക് അഞ്ചു വിക്കറ്റുകൾ നഷ്ടമായി. ആറാം വിക്കറ്റിൽ കനിഷ്‌ക് ചൗഹാനും (67 പന്തിൽ 79), രാഹുല്‍ കുമാറും (60 പന്തിൽ 73) 112 പന്തില്‍ 140 റണ്‍സിന്റെ കൂട്ടുകെട്ടുയർത്തി ഇന്ത്യയെ കരകയറ്റി. .

പിന്നാലെയാണ് ഹർവൻഷ് ക്രീസിലെത്തുന്നത്. ഒരു ദയയുമില്ലാതെ ഇംഗ്ലീഷ് ബൗളർമാരെ തല്ലിത്തകർത്താണ് യുവതാരം അപരാജിത സെഞ്ച്വറി പൂർത്തിയാക്കിയത്. ഒമ്പതാമനായി ബാറ്റിങ്ങിനിറങ്ങി ഇന്ത്യക്കായി ഒരു താരം സെഞ്ച്വറി നേടുന്നത് അപൂർവമാണ്. എട്ടാം വിക്കറ്റിൽ ആർ.എസ്. അംബ്രിഷുമായി ചേർന്ന് 128 റൺസാണ് സ്കോർബോർഡിൽ കൂട്ടിച്ചേർത്തത്. ഹർവൻഷിന്‍റെ സെഞ്ച്വറി കരുത്തിൽ ഇന്ത്യ നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 442 റൺസെടുത്തു.

മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ടിന്‍റെ ഇന്നിങ്സ് 41.1 ഓവറിൽ 211 റൺസിൽ അവസാനിച്ചു. ഇന്ത്യൻ യുവനിരക്ക് 231 റൺസിന്‍റെ കൂറ്റൻ വിജയം. ഇന്ത്യക്കായി ദീപേഷ് ദേവേന്ദ്രൻ മൂന്നു വിക്കറ്റ് നേടി. മുൻ ഇന്ത്യൻ ഓള്‍റൗണ്ടറും ബിഗ് ഹിറ്ററുമായ യുവരാജ് സിങിന്റെ കടുത്ത ആരാധകനാണ് ഹര്‍വന്‍ഷ് സിങ്.

ആഭ്യന്തര ക്രിക്കറ്റിൽ സൗരാഷ്ട്രയുടെ താരമായ ഈ വിക്കറ്റ് കീപ്പർ ബാറ്റർ നേരത്തെ തന്നെ തകർപ്പൻ പ്രകടനവുമായി ക്രിക്കറ്റ് ലോകത്തിന്‍റെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ആസ്‌ട്രേലിയക്കെതിരായ യൂത്ത് മത്സരത്തില്‍ 117 റണ്‍സ് നേടി. ഗുജറാത്തിലെ ഗാന്ധിധാം സ്വദേശിയാണെങ്കിലും ഇപ്പോൾ കാനഡയിലാണ് കുടുംബം സ്ഥിരതാമസം. ഹര്‍വന്‍ഷിന്റെ പിതാവ് ദമന്‍ദീപ് കാനഡയിലെ ബ്രാംപ്ടണില്‍ ട്രക്ക് ഡ്രൈവറാണ്.

ഇംഗ്ലണ്ട് ബൗളർ സ്റ്റുവര്‍ട്ട് ബ്രോഡിന്‍റെ ഒരു ഓവറില്‍ ആറ് സിക്‌സറുകള്‍ നേടിയ യുവരാജിന്‍റെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഹർവൻഷിനെ ക്രിക്കറ്റിലേക്ക് എത്തിക്കുന്നത്. ആറാം വയസ്സില്‍ കാനഡയിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിഷേഷന്‍റെ ക്രിക്കറ്റ് അക്കാദമിയില്‍ വിക്കറ്റ് കീപ്പറായാണ് പരിശീലനം തുടങ്ങിയത്.

Tags:    
News Summary - Harvansh Wrecks Havoc With Brutal 52-Ball Hundred For India U19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.