അസാമാന്യ നേട്ടം! കിരീട നേട്ടത്തിൽ കോഹ്ലിയെ അഭിനന്ദിച്ച് ഹാരി കെയിൻ; അപൂർവ ചിത്രവും പങ്കുവെച്ചു

കായിക ലോകത്ത് 2025 കന്നിക്കിരീട നേട്ടങ്ങളുടെ വർഷമാണ്. പതിറ്റാണ്ടുകളായി പിടിതരാതെ, നിർഭാഗ്യം കൊണ്ട് വഴുതിപോയിരുന്ന കിരീടങ്ങളാണ് പലരും ഈ വർഷം സ്വന്തമാക്കിയത്. അതിൽ ഏറ്റവും ഒടുവിൽ ഐ.പി.എല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു കിരീടം നേടിയതാണ്. 18 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ആർ.സി.ബി ഐ.പി.എല്ലിൽ ആദ്യ കിരീടം നേടുന്നത്.

ഏകദിന, ട്വന്‍റി20 ലോകകപ്പ്, ചാമ്പ്യൻസ് ട്രോഫി എന്നിവ നേടി ലോകക്രിക്കറ്റിന്‍റെ നെറുകയിൽ നിൽക്കുമ്പോഴും ഐ.പി.എൽ കിരീടം എന്നത് കോഹ്ലിയുടെ സ്വപ്നമായിരുന്നു. ഇന്നലെ അഹ്മദാബാദിൽ അതും കോഹ്ലി സ്വന്തമാക്കി, 18 വർഷമാണ് ഇതിനുവേണ്ടി കോഹ്ലിക്ക് കാത്തിരിക്കേണ്ടി വന്നത്. ഫൈനലിലെ വിജയത്തിനു പിന്നാലെ താരത്തിന്‍റെ പ്രതികരണവും അധിവൈകാരികമായിരുന്നു. ഗ്രൗണ്ടിൽ വീണ് ആനന്ദ കണ്ണീർ പൊഴിച്ച താരം, ഒരു കുട്ടിയെ പോലെ ഓടിനടന്ന് സന്തോഷിക്കുന്നതും ആരാധകർ കണ്ടു. കോഹ്ലിയെയും ആർ.സി.ബിയെയും അഭിനന്ദിച്ചും പ്രശംസിച്ചും നിരവധി പേരാണ് രംഗത്തുവന്നത്.

ലോക ഫുട്ബാളിലെ ഏറ്റവും മികച്ച മുന്നേറ്റ താരങ്ങളിൽ ഒരാളായ ഇംഗ്ലീഷ് സ്ട്രൈക്കർ ഹാരി കെയിനും താരത്തിന് ആശംസകൾ നേർന്നു. കരിയറിൽ രണ്ടുപേർക്കും ഈ വർഷം ഏറെ പ്രിയപ്പെട്ടതാണ്. 31കാരനായ കെയിൻ കരിയറിലെ ആദ്യ പ്രധാന കിരീടം നേടിയതും ഇതേ വർഷം തന്നെയാണ്. ബുണ്ടസ് ലിഗയിൽ ബയേൺ മ്യൂണിക്ക് ചാമ്പ്യന്മാരായതോടെയാണ് കരിയറിൽ ഒരു കിരീടമില്ല എന്ന പോരായ്മ കെയിൻ മറികടന്നത്.

സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയതും ഹാരി കെയിന്‍ തന്നെ. 24 ഗോളുകള്‍ നേടി താരം കിരീടനേട്ടത്തില്‍ നിര്‍ണായകമായ പങ്കുവഹിച്ചു. ഇംഗ്ലണ്ട് ദേശീയ ടീമിലും ടോട്ടന്‍ഹമിലും ബയേണിലും കളിച്ച കെയിനിനും കിരീടത്തിനായി ഏറെ കാത്തിരിക്കേണ്ടി വന്നു. പല ടൂര്‍ണമെന്റിലും ഫൈനലിലെത്തിയെങ്കിലും കണ്ണീരോടെ മടങ്ങാനായിരുന്നു വിധി. 2023ല്‍ റെക്കോഡ് തുകക്കാണ് താരം ബയേണിൽ എത്തിയത്. പ്രിയ സുഹൃത്തു കൂടിയായ കോഹ്ലിയെയും ആർ.സി.ബിയെയും ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് കെയിൻ അഭിനന്ദിച്ചത്. ‘ആദ്യ ഐ‌.പി.എൽ കിരീടം നേടിയ വിരാട് കോഹ്ലിക്കും റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിനും അഭിനന്ദനങ്ങൾ അറിയിക്കാൻ ശേഖരത്തിൽനിന്ന്. അസാമാന്യമായ നേട്ടം’ -കെയിൻ കുറിച്ചു.

കോഹ്ലിക്കൊപ്പം അദ്ദേഹത്തിന്‍റെ 18ാം നമ്പർ ജഴ്സിയും പിടിച്ചുനിൽക്കുന്ന ചിത്രവും ഇതോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. നിമിഷങ്ങൾക്കകമാണ് പോസ്റ്റും ചിത്രവും വൈറലായത്.

Tags:    
News Summary - Harry Kane Hails Virat Kohli’s IPL Triumph

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.