ധാക്ക: ടൈയിൽ അവസാനിച്ച ഇന്ത്യ-ബംഗ്ലാദേശ് ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ നായിക ഹർമൻപ്രീത് കൗർ നടത്തിയ മോശം പ്രകടനത്തിന് കനത്ത ശിക്ഷ വന്നേക്കുമെന്ന് സൂചന. ചരിത്രത്തിലാദ്യമായി വനിത ക്രിക്കറ്റിൽ വിലക്കുവാങ്ങുന്ന താരമായി മാറുമെന്നാണ് റിപ്പോർട്ട്. 34ാം ഓവറിൽ സ്ലിപ്പിൽ ക്യാച്ച് നൽകി പുറത്താകുമ്പോൾ അരിശപ്പെട്ട് ബാറ്റെടുത്ത് സ്റ്റംപ് തകർത്ത താരം പിന്നീട് കളത്തിനകത്തും പുറത്തും മോശം പെരുമാറ്റം നടത്തിയതാണ് പൊല്ലാപ്പായത്. അംപയറോട് ദേഷ്യം തീർത്ത് മൈതാനം വിടുന്നതിനിടെ ബംഗ്ലാദേശ് താരങ്ങളെ പരിഹസിച്ചതിനും വിഡിയോ സാക്ഷി.
മത്സരശേഷം അംപയറിങ്ങിനെതിരെ താരം ആഞ്ഞടിച്ചിരുന്നു: ‘‘ഈ മത്സരത്തിൽനിന്ന് ഏറെ പഠിക്കാനുണ്ട്. ക്രിക്കറ്റിനപ്പുറം, അംപയറിങ്ങും അത്ഭുതപ്പെടുത്തി.
ഇനിയൊരിക്കൽ ബംഗ്ലാദേശിലേക്ക് വരുമ്പോൾ ഈ അംപയറിങ്ങും കൈകാര്യംചെയ്യാൻ പരിശീലിക്കണം’’ -പ്രതികരണം ഇങ്ങനെ. ഒടുവിൽ, ഫോട്ടോ സെഷനു വിളിച്ചപ്പോൾ ബംഗ്ലാദേശിനെ ഒപ്പമെത്തിച്ച അംപയർമാർ കൂടിനിൽക്കുന്നത് നന്നാകുമെന്ന തരത്തിൽ അവരെ അപമാനിക്കുകയും ചെയ്തു.
ഇത്രയും ആയതോടെ മത്സരശേഷം ഒന്നിച്ചുള്ള ഫോട്ടോഷൂട്ടിന് ബംഗ്ലാദേശ് താരങ്ങൾ വിസമ്മതിച്ചു. ആരും ജേതാക്കളാകാത്ത പരമ്പരയിൽ ഇരു ടീമുകളും കിരീടം പങ്കിടുകയായിരുന്നു. സ്വാഭാവികമായും ടീമുകൾ ഒന്നിച്ചുനിന്നുള്ള ഫോട്ടോ ഉണ്ടാകേണ്ടതായിരുന്നെങ്കിലും ബംഗ്ലാദേശ് താരങ്ങൾ പ്രതിഷേധിച്ച് വിട്ടുനിന്നതോടെ അതുണ്ടായില്ല.
പെരുമാറ്റം എല്ലാ അതിരുകളും വിട്ടതിനാൽ ഐ.സി.സി പെരുമാറ്റച്ചട്ടം ലെവൽ രണ്ടു പ്രകാരമുള്ള ശിക്ഷാനടപടികൾ താരത്തിനെതിരെ ഉണ്ടാകും. വിഷയത്തിൽ ബി.സി.സി.ഐ പ്രതിനിധികൾ ഐ.സി.സി വൃത്തങ്ങളുമായി സംസാരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.