ഇന്ത്യൻ താരങ്ങൾ പരിശീലനത്തിൽ
മുംബൈ: പുതുവർഷത്തിൽ ആദ്യ മത്സരത്തിന് ഇന്ത്യൻ ക്രിക്കറ്റ് ടീം ചൊവ്വാഴ്ച ഇറങ്ങുന്നു. നായകൻ രോഹിത് ശർമയുടെ അഭാവത്തിൽ ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലാണ് ശ്രീലങ്കക്കെതിരായ ട്വന്റി20 പരമ്പരയിൽ നീലപ്പട കളിക്കുന്നത്. മൂന്നു മത്സര പരമ്പരയിലെ ആദ്യ ഏറ്റുമുട്ടലിന് വേദിയാവുന്നത് മുംബൈ വാംഖഡെ സ്റ്റേഡിയമാണ്. ട്വന്റി20യിലേക്ക് മികച്ചൊരു യുവനിരയെ വാർത്തെടുക്കുകയെന്ന ലക്ഷ്യംകൂടി പരമ്പരക്കുണ്ട്.
29കാരനായ ഹാർദിക് നയിക്കുന്ന 16 അംഗ സംഘത്തിലെ താരങ്ങളുടെ ശരാശരി പ്രായം 27 ആണ്. 23 വയസ്സുകാരായ ഉമ്രാൻ മാലിക്, വാഷിങ്ടൺ സുന്ദർ, അർഷ്ദീപ് സിങ് തുടങ്ങി 32ലെത്തിനിൽക്കുന്ന ഉപനായകൻ സൂര്യകുമാർ യാദവ്, ഹർഷൽ പട്ടേൽ, യുസ്‌വേന്ദ്ര ചാഹൽ ഉൾപ്പെടുന്ന ടീം ഇന്ത്യയുടെ യുവത്വംതന്നെയാണ് പ്രധാന ഘടകം. മുൻനിര ബാറ്റർമാരായ രോഹിത്, വിരാട് കോഹ്‍ലി, കെ.എൽ. രാഹുൽ, വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത്, ഓൾറൗണ്ടർമാരായ രവീന്ദ്ര ജദേജ, ആർ. അശ്വിൻ, ബൗളർമാരായ ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി എന്നിവരൊന്നുമില്ലാത്ത സംഘമാണിത്. 2024ലെ ട്വന്റി20 ലോകകപ്പുകൂടി മുന്നിൽക്കണ്ടാണ് ഒരുക്കം. ഹാർദിക് ട്വന്റി20 ടീമിന്റെ സ്ഥിരംനായകനാവുന്നതും വിദൂരമല്ലാത്ത ഭാവിയിൽ സംഭവിക്കാം.
40 ട്വന്റി20 മത്സരങ്ങളാണ് ടീം ഇന്ത്യ 2022ൽ കളിച്ചത്. ഒമ്പത് ദ്വിരാഷ്ട്ര പരമ്പരകളും ഏഷ്യകപ്പും ലോകകപ്പും ഇതിൽപെടും. എട്ടു പരമ്പരകളും ഇന്ത്യ ജയിച്ചപ്പോൾ ദക്ഷിണാഫ്രിക്കക്കെതിരെ സമനിലയിലായി. പക്ഷേ, ലോകകപ്പിലും ഏഷ്യകപ്പിലും ഫൈനലിലെത്താൻ കഴിഞ്ഞില്ല എന്നത് വലിയ പോരായ്മയായി. ഒരു വർഷം മറ്റ് ഏതു ടീമിനേക്കാളും ഏറ്റവുമധികം മത്സരങ്ങൾ കളിച്ചിട്ടും 31 താരങ്ങളെ ഉപയോഗിച്ചിട്ടും പ്രധാന ടൂർണമെന്റുകളിൽ പ്രതീക്ഷക്കൊത്തുയരാൻ കഴിയാതെ പോയതിന്റെകൂടി ഫലമായാണ് ബി.സി.സി.ഐ പുതിയ പദ്ധതികളെക്കുറിച്ച് ആലോചിക്കുന്നത്.
ഓപണിങ് ജോടികളായി ഇഷാൻ കിഷനും ഋതുരാജ് ഗെയ്‌ക്‌വാദും തന്നെയാണ് പ്രധാന പരിഗണനയിൽ. ശുഭ്മാൻ ഗില്ലിന് അവസരം നൽകിയാൽ ട്വന്റി20 അരങ്ങേറ്റമാവും താരത്തിന്. മധ്യനിരയിൽ മലയാളി താരം സഞ്ജു സാംസൺ പ്രതീക്ഷവെക്കുന്നുണ്ട്. പേസർ ഉമ്രാൻ ഇതുവരെ ഇന്ത്യയിൽ ഒരു അന്താരാഷ്ട്ര മത്സരംപോലും കളിച്ചിട്ടില്ല.
പുതുമുഖ ബൗളർമാരായ ശിവം മാവിയെയും മുകേഷ് കുമാറിനെയും ഇന്ന് പരിഗണിക്കാനുള്ള സാധ്യത കുറവാണെന്നാണ് റിപ്പോർട്ടുകൾ. നിലവിലെ ഏഷ്യകപ്പ് ജേതാക്കളായ ദസുൻ ഷനകയുടെ ശ്രീലങ്ക മികവുറ്റ താരങ്ങളുമായാണ് എത്തിയിരിക്കുന്നത്.
ഇന്ത്യ- ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), ഇഷാൻ കിഷൻ, ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, സഞ്ജു സാംസൺ, വാഷിങ്ടൺ സുന്ദർ, യുസ്‌വേന്ദ്ര ചാഹൽ, അക്സർ പട്ടേൽ, അർഷ്ദീപ് സിങ്, ഹർഷൽ പട്ടേൽ, ഉമ്രാൻ മാലിക്, ശിവം മാവി, മുകേഷ് കുമാർ.
ശ്രീലങ്ക- ദസുൻ ഷനക (ക്യാപ്റ്റൻ), പാതും നിസ്സാങ്ക, അവിഷ്ക ഫെർണാണ്ടോ, സദീര സമരവിക്രമ, കുസൽ മെൻഡിസ്, ഭാനുക രാജപക്സ, ചരിത് അസലങ്ക, ധനഞ്ജയ ഡിസിൽവ, വനിന്ദു ഹസരംഗ, അഷെൻ ബണ്ടാര, മഹേഷ് തീക്ഷണ, ചാമിക കരുണരത്നെ, ദിൽഷൻ മധുശങ്ക, കസുൻ രജിത, ദുനിത് വെല്ലലഗെ, പ്രമോദ് മധുഷൻ, ലാഹിറു കുമാര, നുവാൻ തുഷാര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.