ന്യൂഡൽഹി: വേൾഡ് ലെജൻഡ്സ് ചാമ്പ്യൻഷിപ്പിലെ പാകിസ്താനെതിരായ മത്സരത്തിൽ നിന്ന് പിന്മാറി മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്ങ്, ഓപ്പണർ ശിഖർ ധവാൻ, സുരേഷ് റെയ്ന, എന്നിവർ. ഞായറാഴ്ച നടക്കുന്ന കളിയിൽ നിന്നാണ് താരങ്ങൾ പിന്മാറിയത്. എന്നാൽ, എന്തുകൊണ്ടാണ് മത്സരത്തിൽ നിന്നും പിന്മാറുന്നതെന്ന് താരങ്ങൾ വ്യക്തമാക്കിയിട്ടില്ല. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനുമായി ഇന്ത്യൻ ടീം കളിക്കുന്നതിനെതിരെ വലിയ പ്രതിഷേധം സമൂഹമാധ്യമങ്ങളിലടക്കം ഉയർന്നിരുന്നു.
പഹൽഗാം ഭീകരാക്രമണവും അതിന് പിന്നാലെ നടന്ന ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇതാദ്യമായാണ് പാകിസ്താനും ഇന്ത്യയും തമ്മിൽ ഒരു ക്രിക്കറ്റ് മത്സരത്തിൽ കളിക്കുന്നത്. എഡ്ജ്ബാസ്റ്റണിലാണ് ഇന്ന് മത്സരം നടക്കുന്നത്. അതേസമയം, മത്സരം റദ്ദാക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ഹർഭജൻ, ശിഖർ ധവാൻ, യൂസഫ് പത്താൻ എന്നിവർ മത്സരത്തിൽ നിന്നും പിന്മാറുകയാണെന്ന വിവരം ഔദ്യോഗികമായി അറിയിച്ചിട്ടില്ല. യൂസഫ് പത്താനൊപ്പം ഇർഫാനും മത്സരത്തിൽ നിന്ന് പിന്മാറുമെന്ന് റിപ്പോർട്ടുകളുണ്ട്.
ഓൾ റൗണ്ടർ യുവരാജ് സിങ്ങാണ് ഇന്ത്യൻ ചാമ്പ്യൻസിനെ നയിക്കുന്നത്. പ്രമുഖ ബാറ്റർമാരായ ശിഖർ ധവാൻ, സുരേഷ് റെയ്ന, വിക്കറ്റ് കീപ്പർ റോബിൻ ഉത്തപ്പ, സ്പിന്നർ ഹർഭജൻ സിങ്, ഓൾ റൗണ്ടർമാരായ ഇർഫാൻ പത്താൻ, യൂസുഫ് പത്താൻ തുടങ്ങിയവർ ടീമിലുണ്ട്. ലീഗ് റൗണ്ടിൽ ഇന്ത്യയുടെ ആദ്യ മത്സരം ഞായറാഴ്ച പാകിസ്താൻ ചാമ്പ്യൻസിനെതിരെ നടക്കും. അതിർത്തി സംഘർഷങ്ങളെത്തുടർന്ന് ഇന്ത്യ പാകിസ്താനുമായി കായിക ബന്ധങ്ങൾ വിച്ഛേദിച്ചിട്ടുണ്ടെങ്കിലും നിഷ്പക്ഷ വേദിയിൽ ഇരു രാജ്യങ്ങളിലെയും ടീമുകൾ ഏറ്റുമുട്ടാറുണ്ട്. ലെജൻഡ്സ് ക്രിക്കറ്റിലാണെങ്കിലും പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇതാദ്യമായാണ് നേർക്കുനേർ വരുന്നത്. മുഹമ്മദ് ഹഫീസാണ് പാക് നായകൻ. കഴിഞ്ഞ വർഷത്തെ ഫൈനലിൽ പാകിസ്താനെ തോൽപിച്ചാണ് ഇന്ത്യ ജേതാക്കളായത്.
ആതിഥേയരായ ഇംഗ്ലണ്ട് ചാമ്പ്യൻസും നിലവിലെ റണ്ണറപ്പായ പാകിസ്താൻ ചാമ്പ്യൻസും തമ്മിലായിരുന്നു ഇത്തവണത്തെ ആദ്യ മത്സരം. ഹഫീസും സംഘവും അഞ്ച് റൺസിന് ജയിച്ചു. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 20 ഓവറിൽ ഒമ്പത് വിക്കറ്റിന് 160 റൺസ് നേടി. ഇംഗ്ലണ്ടിന് 20 ഓവറിൽ മൂന്ന് വിക്കറ്റിന് 155 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഹഫീസ് 34 പന്തിൽ 54 റൺസടിച്ച് ടോപ് സ്കോററായി. ഇംഗ്ലീഷ് നിരയിൽ ഫിൽ മസ്റ്റാർഡും (58) ഇയാൻ ബെല്ലും (51 നോട്ടൗട്ട്) അർധ ശതകങ്ങൾ നേടിയെങ്കിലും ടീമിനെ ജയത്തിലെത്തിക്കാനായില്ല. 22ന് ഇന്ത്യ ദക്ഷിണാഫ്രിക്കയെയും 26ന് ഓസീസിനെയും 27ന് ഇംഗ്ലണ്ടിനെയും 29ന് വിൻഡീസിനെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.