‘അന്ന് രാത്രി എം.എസ്. ധോണി കരഞ്ഞു’; ക്യാപ്റ്റൻ കൂളിന്‍റെ വൈകാരിക നിമിഷം പങ്കുവെച്ച് ഹർഭജൻ സിങ്

സൂപ്പർതാരം എം.എസ്. ധോണിക്ക് ‘ക്യാപ്റ്റൻ കൂള്‍’ എന്നൊരു വിളിപ്പേര് ആരാധകര്‍ ചാർത്തി നൽകിയിട്ടുണ്ട്. മത്സരത്തിൽ ഏത് പ്രതികൂല സാഹചര്യങ്ങളും ഒരു സമ്മര്‍ദ്ദവും ഇല്ലാതെ വളരെ ശാന്തമായാണ് ധോണി നേരിടുക. മികച്ചൊരു ഫിനിഷറും ക്യാപ്റ്റനും ആയതിന് കാരണം ധോണി സമ്മര്‍ദ്ദത്തിന് അടിമപ്പെടാത്തത് കൊണ്ടാണെന്ന് ക്രിക്കറ്റ് വിദഗ്ധര്‍ വരെ അടയാളപ്പെടുത്തിയിട്ടുള്ള കാര്യമാണ്.

എന്നാല്‍, മുൻ ഇന്ത്യൻ താരവും ചെന്നൈ സൂപ്പർ കിങ്സ് സഹതാരവുമായിരുന്നു ഹർഭജൻ സിങ് താരത്തെ കുറിച്ച് ഒരു അപൂർവ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്. ചെന്നൈ സൂപ്പർ കിങ്സിലെ സഹതാരങ്ങൾ ധോണിക്ക് ചുറ്റിലും ഒത്തുകൂടിയപ്പോൾ താരം ആ രാത്രി കണ്ണീരണിഞ്ഞെന്ന് ഹർഭജൻ പറയുന്നു. ഒത്തുകളി വിവാദത്തെ തുടർന്ന് രണ്ടു വർഷത്തെ വിലക്കിനുശേഷം 2018ലെ ഐ.പി.എല്ലിൽ ടീം തിരിച്ചെത്തിയപ്പോഴാണ് സംഭവം.

സ്റ്റാർ സ്പോർട്സ് പങ്കുവെച്ച വിഡിയോയിൽ ഹർഭജന്‍റെ വാക്കുകളെ മുൻ ചെന്നൈ സ്പിന്നറായിരുന്നു ഇംറാൻ താഹിറും ശരിവെക്കുന്നുണ്ട്. ധോണിക്ക് ചെന്നൈ ടീം എത്രമാത്രം വിലപ്പെട്ടതായിരുന്നുവെന്ന് തെളിയിക്കുന്നതായിരുന്നു ആ വൈകാരിക നിമിഷങ്ങൾ. ‘ഞാൻ പങ്കുവെക്കാൻ ആഗ്രഹിക്കുന്ന ഒരു കഥയുണ്ട്. രണ്ടു വർഷത്തെ വിലക്കിനുശേഷം സി.എസ്.കെ ഐ.പി.എല്ലിലേക്ക് മടങ്ങിയെത്തിയപ്പോൾ, ടീം അംഗങ്ങൾക്ക് വിരുന്നൊരുക്കിയിരുന്നു. ‘ആണുങ്ങൾ അധികം കരയാറില്ല’ എന്നൊരു ചൊല്ല് കേട്ടിട്ടുണ്ട്, എന്നാൽ അന്ന് രാത്രി എം.എസ്. ധോണി കരഞ്ഞു. അവൻ വികാരധീനനായി. ഇതിനെക്കുറിച്ച് ആർക്കും അറിയില്ലെന്ന് ഞാൻ കരുതുന്നു. ശരിയല്ലെ, ഇംറാൻ (താഹിർ)?’ -ഹർഭജൻ സിങ് വിഡിയോയിൽ പറഞ്ഞു.

‘അതെ, തീർച്ചയായും’ എന്നായിരുന്നു ഇംറാന്‍റെ മറുപടി. ‘ഞാനും അവിടെ ഉണ്ടായിരുന്നു. എം.എസ്. ധോണിക്ക് അത് വളരെ വൈകാരിക നിമിഷമായിരുന്നു. ടീം അവന്റെ ഹൃദയത്തോട് എത്രമാത്രം അടുത്തിരിക്കുന്നു എന്ന് അന്ന് മനസ്സിലായി. ടീമിനെ തന്റെ കുടുംബത്തെ പോലെയാണ് കാണുന്നത്. ഞങ്ങൾക്കെല്ലാം അത് വളരെ വൈകാരികമായിരുന്നു’ -ഇംറാൻ താഹിർ പ്രതികരിച്ചു. രണ്ടു വർഷത്തെ ഇടവേളക്കുശേഷം ഐ.പി.എല്ലിലേക്ക് തിരിച്ചെത്തിയ ചെന്നൈ ആ വർഷം ചാമ്പ്യന്മാരാകുകയും ചെയ്തു.

Tags:    
News Summary - Harbhajan Singh Shares Unheard Tale Involving CSK Skipper

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.