ഐ.പി.എൽ ഫൈനൽ കഴിഞ്ഞ് മടങ്ങവേ ഗുജറാത്ത് ടൈറ്റൻസ് ടീം ബസിന് തീപിടിച്ചു

അഹമ്മദാബാദ്: ഐ.പി.എൽ ഫൈനൽ പോരാട്ടത്തിന് പിന്നാലെ ഗുജറാത്ത് ടൈറ്റൻസ് ടീം അംഗങ്ങൾ സഞ്ചരിച്ച ബസിന് തീപിടിച്ചു. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് പരാജയപ്പെട്ടതിന് ശേഷം ഞായറാഴ്ച രാത്രി നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നിന്ന് ഹോട്ടലിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് ബസിനുള്ളിൽ പുക നിറയുകയായിരുന്നു. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ഉൾപ്പെടെയുള്ള പ്രധാന താരങ്ങളും സപ്പോർട്ട് സ്റ്റാഫും ഉടൻ തന്നെ ബസിൽ നിന്ന് പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. ആർക്കും പരിക്കുകളില്ലെന്നാണ് റിപ്പോർട്ട്. സംഭവത്തെ തുടർന്ന് ഏറെ നേരം റോഡിൽ കാത്തുനിന്ന താരങ്ങളെ പിന്നീട് മറ്റൊരു ബസ് എത്തിച്ചാണ് ഹോട്ടലിലേക്ക് മാറ്റിയത്. ഏതാണ്ട് ഒരു മണിക്കൂറോളം താരങ്ങൾക്ക് വഴിയിൽ കുടുങ്ങിക്കിടക്കേണ്ടി വന്നു.

ഫൈനൽ മത്സരത്തിൽ ഗുജറാത്തിനെതിരെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു അഞ്ച് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 155 റൺസാണ് എടുത്തത്. 37 പന്തിൽ 50 റൺസെടുത്ത വാഷിങ്ടൺ സുന്ദർ മാത്രമാണ് ഗുജറാത്ത് നിരയിൽ തിളങ്ങിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആർ.സി.ബി 18 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 42 പന്തിൽ പുറത്താകാതെ 75 റൺസെടുത്ത സൂപ്പർ താരം വിരാട് കോഹ്‌ലിയുടെ പ്രകടനമാണ് ആർ.സി.ബിക്ക് അനായാസ ജയം സമ്മാനിച്ചത്.

ബാറ്റിങ്ങിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ലെന്ന് മത്സരശേഷം ഗുജറാത്ത് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ പ്രതികരിച്ചു. 'ഞങ്ങൾക്ക് 180-190 റൺസ് നേടാൻ സാധിച്ചിരുന്നെങ്കിൽ മത്സരം കുറച്ചുകൂടി കടുപ്പമേറിയതാകുമായിരുന്നു. തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ടപ്പെട്ടത് തിരിച്ചടിയായി. പവർപ്ലേയിൽ ആർ.സി.ബിയുടെ വിക്കറ്റുകൾ വീഴ്ത്താനായത് പ്രതീക്ഷ നൽകിയെങ്കിലും, മികച്ച ബൗളിങ് നിരയുണ്ടായിട്ടും കൂടുതൽ റൺസ് വഴങ്ങിയത് വിനയായി. ടീമിന്റെ ആകെയുള്ള പ്രകടനത്തിൽ സന്തോഷമുണ്ട്. എന്നാൽ ട്രോഫികൾ നേടണമെങ്കിൽ ഇനിയും ഏറെ മെച്ചപ്പെടേണ്ടതുണ്ട്,' ഗിൽ വ്യക്തമാക്കി.

Tags:    
News Summary - Gujarat Titans players evacuated as team bus breaks down after short circuit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.