‘ഞാൻ ഒരിക്കലും പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടില്ല’; ഹാർദിക് ഗുജറാത്ത് വിട്ടതിൽ പ്രതികരിച്ച് ആശിഷ് നെഹ്റ

പഴയ തട്ടകമായ മുംബൈ ഇന്ത്യൻസിലേക്ക് മടങ്ങിപോകുന്നതിൽനിന്ന് ഹാർദിക് പാണ്ഡ്യയെ പിന്തിരിപ്പിക്കാൻ ഒരിക്കലും ശ്രമിച്ചിട്ടില്ലെന്ന് ഗുജറാത്ത് ടൈറ്റൻസ് മുഖ്യ പരിശീലകനും മുൻ ഇന്ത്യൻ താരവുമായ ആശിഷ് നെഹ്റ. പരിചയ സമ്പന്നനായ സ്റ്റാർ ഓൾ റൗണ്ടറുടെ അസാന്നിധ്യം ഈ ഐ.പി.എൽ സീസണിൽ ടീമിന് വലിയ നഷ്ടമാണെന്നും നെഹ്റ പ്രതികരിച്ചു.

ഗുജറാത്ത് ടൈറ്റൻസ് പ്രഥമ സീസണിൽ തന്നെ ചാമ്പ്യനായത് ഹാർദിക്കിനു കീഴിലായിരുന്നു. കഴിഞ്ഞ സീസണിൽ ഫൈനലിൽ എത്തിയെങ്കിലും ചെന്നൈ സൂപ്പർ കിങ്സിനു മുന്നിൽ കാലിടറി. റെക്കോഡ് തുകക്കാണ് ഹാർദിക്കിനെ ഇത്തവണ മുംബൈ ടീമിലെത്തിച്ചത്. രോഹിത് ശർമയെ മാറ്റി ഹാർദിക്കിനെ ടീമിന്‍റെ നായകനാക്കുകയും ചെയ്തു. ‘ഏത് കായിക ഇനമായാലും, നിങ്ങൾ മാറിക്കൊണ്ടിരിക്കണം. നിങ്ങൾക്ക് അനുഭവപരിചയം പണംകൊടുത്ത് വാങ്ങാനാകില്ല, ഹാർദിക് പാണ്ഡ്യ, മുഹമ്മദ് ഷമി എന്നിവർക്കു പകരക്കാരെ കണ്ടെത്തുന്നത് അത്ര എളുപ്പമല്ല. പക്ഷേ അതൊരു പാഠമാണ്, അങ്ങനെയാണ് ടീം മുന്നോട്ട് പോകുന്നത്’ -നെഹ്റ മാധ്യമങ്ങളോട് പ്രതികരിച്ചു.

കഴിഞ്ഞ രണ്ടു ഐ.പി.എൽ സീസണുകളിലും നെഹ്റ-ഹാർദിക് തന്ത്രങ്ങളാണ് ഗുജറാത്തിന്‍റെ അദ്ഭുതപ്രകടനത്തിനു പിന്നിൽ പ്രവർത്തിച്ചത്. താൻ ഒരിക്കലും അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടില്ല. രണ്ടു വർഷം ഹാർദിക് ഗുജറാത്ത് ടീമിനൊപ്പമാണ് കളിച്ചത്. ഐ.പി.എല്ലിന്‍റെ തുടക്കത്തിൽ അഞ്ച് വർഷം കളിച്ച മുംബൈ ഇന്ത്യൻസിലേക്കാണ് ഇപ്പോൾ പോയതെന്നും നെഹ്റ പ്രതികരിച്ചു. പുതിയ നായകൻ ശുഭ്മൻ ഗില്ലിനു കീഴിൽ ഗുജറാത്ത് എങ്ങനെ കളിക്കുമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈമാസം 22ന് ചെന്നൈ-റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മത്സരത്തോടെയാണ് പുതിയ ഐ.പി.എൽ സീസണിന് തുടക്കമാകുന്നത്. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് മത്സരം. മുൻ ഇന്ത്യൻ നായകരായ എം.എസ്. ധോണിയും വിരാട് കോഹ്ലിയും തമ്മിലുള്ള പോരാട്ടമെന്ന പ്രത്യേകതയും ഉദ്ഘാടന മത്സരത്തിനുണ്ട്.

Tags:    
News Summary - GT Coach Ashish Nehra On Hardik Pandya Returning To MI Before IPL 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.