"മലപോലെ വന്നത് എലി പോലെയായി"; 'ബാസ്ബാൾ' വെല്ലുവിളി അതിജയിച്ച ആദ്യ നായകനായി രോഹിത് ശർമ

അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിൽ ഒരണ്ണം ബാക്കി നിൽക്കെയാണ് ഇംഗ്ലണ്ടിനെതിരായ പരമ്പര ഇന്ത്യ റാഞ്ചിയിൽ സ്വന്തമാക്കുന്നത്. ആതിഥേയരുടെ ഒരു പരമ്പര വിജയം എന്നതിനപ്പുറത്ത് ആഘോഷിക്കാവുന്ന ചില ചരിത്രനേട്ടങ്ങളുമുണ്ട് ഈ പരമ്പരക്ക്.

ടെസ്റ്റ് ക്രിക്കറ്റിന് തീരെ പരിചിതമല്ലാത്ത രീതിയിൽ കുറഞ്ഞ പന്തിൽ നിന്ന് കൂടുതൽ റൺസ് അടിച്ചെടുക്കുന്ന 'ബാസ്ബാൾ' എന്ന് പേരിട്ട ശൈലി പിന്തുടർന്നതിൽ പിന്നെ ഇംഗ്ലണ്ടിന് നഷ്ടപ്പെടുന്ന ആദ്യ പരമ്പരയാണിത്. ബ്രണ്ടൻ മക്കല്ലം എന്ന ന്യൂസിലാൻഡ് താരം ഇംഗ്ലണ്ട് പരിശീലകനായി ചുമതലയേറ്റതിൽ പിന്നെ നടപ്പാക്കി വിജയക്കൊടി പാറിച്ച 'ബാസ്ബോൾ' തന്ത്രത്തിന് ആദ്യമായി ചുവട് പിഴച്ചതും ഇപ്പോഴാണ്. മാത്രമല്ല, ഇംഗ്ലണ്ട് ക്യാപ്റ്റൻ എന്ന നിലയിൽ ബെൻ സ്റ്റോക്‌സിന്റെ ആദ്യ ടെസ്റ്റ് പരമ്പര നഷ്ടമാണിത്. തുടർച്ചയായ ഏഴ് പരമ്പരക്ക് ശേഷമാണ് ഒരു പരമ്പര ഇംഗ്ലണ്ട് കൈവിടുന്നത്. ഇതോടെ ബെൻ സ്റ്റോക്സിനെയും ബാസ്ബാളിനെയും ജയിക്കുന്ന ആദ്യ ക്യാപ്റ്റനാവുകായണ് ഇന്ത്യൻ നായകൻ രോഹിത് ശർമ.

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ഇംഗ്ലണ്ട് ജയിച്ചതോടെ ബാസ്ബാൾ തന്ത്രങ്ങളുടെ വാഴ്ത്തുപാട്ടുകളായിരുന്നു ഇന്ത്യൻ ടീമിനെ അലട്ടിയിരുന്നത്. എന്നാൽ പിന്നീട് കണ്ടത് ഇന്ത്യൻ തോരോട്ടമായിരുന്നു. സ്റ്റാർ ബാറ്റർ വിരാട് കോഹ്ലി, കെ.എൽ.രാഹുൽ ഉൾപ്പെടെയുള്ള സീനിയർ താരങ്ങളില്ലാതെ താരതമ്യേന പരിചയ സമ്പന്നരല്ലാത്ത താരനിരയുമായി ഇറങ്ങിയ ഇന്ത്യ വിശാഖപ്പട്ടണത്തും രാജ്കോട്ടിലും ഇന്നിപ്പോൾ റാഞ്ചിയിലും ഇംഗ്ലണ്ടിനെ തകർത്തെറിയുകയായിരുന്നു. ധർമശാലയിൽ ഒരു മത്സരം ബാക്കി നിൽക്കെ തന്നെ 3-1 ന് ഇന്ത്യ പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ടിനെ ഞെട്ടിച്ചു.

12 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടുമൊരു പരമ്പര നേട്ടമെന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെത്തിയ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകൾ തകർത്തത് യുവതാരനിരയാണ്. യശസ്വി ജയ്സ്വാൾ, ശുഭ്മാൻ ഗിൽ, ധ്രുവ് ജുറൽ, സർഫറാസ് ഖാൻ, ആകാശ് ദീപ് തുടങ്ങിയ യുവരക്തങ്ങൾ നിറഞ്ഞാടിയ ഒരു പരമ്പര കൂടിയാണ്. നായകൻ രോഹിത് ശർമയും,സ്റ്റാർ പേസർ ജസ്പ്രീത് ബുംറയും ആൾറൗണ്ടർമാരായ രവീന്ദ്രജദേജയും രവിചന്ദ്ര അശ്വിനും മുന്നിൽ നയിച്ചപ്പോൾ മലപോലെ വന്നവർ എലി പോലെയായി.

ഈ ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുള്ള താരമാണ് യശസ്വി ജയ്‌സ്വാൾ. രണ്ട് ഇരട്ട സെഞ്ച്വറികൾ ഉൾപ്പെടെ നാല് മത്സരങ്ങളിൽ നിന്ന് 655 റൺസാണ് ഇന്ത്യൻ ഓപണർ അടിച്ചെടുത്തത്. ഇംഗ്ലണ്ടിനെതിരായ ഒരു ടെസ്റ്റ് പരമ്പരയിലെ ഏറ്റവും കൂടുതൽ റൺസ് എന്ന നേട്ടത്തിൽ കോഹ്‌ലിക്കൊപ്പം എത്തി നിൽക്കുയാണ് ജയ്സ്വാൾ.

റാഞ്ചിയിലെ വിജയക്കൊടി

നാലാംദിനം അനായാസ ജയം പ്രതീക്ഷിച്ചിറങ്ങിയ ഇന്ത്യയെ റാഞ്ചിയിലെ കുത്തിത്തിരിയുന്ന പിച്ചിൽ ഇംഗ്ലീഷ് ബൗളർമാർ വട്ടംകറക്കിയെങ്കിലും ശുഭ്മൻ ഗില്ലിന്‍റെയും ധ്രുവ് ജുറെലിന്‍റെയും ചെറുത്തുനിൽപ്പാണ് രക്ഷിച്ചത്.

അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ലക്ഷ്യത്തിലെത്തിയത്. ഒരു ടെസ്റ്റ് മത്സരം ബാക്കി നിൽക്കെ പരമ്പരയും ഇന്ത്യ സ്വന്തമാക്കി. സ്കോർ: ഇംഗ്ലണ്ട് -353, 145. ഇന്ത്യ- 307, അഞ്ചിന് 192. 124 പന്തിൽ 52 റൺസെടുത്ത് ഗില്ലും 77 പന്തിൽ 39 റൺസുമായി ജുറെലും പുറത്താകാതെ നിന്നു. ഇരുവരും ആറാം വിക്കറ്റിൽ നേടിയ 72 റൺസ് കൂട്ടുകെട്ടാണ് ഇന്ത്യൻ വിജയത്തിന്‍റെ അടിത്തറ. നായകൻ രോഹിത് ശർമയും അർധ സെഞ്ച്വറി നേടി.

നാലാം ദിനം വിക്കറ്റ് നഷ്ടം കൂടാതെ 40 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ ഇംഗ്ലീഷ് ബൗളർമാരുടെ കുത്തിത്തിരിയുന്ന പന്തിൽ റണ്ണെടുക്കാൻ ഏറെ ബുദ്ധിമുട്ടി. ഓപ്പണർ യശസ്വി ജയ്സ്വാളിന്റെ വിക്കറ്റാണ് ആദ്യം ‌നഷ്ടമായത്. 37 റൺസെടുത്ത താരം ജോ റൂട്ടിന്റെ പന്തിൽ ജെയിംസ് ആൻഡേഴ്സണ് ക്യാച്ച് നൽകിയാണ് മടങ്ങിയത്. അർധ സെഞ്ച്വറി നേടിയതിനു പിന്നാലെ നായകൻ രോഹിത് ഷർമയും മടങ്ങി. ടോം ഹാർട്ലിയുടെ പന്തിൽ വിക്കറ്റ് കീപ്പർ ബെൻ ഫോക്സ് സ്റ്റംപ് ചെയ്താണ് താരത്തെ പുറത്താക്കിയത്. 81 പന്തിൽ അഞ്ചു ഫോറും ഒരു സിക്സും ഉൾപ്പെടെ 55 റൺസ് നേടിയാണ് രോഹിത് മടങ്ങിയത്.

ഒന്നാം വിക്കറ്റിൽ ഇരുവരും 84 റൺസാണ് കൂട്ടിചേർത്തത്. നാലാമനായിറങ്ങിയ രജത് പാട്ടിദാർ വീണ്ടും നിരാശപ്പെടുത്തി. ആറു പന്തു നേരിട്ട താരം റണ്ണൊന്നുമെടുക്കാതെ ഒലി പോപ്പിന് ക്യാച്ച് നൽകി പുറത്തായി.

പിന്നാലെ ക്രീസിലെത്തിയ രവീന്ദ്ര ജദേജക്കും (33 പന്തിൽ നാല്) പിടിച്ചുനിൽക്കാനായില്ല. നേരിട്ട ആദ്യ പന്തിൽ തന്നെ സർഫറാസ് ഖാനും പുറത്ത്. ബഷീറിനാണ് രണ്ടു വിക്കറ്റുകളും. 120 റൺസെടുക്കുന്നതിനിടെ ഇന്ത്യക്ക് അഞ്ചു വിക്കറ്റുകൾ നഷ്ടം. തുടർന്നായിരുന്നു ഗില്ലിന്‍റെയും ജുറെലിന്‍റെയും രക്ഷാപ്രവർത്തനം. ഇംഗ്ലണ്ടിനായി ശുഐബ് ബഷീർ മൂന്നു വിക്കറ്റ് നേടി. ജോ റൂട്ട്, ഹാർട്ലി എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

കുത്തിത്തിരിയുന്ന പിച്ചിൽ ഫാസ്റ്റ് ബൗളർമാരെ അരികിൽ നിർത്തി ഇന്ത്യൻ സ്പിന്നർമാർ കളിയേറ്റെടുത്ത മൂന്നാം ദിനത്തിൽ ഇംഗ്ലീഷ് ബാറ്റിങ് അതിവേഗം തകർന്നടിയുകയായിരുന്നു. ടെസ്റ്റിൽ 500 തികച്ച ആഘോഷമൊടുങ്ങുംമുമ്പ് വീണ്ടും സംഹാരരൂപിയായി മാറിയ അശ്വിനും കൂട്ടുനൽകി കുൽദീപ് യാദവും ഉറഞ്ഞുതുള്ളിയപ്പോൾ ഇംഗ്ലീഷ് സംഘം രണ്ടാം ഇന്നിങ്സ് 145ൽ അവസാനിപ്പിച്ചു മടങ്ങി. അഞ്ചു വിക്കറ്റിന് 120 എന്ന നിലയിൽ ചായക്കുശേഷം ബാറ്റിങ് തുടർന്ന ഇംഗ്ലീഷ് തകർച്ച അതിവേഗത്തിലായിരുന്നു.

നേരത്തേ ഓപണർ സാക് ക്രോളിയെയും ബെൻ സ്റ്റോക്സിനെയും മടക്കിയ കുൽദീപ് ടോം ഹാർട്ട്‍ലിയെ ഏഴു റൺസിലും ഓലി റോബിൻസണിനെ പൂജ്യനായും തിരികെ പവിലിയനിലെത്തിച്ചു. ആദ്യ സെഷനിൽ അത്യാവേശത്തോടെ പന്തെറിഞ്ഞ അശ്വിൻ തുടരെ വിക്കറ്റുകൾ പിഴുത് കരിയറിലെ 35ാം അഞ്ചു വിക്കറ്റും തികച്ചു. ഇംഗ്ലണ്ടിനെതിരെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടയായിരുന്നു കുൽദീപിന്- 22 റൺസിന് നാലു വിക്കറ്റ്.

നേരത്തേ ഇംഗ്ലീഷ് ബൗളർമാരെ വീരോചിതം നേരിട്ട യുവതാരം ധ്രുവ് ജുറെലിന്റെ കരുത്തിൽ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ അടിച്ചെടുത്തത് 307 റൺസ്. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ 353 റൺസെടുത്തിരുന്നു. 149 പന്തിൽ 90 റൺസെടുത്ത ജുറെൽ പത്താമനായാണ് പുറത്താകുന്നത്. നാലു സിക്സും ആറു ഫോറുമടങ്ങുന്നതായിരുന്നു ഇന്നിങ്സ്. മൂന്നാം ദിനം ഏഴിന് 219 എന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് തുടങ്ങിയത്. ജുറെലിന്‍റെ ബാറ്റിങ്ങാണ് ഇന്ത്യൻ സ്കോർ 300 കടത്തിയത്.






Tags:    
News Summary - Gritty India kill Bazball hype, hand Ben Stokes first Test series defeat as captain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.