ബുംറക്ക് നാല് വിക്കറ്റ്; അഫ്ഗാനെതിരെ ഇന്ത്യക്ക് 273 റൺസ് വിജയലക്ഷ്യം

ന്യൂഡൽഹി: ലോകകപ്പിൽ ഇന്ത്യക്കെതിരെ അഫ്ഗാനിസ്താന് മികച്ച സ്കോർ. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത അഫ്ഗാൻ നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 272 റൺസാണ് അടിച്ചെടുത്തത്. തകർപ്പൻ അർധ സെഞ്ച്വറികളുമായി ഹഷ്മത്തുല്ല ഷാഹിദിയും അസ്മത്തുല്ല ഒമർസായിയും ഒന്നിച്ചപ്പോൾ ഒരുഘട്ടത്തിൽ അവർ 300 കടക്കുമെന്ന് തോന്നിച്ചെങ്കിലും നാല് വിക്കറ്റ് നേടിയ പേസർ ജസ്പ്രീത് ബുംറയുടെ പ്രകടനം ഇന്ത്യക്ക് തുണയാവുകയായിരുന്നു. ഇരുവരും പുറത്തായ ശേഷം മറ്റാർക്കും കാര്യമായ സംഭാവന നൽകാനായില്ല.

ഹഷ്മത്തുല്ല 88 പന്തിൽ 80 റൺസെടുത്ത് കുൽദീപ് യാദവിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങിയപ്പോൾ 69 പന്തിൽ 62 റൺസെടുത്ത ഒമർസായിയെ ഹാർദിക് പാണ്ഡ്യ ബൗൾഡാക്കുകയായിരുന്നു. 128 പന്തിൽ 121 റൺസാണ് ഇരുവരും ചേർന്ന സഖ്യം അഫ്ഗാൻ സ്കോർബോർഡിൽ കൂട്ടിച്ചേർത്തത്. റഹ്മാനുല്ല ഗുർബാസ് (21), ഇബ്രാഹിം സദ്റാൻ (22), റഹ്മത്ത് ഷാ (16), മുഹമ്മദ് നബി (19), നജീബുല്ല സദ്റാൻ (2), റാഷിദ് ഖാൻ (12), മുജീബുർ റഹ്മാൻ (പുറത്താകാതെ 10), നവീനുൽ ഹഖ് (പുറത്താകാതെ 9) എന്നിങ്ങനെയായിരുന്നു മറ്റു ബാറ്റർമാരുടെ സംഭാവന.

ഇന്ത്യക്കായി ബുംറ പത്തോവറിൽ 39 റൺസ് മാത്രം വഴങ്ങിയാണ് നാലുപേരെ മടക്കിയത്. ഹാർദിക് പാണ്ഡ്യ രണ്ടും ഷാർദുൽ ഠാക്കൂർ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. പേസർ മുഹമ്മദ് സിറാജാണ് ഇന്ത്യൻ നിരയിൽ ഏറെ തല്ലുവാങ്ങിയത്. ഒമ്പതോവറിൽ 76 റൺസാണ് താരം വഴങ്ങിയത്. വിക്കറ്റൊന്നും ലഭിച്ചതുമില്ല.

ആസ്ട്രേലിയക്കെതിരെ ചെന്നൈയില്‍ ആദ്യ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങിയത്. സ്പിന്നര്‍ രവിചന്ദ്രൻ അശ്വിന് പകരം പേസര്‍ ഷാര്‍ദുല്‍ ഠാക്കൂര്‍ ഇടം നേടി. അതേസമയം, ബംഗ്ലാദേശിനോട് തോറ്റ ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് അഫ്ഗാനിസ്ഥാന്‍ ഇറങ്ങിയത്.

Tags:    
News Summary - Four wickets for Bumrah; India set a target of 273 runs against Afghanistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.