'മിസ്റ്റർ തെണ്ടുൽക്കർ...നിങ്ങൾക്ക് കഴിയുമെങ്കിൽ എന്നെ സഹായിക്കാമോ?'; അഭ്യർഥനയുമായി മുൻ വിൻഡീസ് താരം

വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഏറെ നാളായി വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. കാര്യങ്ങൾ അൽപ്പം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും, സാമ്പത്തിക സ്ഥിരത കൈവരിക്കാനാകാത്തതാണ് ക്രിക്കറ്റിനെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനുള്ള പ്രധാന വെല്ലുവിളി.

ഫണ്ടിന്റെയും അടിസ്ഥാന സൗകര്യങ്ങളുടെയും അഭാവം കരീബിയൻ ദ്വീപിലെ ക്രിക്കറ്റിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. താഴെക്കിടയിൽ വരെ ഇതുപ്രകടമാണ്. ഇതിനിടെയാണ് ദ്വീപ് രാജ്യത്തെ ക്രിക്കറ്റ് പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിന് വെസ്റ്റിൻഡീസ് മുൻ ബൗളർ വിൻസ്റ്റൻ ബെഞ്ചമിൻ ക്രിക്കറ്റ് ഇതിഹാസം സചിൻ തെണ്ടുൽക്കറോട് സഹായം അഭ്യർഥിച്ചിരിക്കുന്നത്.

സഹായം പണമായിട്ടുവേണ്ട, ക്രിക്കറ്റ് ബാറ്റുകളോ മറ്റ് ഉപകരണങ്ങളോ മതിയെന്നും താരം പറയുന്നു. 'മുമ്പ്, ഞങ്ങൾ ഷാർജയിൽ ഒരു ടൂർണമെന്റ് നടത്താറുണ്ടായിരുന്നു, വിവിധ രാജ്യങ്ങളിൽനിന്നുള്ള കളിക്കാർക്ക് അതിന്‍റെ ഗുണം ലഭിക്കും. എനിക്കൊന്നും വേണ്ട. 10-15 ബാറ്റുകൾ, മറ്റു ക്രിക്കറ്റ് ഉപകരണങ്ങൾ മതി, എനിക്ക് അതു മാത്രം മതി. എനിക്ക് 20000 യു.എസ് ഡോളർ വേണ്ട. ചെറുപ്പക്കാർക്ക് കൊടുക്കാൻ കുറച്ച് ക്രിക്കറ്റ് ഉപകരണങ്ങൾ വേണം. അതാണ് ഞാൻ ചോദിക്കുന്നത്' -യൂട്യൂബ് ചാനൽ പുറത്തുവിട്ട വിഡിയോയിൽ ബെഞ്ചമിൻ പറയുന്നു.

വിൻഡീസിനുവേണ്ടി 1986 മുതൽ 1995 വരെയുള്ള കാലയളവിൽ 21 ടെസ്റ്റ് മത്സരങ്ങളും 85 ഏകദിന മത്സരങ്ങളും ബെഞ്ചമിൻ കളിച്ചിട്ടുണ്ട്. 'മിസ്റ്റർ തെണ്ടുൽക്കർ... താങ്കൾക്ക് കഴിയുമെങ്കിൽ എന്നെ സഹായിക്കാമോ?' ഫോൺ നമ്പർ ഉൾപ്പെടെ പങ്കുവെച്ച് താരം ചോദിക്കുന്നു. കൂടാതെ, മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീന്റെ സഹായത്തിന് താരം നന്ദി രേഖപ്പെടുത്തി.

'എന്റെ നല്ല സുഹൃത്തായ മുഹമ്മദ് അസ്ഹറുദ്ദീന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. അവൻ എനിക്ക് കുറച്ച് ഉപകരണങ്ങൾ അയച്ചുതന്നു. അസ്ഹർ, അഭിനന്ദനങ്ങൾ! ഒപ്പം ആ സഹായത്തിന് വളരെ നന്ദി. സമ്പർക്കം പുലർത്തുക. സംഭാവന നൽകാൻ ആഗ്രഹിക്കുന്നവർ മടിക്കേണ്ടതില്ല' -മുൻ വിൻഡീസ് ക്രിക്കറ്റ് താരം കൂട്ടിച്ചേർത്തു.

Tags:    
News Summary - Former West Indies Cricketer Asks Sachin Tendulkar For Help

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.