ചെപ്പോക്കിൽ സഞ്ജുവിനായി ആർത്തുവിളിച്ച് കാണികൾ

ചെന്നൈ: ഇന്ത്യ എ ടീമിന്റെ നായകനായി എത്തിയ മലയാളി താരം സഞ്ജു സാംസണ് ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ കാണികളുടെ വൻ വരവേൽപ്പ്. ബാറ്റിങ്ങിനായി ക്രീസിലെത്തുമ്പോൾ കൈയടിച്ചും ആർത്തുവിളിച്ചും അവർ അയൽനാട്ടുകാരനോടുള്ള ഇഷ്ടം പ്രകടമാക്കി​. കാണിക​ളെ സഞ്ജുവും നിരാശനാക്കിയില്ല. ടീമിനെ മുന്നിൽനിന്ന് നയിച്ച താരം 32 പന്തിൽ ഒരു ഫോറും മൂന്ന് കൂറ്റൻ സിക്സറുകളുമടക്കം പുറത്താകാതെ 29 റൺസെടുത്തു. ലോങ് ഓണിനുമുകളിലൂടെ സിക്സർ പറത്തിയാണ് നായകൻ ടീമിന്റെ വിജയറൺ കുറിച്ചത്. മലയാളി താരത്തിന്റെ ബാറ്റിൽനിന്ന് റൺസ് പിറക്കുമ്പോഴെല്ലാം കാണികൾ ആവേശം കൊണ്ടു. വിക്കറ്റിനു പിന്നിൽ രണ്ട് ക്യാച്ചുകളെടുത്തും സഞ്ജു തിളങ്ങി.

ന്യൂസിലാൻഡ് എ ടീമിനെതിരായ മത്സരത്തിൽ ഏഴു വിക്കറ്റിനാണ് ഇന്ത്യൻ ടീം ജയിച്ചുകയറിയത്. ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ സന്ദർശകർ 40.2 ഓവറിൽ 167 റൺസിന് പുറത്തായപ്പോൾ 109 പന്ത് ബാക്കിയിരിക്കെ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തിലാണ് ഇന്ത്യ എ ലക്ഷ്യം കണ്ടത്. രജത് പാട്ടീദാർ 41 പന്തിൽ ഏഴു ​ഫോറടക്കം 45 റൺസെടുത്ത് സഞ്ജുവിനൊപ്പം അഭേദ്യനായി നിലയുറപ്പിച്ചു. പൃഥ്വി ഷാ (24 പന്തിൽ 17), ഋതുരാജ് ഗെയ്ക്ക്‍വാദ് (54 പന്തിൽ 41), രാഹുൽ ത്രിപാദി (40 പന്തിൽ 31) എന്നിവരാണ് പുറത്തായ ബാറ്റ്സ്മാന്മാർ.

നേരത്തെ, 8.2 ഓവറിൽ 32 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ഷാർദുൽ താക്കൂറും ഏഴോവറിൽ 30 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത കുൽദീപ് സെന്നുമാണ് കിവികളുടെ നടുവൊടിച്ചത്. കുൽദീപ് യാദവ് ഒരു വിക്കറ്റ് വീഴ്ത്തി. ഏ​ഴോവർ പന്തെറിഞ്ഞ് 27 റൺസ് മാത്രം വഴങ്ങിയ അതിവേഗ ബൗളർ ഉമ്രാൻ മാലികിന് വിക്കറ്റൊന്നും ലഭിച്ചില്ല.

തുടക്കത്തിൽ തുരുതുരാ വിക്കറ്റുകൾ വീണപ്പോൾ ഒരു ഘട്ടത്തിൽ എട്ടിന് 84 റൺസെന്ന നിലയിലായിരുന്നു ന്യൂസിലൻഡ് എ. പിന്നീട് എട്ടാമനായി ക്രീസിലെത്തിയ മൈക്കൽ റിപ്പൺ (104 പന്തിൽ നാലു ​ഫോറടക്കം 61) നടത്തിയ ചെറുത്തു നിൽപാണ് സ്കോർ 167ലെത്തിച്ചത്.

Tags:    
News Summary - Fans' cheer for Sanju in Chepok

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.