ലണ്ടൻ: 40 ദിവസം മുമ്പ് ആരംഭിച്ച ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര അവസാനത്തിലെത്തുമ്പോൾ ഇരു ഭാഗത്തും താരങ്ങൾ ക്ഷീണിതരാണ്. ഇടക്കിടെയുണ്ടായ വാചകക്കസർത്തുകളും തർക്കങ്ങളും അനിഷ്ടസംഭവങ്ങളുമെല്ലാം പരമ്പരനേട്ടം അഭിമാനപ്രശ്നംകൂടിയാക്കിയിട്ടുണ്ട്. ഓവലിൽ വ്യാഴാഴ്ച തുടങ്ങുന്ന ടെസ്റ്റിൽ ജയിക്കുകയല്ലാതെ ശുഭ്മൻ ഗില്ലിനും സംഘത്തിനും മുന്നിൽ പോംവഴിയില്ല. ഒന്നും മൂന്നും മത്സരങ്ങൾ നേടി ആതിഥേയർ പരമ്പരയിൽ 2-1ന് മുന്നിലാണ്. രണ്ടാം ടെസ്റ്റിൽ ഗംഭീര ജയം സ്വന്തമാക്കിയ ഇന്ത്യക്ക് നാലാം മത്സരം സമനിലയിൽ പിടിക്കാൻ കഴിഞ്ഞത് മിച്ചം. അഞ്ചാം ടെസ്റ്റിൽ ജയിച്ചാൽ ആൻഡേഴ്സൻ-ടെണ്ടുൽകർ ട്രോഫി പരമ്പര 2-2ന് സമനിലയിലാക്കി സന്ദർശകർക്ക് തലയുയർത്തി മടങ്ങാം. മറിച്ചൊരു ഫലമാണെങ്കിൽ ഇംഗ്ലീഷ് വാഴ്ച തുടരും.
ഏകപക്ഷീയമായിരുന്നില്ല നാല് മത്സരങ്ങളും. ആദ്യത്തെയും മൂന്നാമത്തെയും കളികളിൽ മേൽക്കൈ നേടിയിടത്തുനിന്നാണ് ഇന്ത്യ കൈവിട്ടത്. ആകെ പ്രകടനം വെച്ച് നോക്കുമ്പോൾ നേരിയ മുൻതൂക്കം ഇന്ത്യക്കുണ്ട്. പക്ഷേ, ജയത്തിനരികിൽ കാലിടറുകയായിരുന്നു. നാലാം ടെസ്റ്റിൽ ഇംഗ്ലണ്ട് ജയത്തിലേക്ക് നീങ്ങവെ പോരാടി നേടിയെടുത്ത സമനിലയാണ് ഇന്ന് ആരംഭിക്കുന്ന കളിയിൽ ഇന്ത്യയുടെ ആത്മവിശ്വാസം കൂട്ടുന്നത്. പേസർമാരായ ബെൻ സ്റ്റോക്സും ജോഫ്ര ആർച്ചറും ആതിഥേയ നിരയിലില്ലാത്തതും ആശ്വാസമാണ്.
ഇന്ത്യയുടെ പ്ലേയിങ് ഇലവന്റെ കാര്യത്തിൽ പതിവുപോലെ ചില അവ്യക്തതകൾ നിലനിൽക്കുന്നു. പ്രഥമ വിഷയം സ്റ്റാർ പേസർ ജസ്പ്രീത് ബുംറയുടെ സാന്നിധ്യമുണ്ടാവുമോയെന്നതുതന്നെ. പരമ്പരയിലെ മൂന്ന് ടെസ്റ്റുകളിൽ മാത്രം ബുംറയെ കളിപ്പിക്കാനായിരുന്നു തീരുമാനം. ആ േക്വാട്ട ഇതിനകം പൂർത്തിയായി. അഞ്ചാം മത്സരം അതി നിർണായകമായതും നാലാം ടെസ്റ്റിൽ ഒരു ഇന്നിങ്സിൽ മാത്രം ബൗൾ ചെയ്യേണ്ടിവന്നുള്ളൂവെന്നതും ബുംറയുടെ കാര്യത്തിൽ പുനർവിചിന്തനത്തിന് ടീം മാനേജ്മെന്റിനെ പ്രേരിപ്പിച്ചിരുന്നു.
പരിക്ക് കാരണം ഓൾഡ് ട്രോഫോർഡ് ടെസ്റ്റിൽനിന്ന് വിട്ടുനിന്ന പേസർമാരായ ആകാശ് ദീപും അർഷ്ദീപ് സിങ്ങും ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്. ബുംറ കളിച്ചില്ലെങ്കിൽ ആകാശ് തിരിച്ചെത്തും. ബുംറയെ ഇറക്കി മുഹമ്മദ് സിറാജിന് വിശ്രമം നൽകിയാലും ആകാശിന് വഴി തെളിയും. ടീമിലേക്ക് വിളിച്ച ഉടൻ അവസരം ലഭിച്ചിട്ടും തിളങ്ങാനാവാതെ പോയ അൻഷുൽ കംബോജിനെ പിൻവലിച്ചാൽ അർഷ്ദീപിന് ടെസ്റ്റ് അരങ്ങേറ്റമൊരുങ്ങും.
നാലാം പേസർ വേണ്ടെന്നാണ് തീരുമാനമെങ്കിൽ ഓൾ റൗണ്ടർ ഷാർദുൽ താക്കൂർ ബെഞ്ചിലിരിക്കും. ഓവൽ പിച്ചിന്റെ സവിശേഷ സ്വഭാവം കണക്കിലെടുത്ത് സ്പിന്നർ കുൽദീപ് യാദവിനെ പരീക്ഷിക്കാനുള്ള ചർച്ചകളും നടക്കുന്നുണ്ട്. പരിക്കേറ്റ് പുറത്തായ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന് ധ്രുവ് ജുറൽ തന്നെ പകരക്കാരനാവും. ബാറ്റിങ് നിരയിൽനിന്ന് കരുൺ നായരെ മാറ്റി സായ് സുദർശനെയാണ് കഴിഞ്ഞ കളിയിൽ ഇറക്കിയത്. അഭിമന്യൂ ഈശ്വരൻ അവസരം കാത്തിരിക്കുന്നുമുണ്ട്.
ഇന്ത്യൻ ടീം ഇവരിൽനിന്ന്: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, കെ.എൽ. രാഹുൽ, സായ് സുദർശൻ, അഭിമന്യു ഈശ്വരൻ, കരുൺ നായർ, രവീന്ദ്ര ജദജ, ധ്രുവ് ജുറൽ, വാഷിങ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, അർഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, അൻഷുൽ കംബോജ്, എൻ. ജഗദീശൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.