‘ഈ രീതിയിൽ കളി ജയിക്കാൻ ആഗ്രഹിക്കുന്നില്ല’; ബെയര്‍‌സ്റ്റോയുടെ വിവാദ റണ്ണൗട്ടിൽ പ്രതികരണവുമായി ഇംഗ്ലണ്ട് ക്യാപ്റ്റൻ

ലണ്ടന്‍: ആഷസ് പരമ്പരയിലെ അവസാന ദിനം ജോണി ബെയര്‍‌സ്റ്റോയുടെ വിവാദ റണ്ണൗട്ടിൽ പ്രതികരണവുമായി ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്. ഈ രീതിയിൽ കളി ജയിക്കാൻ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആസ്ട്രേലിയൻ ടീമിന്റെ നടപടി ക്രിക്കറ്റിന്റെ മാന്യതക്ക് നിരക്കാത്തതാണെന്ന അഭിപ്രായവുമായി മുൻ താരങ്ങളടക്കം നിരവധി പേർ സമൂഹ മാധ്യമങ്ങളിൽ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ, ബെയർസ്റ്റോയുടെ അശ്രദ്ധക്കും വിമർശനമേറെയാണ്.

അഞ്ചാം ദിവസത്തെ ആദ്യ സെഷനിൽ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റിന് 193 റണ്‍സില്‍ നില്‍ക്കെയാണ് വിവാദ പുറത്താകല്‍. 52ാം ഓവറിന്റെ അവസാന പന്തിലായിരുന്നു ബെയ്ര്‍‌സ്റ്റോയുടെ അബദ്ധം. കാമറൂണ്‍ ഗ്രീനിന്റെ ഷോട്ട്‌ബാള്‍ ഒഴിഞ്ഞുമാറിയ ശേഷം ഡെഡ്​ബാളാണെന്ന് കരുതി നോണ്‍ സ്‌ട്രൈക്കിങ് എന്‍ഡിലുള്ള ബെന്‍ സ്റ്റോക്‌സിനോട് സംസാരിക്കാന്‍ പോയ ബെര്‍‌സ്റ്റോയുടെ സ്റ്റമ്പ് വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരി എറിഞ്ഞിട്ടു. ഇതോടെ ഓസീസ് താരങ്ങൾ ആഘോഷം തുടങ്ങുകയും ചെയ്തു. വിശ്വസിക്കാനാവാതെ ക്രീസിൽനിന്ന ബെയർസ്റ്റോ മൂന്നാം അമ്പയറുടെ തീരുമാനത്തില്‍ പുറത്താവുകയും ചെയ്തു. ആസ്‌ട്രേലിയന്‍ ടീമാകട്ടെ ബെയ്ര്‍‌സ്റ്റോയെ തിരിച്ചുവിളിക്കാന്‍ തയാറായതുമില്ല. പിന്നാലെ ക്രീസിലെത്തിയ സ്റ്റുവര്‍ട്ട് ബ്രോഡ് ഓസീസ് താരങ്ങളോട് പലതവണ കയർക്കുന്നത് കാണാമായിരുന്നു.

പുറത്താക്കൽ നിയമപരമാണെന്ന വാദവുമായി ആസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ഔട്ടാക്കലിനെ ന്യായീകരിച്ചു. നേരത്തെ പലതവണ ബെയർസ്റ്റോ ക്രീസിൽനിന്ന് ഇറങ്ങുന്നത് കണ്ടിരുന്നെന്നും അവസരം ലഭിച്ചപ്പോൾ അലക്സ് ക്യാരി ഉപയോഗപ്പെടുത്തുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ആസ്‌ട്രേലിയൻ ടീമിന്റെ നടപടി ക്രിക്കറ്റിന്റെ മര്യാദക്ക് നിരക്കാത്തതാണെന്ന് മുന്‍താരം ബ്രാഡ് ഹോഗും ഇംഗ്ലീഷ് കോച്ച് ബ്രണ്ടൻ മക്കല്ലവും പ്രതികരിച്ചു. എന്നാല്‍, ബെയര്‍‌സ്റ്റോയുടേത് ഉറക്കംതൂങ്ങി ക്രിക്കറ്റെന്നായിരുന്നു കമന്ററി ബോക്‌സിലുണ്ടായിരുന്ന ഇംഗ്ലീഷ് ക്യാപ്റ്റൻ മൈക്കല്‍ ആതേര്‍ട്ടന്റെ പ്രതികരണം. മുന്‍ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനും ബെയ്ര്‍‌സ്റ്റോയെ വിമര്‍ശിച്ചു. മുമ്പ് ഐ.പി.എല്ലില്‍ ജോസ് ബട്‍ലറെ മങ്കാദിങ്ങിലൂടെ പുറത്താക്കി വിവാദത്തിലായ ആര്‍. അശ്വിൻ അലക്സ് ക്യാരി കളിച്ചത് സ്മാർട്ട് ക്രിക്കറ്റാണെന്ന് പറഞ്ഞ് രംഗത്തെത്തി.

രണ്ടാം ടെസ്റ്റില്‍ 43 റണ്‍സിനാണ് ആസ്‌ട്രേലിയ ജയിച്ചത്. 371 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 327ന് പുറത്താവുകയായിരുന്നു. ബെന്‍ സ്റ്റോക്സ് 155ഉം ബെൻ ഡെക്കറ്റ് 83ഉം റൺസെടുത്ത് പൊരുതിയെങ്കിലും മറ്റു ബാറ്റർമാരിൽനിന്ന് കാര്യമായ പിന്തുണ ലഭിച്ചില്ല. പാറ്റ് കമ്മിന്‍സ്, മിച്ചൽ സ്റ്റാർക്, ജോഷ് ഹേസല്‍വുഡ് എന്നിവർ ഓസീസിനായി മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. സ്‌കോര്‍: ആസ്ട്രേലിയ -416 & 279. ഇംഗ്ലണ്ട് 325 & 327. ആദ്യ രണ്ട് മത്സരങ്ങളിലും ജയം നേടിയതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ആസ്ട്രേലിയ 2-0ത്തിന് മുന്നിലെത്തി.

Tags:    
News Summary - 'Don't want to win the game this way'; England captain reacts to Bairstow's controversial run-out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.