ക്രിക്കറ്റ് ആരാധകർ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഐ.സി.സി ചാമ്പ്യൻസ് ട്രോഫി ഫെബ്രുവരി 19ന് തുടങ്ങാനിരിക്കെ പാകിസ്താൻ ടീമിനോട് പ്രത്യേക ആവശ്യവുമായി ആരാധകൻ രംഗത്ത്. ചാമ്പ്യൻസ് ട്രോഫിക് ആതിഥേയത്വം വഹിക്കുന്ന പാകിസ്താനിൽ കളിക്കാൻ വിസമ്മതിച്ച ഇന്ത്യൻ ടീമുമായി യാതൊരു സൗഹൃദവും വേണ്ടെന്ന് നിർദേശിക്കുകയാണ് പ്രമുഖ ഇൻഫ്ലുവൻസറും മാധ്യമപ്രവർത്തകനുമായ ഫരീദ് ഖാൻ.
മത്സരശേഷം വിരാട് കോഹ്‌ലി ഉൾപ്പെടെയുള്ള ഇന്ത്യൻ താരങ്ങളെ ആലിംഗനം ചെയ്യരുതെന്ന് പാകിസ്താൻ ടീമംഗങ്ങളോട് ഫരീദ് ഖാൻ ആവശ്യപ്പെടുന്ന വിഡിയോ ഇതിനകം വൈറലായിട്ടുണ്ട്. സാമൂഹമാധ്യമമായ എക്‌സിലൂടെയാണ് ഫരീദ് വിഡിയോ പങ്കുവെച്ചത്. ചാമ്പ്യൻസ് ട്രോഫിയിലെ ഗ്രൂപ്പ് എ മത്സരത്തിൽ ഇന്ത്യയും പാകിസ്താനും മത്സരിക്കാനിരിക്കെയാണ് ആരാധകൻ ഇത്തരത്തിലുള്ള ആവശ്യം ഉന്നയിക്കുന്നത്.
ആദ്യ മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിനോട് തോൽക്കട്ടെ എന്ന 'ആഗ്രഹവും' ഫരീദ് പങ്കുവെക്കുന്നുണ്ട്. ഫെബ്രുവരി 19ന് ന്യൂസിലാൻഡിനെതിരെയാണ് പാകിസ്താൻറെ ആദ്യ മത്സരം. ഫെബ്രുവരി 23ന് ദുബൈ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഇന്ത്യ-പാകിസ്താൻ മത്സരവുമുണ്ട്. ഇന്ത്യയുടെ എല്ലാ മത്സരങ്ങളുടെയും വേദി ദുബൈ തന്നെയാണ്.
ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയും പാകിസ്താനും നേർക്കുനേർ വന്നത് അഞ്ച് തവണയാണ്. അതിൽ മൂന്നിലും പാകിസ്താനാണ് വിജയിച്ചത്. ഏറ്റവും ഒടുവിൽ ചാമ്പ്യൻസ് ട്രോഫി നടന്ന 2017ൽ ഇന്ത്യയെ തോൽപ്പിച്ചാണ് പാകിസ്താൻ കിരീടം ചൂടിയത്.
മുംബൈ: ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾക്കായി രോഹിത് ശർമ നയിക്കുന്ന ഇന്ത്യൻ ടീം ദുബൈയിലെത്തി. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കാത്തിരുന്ന ആരാധകരുടെ സ്നേഹാഭിവാദ്യങ്ങൾ ഏറ്റുവാങ്ങിയായിരുന്നു താരങ്ങളും കോച്ച് ഗൗതം ഗംഭീറും പുറപ്പെട്ടത്.
ജസ്പ്രീത് ബുംറയില്ലാത്ത ടീമിന് ഫെബ്രുവരി 20ന് ബംഗ്ലദേശുമായാണ് ആദ്യമത്സരം. പാകിസ്താൻ, ന്യുസിലൻഡ് എന്നിവയാണ് മറ്റു എതിരാളികൾ. മാസങ്ങൾക്ക് മുമ്പ് മുംബൈ വാംഖഡെ മൈതാനത്ത് കുട്ടിക്രിക്കറ്റിൽ ലോക കിരീടം മാറോടു ചേർത്ത ടീം ഏറ്റവുമൊടുവിൽ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയും സ്വന്തമാക്കിയാണ് ചാമ്പ്യൻസ് ട്രോഫി കിരീടം തേടിയിറങ്ങുന്നത്. രോഹിത് ശർമയും വിരാട് കോഹ്ലിയും ഫോമിൽ തിരിച്ചെത്തിയതും ഇളമുറക്കാർ കരുത്തുകാട്ടുന്നതും ടീമിന്റെ സ്വപ്നങ്ങൾക്ക് നിറം നൽകുന്നു. കോഹ്ലിക്ക് ഏകദിനത്തിൽ 14,000 റൺസ് എന്ന കടമ്പ കടക്കാൻ 37 റൺസ് കൂടി വേണം. രോഹിതിന് 11,000ലെത്താൻ 12 റൺസും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.