ദിൽഷൻ മധുശങ്ക

അവസാന ഓവറിൽ ഹാട്രിക് മധുരം; സിംബാബ്​‍വെയെ തരിപ്പണമാക്കി ശ്രീലങ്കൻ വിജയം -വിഡിയോ

ഹരാരെ: ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ അവസാന ഓവറിൽ സിംബാബ്​‍വെക്ക് ജയിക്കാൻ വേണ്ടത് വെറും 10 റൺസ്. കൈയിലുള്ളത് അഞ്ച് വിക്കറ്റുകളും. ക്രീസിൽ 92റൺസുമായി സികന്ദർ റാസയും, 42 റൺസുമായി ടോണി മുൻയോങ്കയും. മികച്ച സ്കോറിങ്ങുമായി കുതിച്ച സിംബാബ്​‍വെ മിന്നും ജയം ഉറപ്പിച്ച് അഞ്ചിന് 289 റൺസ് എന്ന നിലയിൽ സ്ട്രൈക്കെടുത്തു.

അവസാന ഓവറിലെ ഭാഗ്യപരീക്ഷണത്തിനായി ബൗളിങ് എൻഡിലെത്തിയത് പേസ് ബൗളർ ദിൽഷൻ മധുശങ്ക. മറുതലക്കൽ സെഞ്ച്വറിയിലേക്ക് കുതിക്കുന്ന പരിചയ സമ്പന്നായ സികന്ദർ റാസ. നിർണായക നിമിഷത്തിൽ ഏത് ബൗളറും പതറുന്ന സാഹചര്യം. ആദ്യ പന്ത് ലോ ഫുൾടോസ് ആയി എറിയാനായിരുന്നു മധുശങ്കയുടെ പ്ലാൻ. മാറി നിന്ന് ബൗണ്ടറിയിലേക്ക് സ്വീപ് ചെയ്യാൻ സികന്ദറും. പക്ഷേ, കുതിച്ചെത്തിയ പന്ത് മിഡിൽ സ്റ്റംമ്പുമായി പറന്നു. അനായാസ ജയത്തിലേക്ക് കുതിച്ച സിംബാബ്​‍വെക് ആദ്യ ഷോക്ക്.

സെഞ്ച്വറി സ്വപ്നം ഉപേക്ഷിച്ച് നിരാശനായി ക്രീസ് വിട്ട സികന്ദറിനു പിന്നാലെ, ബ്രാഡ് ഇവാൻസ്. ഓഫ്സൈഡിന് പുറത്തേക്ക് മധുശങ്കയുടെ അടുത്ത പന്ത്. ഉയർത്തി അടിക്കാനുള്ള ബ്രാഡിന്റെ ശ്രമത്തിൽ പന്ത് കുത്തനെ ഉയർന്ന് ഫെർണാണ്ടോയുടെ കൈകളിൽ ഭദ്രം. ആദ്യ രണ്ടു പന്തിലും വിക്കറ്റ് വീണതോടെ ഹാട്രിക്ക് സാധ്യത തെളിഞ്ഞു. ഒപ്പം മത്സരം പിടിച്ചെടുക്കാനുള്ള അവസരവും.

മൂന്നാം പന്ത് നേരിടാൻ റിച്ചാർ നഗരവ ക്രീസിൽ. എല്ലാം പെട്ടെന്നായിരുന്നു. ഷോർട്പിച്ച് ചെയ്ത് കുതിച്ച പന്ത് രണ്ട് സ്റ്റംമ്പുകളും പിഴുത് വിശ്രമിച്ചു. അവസാന ഓവറിലെ മൂന്ന് പന്തും വിക്കറ്റുകളാക്കി 24കാരനായ പേസ് ബൗളർ ശ്രീലങ്കക്ക് വിജയത്തിലേക്കുള്ള വഴിവെട്ടി. അവസാന ഓവറിൽ 10 റൺസ് മാത്രം വേണ്ടിയിരുന്നു സിംബാബ്​‍വെക്ക് രണ്ട് റൺസ് മാത്രമേ എടുക്കാൻ കഴിഞ്ഞുള്ളൂ. ഏഴ് റൺസിന്റെ ത്രസിപ്പിക്കുന്ന ജയവുമായി ലങ്കക്കാർ പരമ്പരക്ക് തുടക്കം കുറിച്ചു.

ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക പതും നിസ്സങ്ക (76), കുശാൽ മെൻഡിസ് (38), സദീര സമരവിക്രമ (35), ജനിത് ലിയാനഗെ (70നോട്ടൗട്ട്), കമിൻഡു മെൻഡിസ് (57) എന്നിവരുടെ മികവിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 298 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ സിംബാബ്​‍വെയുടെ പോരാട്ടം എട്ടിന് 291ൽ അവസാനിക്കുകയായിരുന്നു. ബെൻ കറൻ (70), സികന്ദർ (92), സീൻ വില്യംസ് (57), ടോണി മുൻയോങ്ക (43 നോട്ടൗട്ട്) എന്നിവരുടെ മികവിൽ പൊരുതിയെങ്കിലും അവസാന ഓവറിലെ മിന്നൽ പ്രകടനത്തിലൂടെ മധുശങ്ക മത്സരം തട്ടിയെടുത്തു.

ശ്രീലങ്കയുടെ ഹാട്രിക് നേട്ടക്കാർ

ശ്രീലങ്കൻ ക്രിക്കറ്റിലെ എട്ടാമത്തെ ഏകദിന ഹാ​ട്രിക് നേട്ടക്കാരനാണ് ദിൽഷൻ മധുശങ്ക. ഇതിഹാസ താരം ചാമിന്ദ വാസ് ആയിരുന്നു ലങ്കക്കായി ഏകദിനത്തിൽ ഹാട്രിക് നേടിയ ആദ്യ ബൗളർ. രണ്ടു തവണ താരം ഹാട്രിക് സ്വന്തമാക്കി. ലസിത് മലിംഗ (മൂന്ന് ഹാട്രിക്), ഫർവീസ് മഹ്റൂഫ് (ഒരു തവണ), തിസാര പെരേര (ഒന്ന്), വാനിഡു ഹസരങ്ക (ഒന്ന്), ഷെഹാൻ മധുശങ്ക (ഒന്ന്), മഹീസ് തീക്ഷ്ണ (ഒന്ന്), ദിൽഷൻ മധുശങ്ക (ഒന്ന്) എന്നിവരാണ് ഹാട്രിക് നേട്ടക്കാർ.

Tags:    
News Summary - Dilshan Madushanka takes stunning last over hat trick to guide Sri Lanka home in 1st ODI vs Zimbabwe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.