രോഹിത്തിനെ മാറ്റിയതിനു പിന്നാലെ സചിൻ മുംബൈ ഇന്ത്യൻസിന്‍റെ മെന്‍റർ പദവി ഒഴിഞ്ഞോ?

മുംബൈ: ഐ.പി.എൽ 2024 സീസൺ മിനി ലേലത്തിനു മുന്നോടിയായാണ് രോഹിത് ശർമയെ മാറ്റി മുംബൈ ഇന്ത്യൻസ് ഹാർദിക് പാണ്ഡ്യയെ ടീമിന്‍റെ ക്യാപ്റ്റനാക്കിയത്. മാനേജ്മെന്‍റ് നടപടി വലിയ ആരാധക രോഷത്തിനിടയാക്കി. ടീമിന്‍റെ ജഴ്സിയും തൊപ്പിയും കത്തിച്ചാണ് അവർ പ്രതിഷേധം രേഖപ്പെടുത്തിയത്.

ടീമിന്‍റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ വ്യാപക കൊഴിഞ്ഞുപോക്കും നടക്കുന്നുണ്ട്. ഇതിനിടെയാണ് ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കറും മുംബൈ ഇന്ത്യൻസുമായുള്ള ബന്ധം ഉപേ‍ക്ഷിച്ചെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരന്നത്. രോഹിത്തിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നു മാറ്റിയതിനു പിന്നാലെ സചിൻ മുംബൈയുടെ മെന്റർ സ്ഥാനം ഒഴിഞ്ഞെന്നാണ് സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചരണം നടക്കുന്നത്.

എന്നാൽ സത്യം ഇതല്ല, സചിൻ വരും സീസണിലും മുംബൈ ഇന്ത്യൻസിന്റെ മെന്റർ സ്ഥാനത്തുണ്ടാകും. രോഹിത്തിനു പകരം ഹാർദിക്കിനെ ക്യാപ്റ്റനാക്കുന്നതിനെയും അദ്ദേഹത്തെ ടീമിലെടുക്കുന്നതിനെയും സചിൻ അനുകൂലിച്ചില്ലെന്നാണ് പലരും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ഐ.പി.എല്ലിന്റെ പ്രാരംഭ എഡിഷൻ മുതൽ സചിൻ മുംബൈക്കൊപ്പമുണ്ട്. 2011-2012 കാലയളവിൽ മുംബൈയുടെ ക്യാപ്റ്റനായിരുന്നു. 2012ൽ നായക സ്ഥാനം ഒഴിഞ്ഞ താരം, രണ്ടു വർഷം ബാറ്ററായി തുടർന്നു. 2013ൽ രോഹിത്തിന്‍റെ നേതൃത്വത്തിൽ ടീം കിരീടം നേടിയതിനു പിന്നാലെ സചിൻ ഐ.പി.എല്ലിൽനിന്ന് വിരമിച്ചു.

ചാമ്പ്യൻസ് ലീഗ് ഫൈനലിനു പിന്നാലെ താരം ട്വന്‍റി20 ക്രിക്കറ്റിനോടും പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റിനോടും വിടപറഞ്ഞു. 2014ലാണ് സചിൻ മുംബൈയുടെ മെന്‍ററാകുന്നത്. ടീമുകൾ തമ്മിലുള്ള താര കൈമാറ്റത്തിലൂടെയാണ് 15 കോടി രൂപക്ക് ഹാർദിക്കിനെ മുംബൈ ഇന്ത്യൻസ് വാങ്ങുന്നത്. നേരത്തെ തന്നെ ഹാർദിക്കിനെ നായകനാക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു.

Tags:    
News Summary - Did Sachin Tendulkar step down as MI mentor after Rohit Sharma's removal as captain?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.