രാഷ്ട്രീയത്തിലേക്കില്ല; ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കാൻ തയ്യാറെന്ന് സൗരവ് ഗാംഗുലി

കൊൽക്കത്ത: രാഷ്ട്രീയ പ്രവേശനം നിഷേധിച്ച മുൻ ​ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൗരവ് ഗാംഗുലി എന്നാൽ, ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കുന്നതിൽ തനിക്ക് വിമുഖതയില്ലെന്ന് വ്യക്തമാക്കി.  2026ലെ പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് രാഷ്ട്രീയ പാർട്ടിയിൽ ചേരാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ ‘എനിക്ക് താൽപര്യമില്ല’ എന്നായിരുന്നു ഗാംഗുലിയുടെ പുഞ്ചിരിയോടെയുള്ള മറുപടി. സംസ്ഥാന മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്താലോ? എന്ന് ചോദിച്ചപ്പോഴും ‘എനിക്ക് താൽപ്പര്യമില്ല’ എന്ന് അദ്ദേഹം ആവർത്തിച്ചു. പി.ടി.ഐ നടത്തിയ പോഡ്കാസ്റ്റ് അഭിമുഖത്തിലാണ് ഗാംഗുലി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയത്. 

ഈ ജൂലൈയിൽ 53 വയസ്സ് തികയുന്ന മുൻ ഇന്ത്യൻ ക്യാപ്റ്റൻ 2018-19 നും 2022-24 നും ഇടയിൽ ഡൽഹി ക്യാപിറ്റൽസിന്റെ ടീം ഡയറക്ടറായിരുന്നു. ​ ‘ഞാൻ  2013ൽ മത്സര ക്രിക്കറ്റ് പൂർത്തിയാക്കി. തുടർന്ന് ബി‌.സി.‌സി.‌ഐ പ്രസിഡന്റായി. ആ റോളിൽ ഇന്ത്യൻ ക്രിക്കറ്റിന് നൽകിയ ഏറ്റവും വലിയ സംഭാവന വനിതാ ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു’വെന്നും ഗാംഗുലി പറഞ്ഞു. 

ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ‘വ്യത്യസ്ത റോളുകൾ നിർവഹിക്കുന്നതിനിടയിൽ ഞാൻ അതിനെക്കുറിച്ച് ഒരിക്കലും ചിന്തിച്ചിരുന്നില്ല. ഭാവി എന്തായിരിക്കുമെന്ന് നമുക്ക് കാണാം. എനിക്ക് 53 വയസ്സ് ആയി. അതിനാൽ എന്ത് സംഭവിക്കുമെന്ന് നോക്കാം. ഞാനതിനും തയ്യാറാണ്’ എന്നും അദ്ദേഹം പറഞ്ഞു.

ഈ വർഷം ആദ്യം ദുബൈയിൽ നടന്ന ചാമ്പ്യൻസ് ട്രോഫി വിജയത്തിനുശേഷം, ഇന്ത്യൻ ടീമിന്റെ പരിശീലകനായ ഗൗതം ഗംഭീറിന്റെ കഴിവിനെയും ഗാംഗുലി പ്രശംസിച്ചു.  ‘ഈ റോളിൽ ഞാൻ അദ്ദേഹത്തെ വളരെ അടുത്ത് നിന്ന് കണ്ടിട്ടില്ല.  പക്ഷേ, വളരെ അഭിനിവേശമുള്ളയാളാണെന്ന് എനിക്കറിയാം. ഒരു പരിശീലകനെന്ന നിലയിൽ ഞാൻ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചിട്ടില്ലാത്തതിനാൽ അദ്ദേഹത്തിന്റെ തന്ത്രങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചിട്ടില്ല. അദ്ദേഹം വളരെ സത്യസന്ധനാണ്. കാര്യങ്ങൾ വ്യക്തമായി കാണുന്നു. ടീമിനെക്കുറിച്ചും കളിക്കാരെക്കുറിച്ചും ആളുകളെക്കുറിച്ചും എന്താണ് തോന്നുന്നതെന്ന് വളരെ തുറന്ന മനസ്സോടെ പറയും.  പുറത്തുനിന്ന് നോക്കുമ്പോൾ അദ്ദേഹം വളരെ സുതാര്യനായ ഒരു വ്യക്തിയാണെന്ന് നിങ്ങൾക്ക് മനസ്സിലാകും. സീനിയർ കളിക്കാരോട് ഗംഭീർ ഏറെ ബഹുമാനത്തോടെ പെരുമാറിയിരുന്നത് കണ്ടിരുന്ന തന്റെ കളിക്കാലത്തെക്കുറിച്ചും ഗാംഗുലി ഓർമിച്ചു.

Tags:    
News Summary - Definitely no politics, but open to coaching India, says Sourav Ganguly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.