കൊൽക്കത്ത: തന്റെ പേരിൽ പ്രവർത്തിക്കുന്ന ഫേസ്ബുക്ക് പേജിനെതിരെ പരാതിയുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബി.സി.സി.ഐ മുൻ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. 'സൗരവ് ഗാംഗുലി ഫാൻസ്' എന്ന ഫേസ്ബുക്ക് പേജ് തന്റെ സൽപ്പേര് നശിപ്പിക്കുന്നതിനായി തെറ്റിദ്ധരിപ്പിക്കുന്നതും അപകീർത്തികരവുമായ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം കൊൽക്കത്ത പൊലീസിൽ പരാതി നൽകിയത്. താക്കൂർപുകൂർ പൊലീസ് സ്റ്റേഷനിൽ നൽകിയ ഔദ്യോഗിക പരാതിയിൽ 'സ്പോർട്സ് വിക്കി' എന്ന മീഡിയ പ്ലാറ്റ്‌ഫോമിനെയും പരാമർശിച്ചിട്ടുണ്ട്.
പൊതുസമൂഹത്തിൽ തന്നെ മോശമായി ചിത്രീകരിക്കാനും തെറ്റിദ്ധാരണ പരത്താനുമുള്ള ഉദ്ദേശ്യത്തോടെയാണ് പ്രസ്തുത പേജിൽ നിരന്തരം പോസ്റ്റുകൾ പങ്കുവെക്കുന്നതെന്ന് ഗാംഗുലി പരാതിയിൽ ആരോപിക്കുന്നു. ഇത് കേവലം വിമർശനമല്ലെന്നും തന്റെ പ്രതിച്ഛായ തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഗാംഗുലിയുടെ പരാതിയിലെ പ്രധാന വിവരങ്ങൾ:
'ഒരു പൊതുരംഗത്ത് നിൽക്കുന്ന വ്യക്തിയെന്ന നിലയിൽ, അഭിപ്രായങ്ങളും വിമർശനങ്ങളും പൊതുജീവിതത്തിന്റെ ഭാഗമാണെന്ന് എനിക്കറിയാം. എന്നാൽ, എന്റെ സൽപ്പേര് നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തെറ്റിദ്ധരിപ്പിക്കുന്നതും അപകീർത്തികരവുമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. ഇതിനെതിരെ കർശനമായ നിയമനടപടി ആവശ്യമാണ്.' ആരോഗ്യകരമായ വിമർശനങ്ങളും വ്യക്തിഹത്യയും തമ്മിൽ വ്യക്തമായ വ്യത്യാസമുണ്ടെന്നും മുൻ ബി.സി.സി.ഐ പ്രസിഡന്റ് കൂട്ടിച്ചേർത്തു. ഈ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്ന വ്യക്തികളെയോ സംഘത്തെയോ കണ്ടെത്തി നിയമപ്രകാരം ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം പൊലീസിനോട് അഭ്യർത്ഥിച്ചു.
പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് നിലവിൽ വിഷയം അന്വേഷിച്ചുവരികയാണ്. ഗാംഗുലിയുടെ പേരിൽ മറ്റ് നിരവധി ഫേസ്ബുക്ക് പേജുകളും അക്കൗണ്ടുകളും ഇപ്പോഴും സജീവമായി നിലവിലുണ്ട്. ഇന്ത്യൻ കായിക രംഗത്ത് ഫാൻ ഗ്രൂപ്പുകളുടെ ഇടപെടലുകൾ പലപ്പോഴും വലിയ വിവാദങ്ങൾക്ക് വഴിവെക്കാറുണ്ട്. ചില സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആരാധകർ നേരിട്ട് തുടങ്ങുന്നതാണെങ്കിൽ, മറ്റ് ചിലത് താരങ്ങൾക്ക് അനുകൂലമായി വാർത്തകൾ സൃഷ്ടിക്കാൻ പി.ആർ ഏജൻസികൾ മുഖേന രൂപീകരിക്കുന്നതാണ്. ഇത്തരം പ്രവണതകളെ നിയന്ത്രിക്കാൻ കൃത്യമായ സംവിധാനങ്ങളില്ലാത്തത് സൈബർ ഇടങ്ങളിൽ പലപ്പോഴും വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.