100ാം ടെസ്റ്റിനിറങ്ങി ഡബ്ൾ സെഞ്ച്വറിയടിച്ച് വാർണർ; ദക്ഷിണാ​ഫ്രിക്കയെ സഞ്ചിയിലാക്കി കംഗാരുക്കൾ

100ാം ടെസ്റ്റിനിറങ്ങി ഇരട്ട സെഞ്ച്വറി നേടി ചരിത്രത്തിലേക്കു നടന്നുകയറി ​ഡേവിഡ് വാർണർ. മൂന്നുവർഷത്തോളമായി വിടാതെ പിന്തുടരുന്ന ടെസ്റ്റ് സെഞ്ച്വറി ക്ഷാമം തീർത്താണ് മെൽബൺ മൈതാനത്ത് കരിയറിലെ മൂന്നാം ഇരട്ട ശതകം കുറിച്ചത്. ആസ്ട്രേലിയക്കാരനായി റിക്കി പോണ്ടിങ് മാത്രമാണ് മുമ്പ് 100ാം ടെസ്റ്റിൽ ഇതേ നേട്ടം പിടിച്ചിട്ടുള്ളൂ. മറ്റു ടീമുകളിൽ ഇംഗ്ലീഷ് താരം ജോ റൂട്ടും.

100ാം ഏകദിനത്തിൽ സെഞ്ച്വറി കുറിച്ച നേട്ടവും മുമ്പ് വാർണർ ​സ്വന്തമാക്കിയിരുന്നു. ഗോർഡൻ ഗ്രീനിഡ്ജിനു ശേഷം ആദ്യമായാണ് ടെസ്റ്റിലും ഏകദിനത്തിലും 100ാം മത്സരത്തിൽ ഒരുതാരം സെഞ്ച്വറി നേട്ടം തൊടുന്നത്.

2020 ജനുവരിയിലാണ് വാർണർ അവസാനമായി ടെസ്റ്റിൽ ശതകം നേടുന്നത്. പിന്നീട് 27 ഇന്നിങ്സ് കളിച്ചിട്ടും മൂന്നക്കം തൊടാനാകാതെ ഉഴറിയിരുന്നു. ഓപണറായി ഏറ്റവും കൂടുതൽ സെഞ്ച്വറിയെന്ന സചിന്റെ പേരിലുള്ള റെക്കോഡിനൊപ്പം എത്തുക കൂടി ചെയ്തിട്ടുണ്ട് വാർണർ. ഏകദിന, ടെസ്റ്റ്, ട്വന്റി മത്സരങ്ങൾ ചേർത്താണ് വാർണറുടെ പ്രകടനമെങ്കിൽ സചിൻ ഏകദിനങ്ങളിൽ മാത്രമാണ് ഈ നേട്ടം പിടിച്ചത്. അതേ സമയം, ഇരട്ട സെഞ്ച്വറി നേട്ടം ആഘോഷിച്ച താരത്തിന് കാലിന് പരിക്കേറ്റ് വൈകാതെ മൈതാനം വിടേണ്ടിവന്നു.

കളിയുടെ രണ്ടാം ദിവസം അവസാന റിപ്പോർട്ട് ലഭിക്കുമ്പോൾ ആസ്ട്രേലിയ 197 റൺസിന് മുന്നിലാണ്. ആദ്യം ബാറ്റു ചെയ്ത പ്രോട്ടീസ് 189 റൺസിന് പുറത്തായപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 386 റൺസ് എന്ന നിലയിലാണ്. പരിക്കുമായി കൂടാരം കയറിയ വാർണറുടെ ചുവടുപിടിച്ച് ബാറ്റിങ് തുടരുന്ന ആസ്ട്രേലിയക്കായി 9 റൺസെടുത്ത് ട്രാവിസ് ഹെഡും അർധ സെഞ്ച്വറിക്കരികെ നിൽക്കുന്ന അലക്സ് കാരി (48)മാണ് ക്രീസിൽ. സ്റ്റീവൻ സ്മിത്ത് 85 റൺസ് എടുത്തിട്ടുണ്ട്. 

Tags:    
News Summary - David Warner joins elite club after scoring double century in his 100th Test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.