ഓപ്പണർമാരുടെ വെടിക്കെട്ട് ബാറ്റിങ്ങിലാണ് ലോകകപ്പിൽ പാകിസ്താനെതിരെ ആസ്ട്രേലിയ 367 റൺസെടുത്തത്. ഡേവിഡ് വാർണറും മിച്ചൽ മാർഷും ഓസീസിനായി സെഞ്ച്വറി നേടി.
തകർത്തടിച്ച വാർണർ 124 പന്തിൽ 163 റൺസെടുത്തു. ഒമ്പത് സിക്സും 14 ഫോറും നേടി. ഒന്നാം വിക്കറ്റിൽ വാർണറും മാർഷും ചേർന്ന് 33.5 ഓവറിൽ 259 റൺസാണ് അടിച്ചുകൂട്ടിയത്. തകർപ്പൻ സെഞ്ച്വറിയോടെ വാർണർ ഇതിഹാസ താരങ്ങളായ മുൻ ഓസീസ് നായകൻ റിക്കി പോണ്ടിങ്, ശ്രീലങ്കൻ താരം കുമാർ സംഗക്കാര എന്നിവരുടെ ലോക റെക്കോഡിനൊപ്പമെത്തി.
വാർണറുടെ ഏകദിനത്തിലെ 21ാം സെഞ്ച്വറിയും ലോകകപ്പിലെ അഞ്ചാം സെഞ്ച്വറിയുമാണ് ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ പിറന്നത്. 85 പന്തിലാണ് താരം മൂന്നക്കത്തിലെത്തിയത്. ലോകകപ്പ് മത്സരങ്ങളിൽ പോണ്ടിങ്ങും സംഗക്കാരയും അഞ്ചുവീതം സെഞ്ച്വറി നേടിയിട്ടുണ്ട്. ഏഴു സെഞ്ച്വറിയുമായി ഇന്ത്യൻ നായകൻ രോഹിത് ശർമയാണ് ലോകകപ്പ് സെഞ്ച്വറികളിൽ ഒന്നാമൻ. ആറു സെഞ്ച്വറികളുമായി ബാറ്റിങ് ഇതിഹാസം സചിൻ തെണ്ടുൽക്കറാണ് രണ്ടാമത്.
അഫ്ഗാനിസ്താനെതിരായ മത്സരത്തിലെ തകർപ്പൻ സെഞ്ച്വറിയോടെയാണ് ഹിറ്റ്മാൻ സചിനെ മറികടന്ന് ഒന്നാമതെത്തിയത്. വാർണറിനു പിന്നാലെയാണ് മിച്ചൽ മാർഷും സെഞ്ച്വറി തികച്ചത്. ലോകകപ്പിലെ മാർഷിന്‍റെ ആദ്യ സെഞ്ച്വറിയാണിത്. ഒരുഘട്ടത്തിൽ ഓസീസ് 400 കടക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും മധ്യനിരയും വാലറ്റവും പാക് ബൗളിങ്ങിനു മുന്നിൽ തകർന്നടിഞ്ഞതോടെയാണ് സ്കോർ 367ലൊതുങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.