മുംബൈ: ഐ.പി.എൽ 2025 സീസണിൽ ഒരേയൊരു മത്സരം മാത്രം ബാക്കി നിൽക്കെ മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സ് അവസാന സ്ഥാനത്താണ്. അവസാന മത്സരത്തിൽ ജയിച്ചാലും നെറ്റ് റൺറേറ്റിൽ വലിയ വ്യത്യാസം വരുത്താനായാൽ മാത്രമേ രാജസ്ഥാൻ റോയൽസിനെ മറികടന്ന് ഒമ്പതാം സ്ഥാനത്തേക്ക് കയറാനാകൂ.
പ്രതീക്ഷയോടെ ടീമിലെത്തിച്ച വിദേശ താരങ്ങൾക്ക് ഉൾപ്പെടെ മികച്ച പ്രകടനം പുറത്തെടുക്കാനാകാത്തതാണ് സീസണിൽ ചെന്നൈക്ക് തിരിച്ചടിയായത്. നായകൻ ഋതുരാജ് ഗെയ്ക് വാദ് ഉൾപ്പെടെ താരങ്ങൾക്ക് പരിക്കേറ്റതും മുൻനിര ബാറ്റർമാർക്ക് മൂർച്ച കുറഞ്ഞതും ടീമിനെ തോൽവിയിലേക്ക് തള്ളിയിട്ടത്. ബൗളർമാരും നിരാശപ്പെടുത്തി.
അതേസമയം, അടുത്ത സീസണു മുന്നോടിയായി ടീമിലെ ഏഴു താരങ്ങളെയെങ്കിലും ഒഴിവാക്കണമെന്ന് മുൻ ഇന്ത്യൻ താരവും ക്രിക്കറ്റ് നിരീക്ഷകനും കമന്‍റേറ്ററുമായ ആകാശ് ചോപ്ര പറഞ്ഞു.
‘എന്‍റെ കൈയിൽ നീണ്ട ലിസ്റ്റ് തന്നെയുണ്ട്. ആർ. അശ്വിൻ, രവീന്ദ്ര ജദേജ, രചിൻ രവീന്ദ്ര, ഡെവോൺ കോൺവെ, വിജയ് ശങ്കർ, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി എന്നിവരെ ഞാൻ ഒഴിവാക്കും’ -ചോപ്ര ഒരു അഭിമുഖത്തിൽ പറഞ്ഞു. രാജസ്ഥാൻ റോയൽസിനോട് ചെന്നൈ ആറു വിക്കറ്റിന് തോറ്റതിനു പിന്നാലെയായിരുന്നു ചോപ്രയുടെ പ്രതികരണം. വെറ്ററൻ താരവും നായകനുമായ എം.എസ്. ധോണി ചോപ്രയുടെ ലിസ്റ്റിൽ ഇല്ല എന്നതാണ് ഏറെ ശ്രദ്ധേയം.
അഞ്ചു തവണ ചാമ്പ്യന്മാരായ ചെന്നൈക്കുവേണ്ടി സ്പിന്നർ നൂർ അഹ്മദ് മാത്രമാണ് ഇത്തവണ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. 13 മത്സരങ്ങളിൽനിന്നായി 21 വിക്കറ്റുകൾ. ശിവം ദുബെയാണ് ടീമിന്‍റെ ടോപ് സ്കോറർ. 13 ഇന്നിങ്സുകളിൽനിന്ന് 340 റൺസ്. ഓറഞ്ച് ക്യാപിനുള്ള പട്ടികയിൽ താരമുള്ളത് 21ാം സ്ഥാനത്തും. സ്വന്തം തട്ടകമായ എം.എ ചിദംബരം സ്റ്റേഡിയത്തിൽ സീസണിൽ കളിച്ച ആറു മത്സരങ്ങളിൽ ഒന്നുമാത്രമാണ് ചെന്നൈക്ക് ജയിക്കാനായത്. ഓൾ റൗണ്ടറായ ജദേജയും നിരാശപ്പെടുത്തി.
ജദേജയെ ഒഴിവാക്കണം. നാലാം നമ്പർ ബാറ്ററായി ഡെവാൾഡ് ബ്രെവിസുണ്ട്. ജദേജക്കു പകരക്കാരനായി ബ്രെവിസിനെ നാലാം നമ്പറിൽ കളിപ്പിക്കണമെന്നും ചോപ്ര കൂട്ടിച്ചേർത്തു. പഴയ പ്രതാപത്തിന്‍റെ നിഴൽ മാത്രമായിരന്നു ഇത്തവണ ധോണി. കാൽമുട്ടിലെ പരിക്കും ഫിറ്റ്നസ് പ്രശ്നങ്ങളും താരത്തെ അലട്ടുന്നുണ്ട്. നിർണായക മത്സരങ്ങളിലും ബാറ്റിങ് ഓർഡറിൽ അവസാനമാണ് താരം കളിക്കാനിറങ്ങിയത്. ഇതിനിടയിലും താരം ഐ.പി.എൽ 2026 സീസണിലും കളിക്കുമെന്ന അഭ്യൂഹവും പുറത്തുവരുന്നുണ്ട്.
എന്നാൽ, മുൻതാരങ്ങൾ ഉൾപ്പെടെ ധോണി വിരമിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. താരവും ചെന്നൈ സൂപ്പർ കിങ്സ് മാനേജ്മെന്‍റും വിഷയത്തിൽ ഇതുവരെ കൃത്യമായ മറുപടി നൽകിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.