ഇന്ത്യ പാകിസ്താൻ ഏഷ്യാ കപ്പ് മത്സരത്തിന് മുമ്പ്

‘ഡിയർ സുപ്രീം ലീഡർ, ഈ മത്സരം എന്തിനാണ് നടന്നത്...?’; ഇന്ത്യ -പാക് മത്സരത്തിനു പിന്നാലെ ​സർക്കാറിനും ബി.സി.സി.ഐക്കുമെതിരെ നിശിത വിമർശനം

ന്യൂഡൽഹി: പൂരം കഴിഞ്ഞ് ആൾക്കൂട്ടം പിരിഞ്ഞിട്ടും, അമിട്ടും ഗുണ്ടും കുഴിമിന്നലുമായി വെടിക്കെട്ട് കനത്തിൽ തന്നെ തുടരുന്ന പോലെയാണ് ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്താൻ മത്സരം.

26 മനുഷ്യ ജീവനുകൾ നഷ്ടമായ പഹൽഗാം ഭീകരാക്രമണവും, തുടർന്ന്, പാകിസ്താനെതിരെ ഇന്ത്യ നടത്തിയ ഓപറേഷൻ സിന്ദൂർ സൈനിക നടപടിയുമായി അയൽക്കാർ തമ്മിലെ പോര് ശക്തമാകുന്നതിനിടെ ക്രിക്കറ്റ് കളത്തിൽ കളിക്കാനിറങ്ങിയതിനെതിരായ വിമർശനം അടങ്ങുന്നില്ല. ഞായറാഴ്ച നടന്ന മത്സരത്തിൽ ഇന്ത്യ ഏഴ് വിക്കറ്റ് പാകിസ്താനെ തോൽപിച്ചിരുന്നു.

മത്സരത്തിനു മുന്നോടിയായി നടന്ന ടോസിടൽ ചടങ്ങിനു പിന്നാലെ ഇരു ടീമുകളുടെ നായകരും ഹസ്തദാനം ചെയ്യാതെ കളം വിട്ടതാണ് ഇപ്പോഴത്തെ വിവാദം. എന്നാൽ, പാകിസ്താനെതിരെ കളിക്കാൻ ഇറങ്ങിയതു തന്നെ തെറ്റായിപ്പോയെന്ന വിമർശനത്തിന് മത്സരം കഴിഞ്ഞും ബലമേറുകയാണിപ്പോൾ.


തെന്നിന്ത്യൻ ചലച്ചിത്രതാരം പ്രകാശ് രാജ് മുതൽ മുതിർന്ന മാധ്യമ പ്രവർത്തകനും ക്രിക്കറ്റ് വിഗദ്ധനുമായ രാജ്ദീപ് സ​ർദേശായി വരെ വിമർശനവും രംഗത്തുണ്ട്. ശിവസേന ഉദ്ധവ് വിഭാഗം നേതാക്കളും, എ.ഐ.എം.ഐ.എം നേതാവും ലോകസഭ അംഗവുമായ അസദുദ്ദീൻ ഉവൈസിയും ഉൾപ്പെടെ രാഷ്ട്രീയ നേതാക്കൾ നേരത്തെ തന്നെ ഇന്ത്യ-പാക് മത്സരത്തിനെതിരെ രംഗത്തു വന്നിരുന്നു.

ഞായറാഴ്ച മത്സരം നടന്നതിനു പിന്നാലെയായിരുന്നു പ്രകാശ് രാജ് എക്സ് പ്ലാറ്റ്ഫോമിൽ പൊട്ടിത്തെറിച്ചത്. ‘ഡിയർ സുപ്രീം ലീഡർ. ഇന്ന് ഈ മത്സരം എന്തിനാണ് നടന്നത്... . എന്തുകൊണ്ട്...​?’ -പഹൽഗാമിൽ വെടിയേറ്റുവീണ നാവികസേന ഉദ്യോഗസ്ഥൻ വിനയ് നർവാലിന്റെ മൃതദേഹത്തിനരികിലിരുന്ന് വിതുമ്പുന്ന വിധവ ഹിമാൻഷി നർവാലിന്റെ ചിത്രവും ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരത്തിലെ ചിത്രവും ഒന്നിച്ച് പങ്കുവെച്ചായിരുന്നു പ്രകാശ് രാജിന്റെ ചോദ്യം.

മത്സരം കഴിഞ്ഞതിനു പിന്നാലെ രാജ്ദീപ് സർദേശായിയും ബി.സി.സി.ഐക്കും കേന്ദ്ര സർക്കാറിനുമെതിരെ ശക്തമായ വിമർശനവുംമായി രംഗത്തെത്തി. ക്രിക്കറ്റ് താരങ്ങളെ രാഷ്ട്രീയ കരുക്കളായി തരംതാഴ്ത്തരുതെന്നും, പ്രതിഷേധിക്കണമെന്നുണ്ടെങ്കിലും മത്സരം ബഹിഷ്‍കരിക്കാമായിരുന്നുവെന്നും ഇന്ത്യ ടുഡേ ചാനൽ ചർച്ച നയിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

‘കൈ കൊടുക്കാതിരിക്കുന്നത് മോശം കാര്യമാണ്. നിങ്ങൾക്ക് ശക്തമായി പ്രതിഷേധിക്കണമെങ്കിൽ മത്സരം ബഹിഷ്‌കരിക്കുക. അല്ലെങ്കിൽ കളിക്കാർ അവരുടെ മാച്ച് ഫീസ് പഹൽഗാമിലെ ഇരകളുടെ കുടുംബങ്ങൾക്ക് സംഭാവന ചെയ്യട്ടേ’ - ചാനൽ വീഡിയോ ദൃശ്യങ്ങൾ ‘എക്സ്’ പ്ലാറ്റ്ഫോമിൽ പങ്കുവെച്ച് സർദേശായി ചൂണ്ടിക്കാട്ടി.

തൊട്ടു പിന്നാലെ, ചൊവ്വാഴ്ചയും അദ്ദേഹം വിമർശനമുന്നയിച്ചു. ഗുരുനാനാക്ക് ജയന്തിയോടനുബന്ധിച്ച് സുരക്ഷയുടെ പേരുപറഞ്ഞ് ഈ വർഷം പാകിസ്താനിലെ നങ്കാന സാഹിബ് തീർഥാടകരെ വിലക്കിയ കേന്ദ്രം, ക്രിക്കറ്റ് മത്സരത്തിന് അനുമതി നൽകിയത് ഇരട്ടത്താപ്പാണെന്ന് അദ്ദേഹം വിമർശിച്ചു.

‘സുരക്ഷ പ്രശ്നമുന്നയിച്ച് നങ്കാന സാഹിബിലേക്ക് സിഖ് തീർഥാടകരെ അയയ്ക്കാൻ കഴിയില്ലെന്ന് കേന്ദ്രം പറയുന്നു. തീർഥാടകരെ തടഞ്ഞു നിർത്താം. പക്ഷേ ക്രിക്കറ്റ് മത്സരങ്ങൾ സന്തോഷത്തോടെ തുടരും....! നങ്കാന സാഹിബിലേക്കുള്ള യാത്ര സംരക്ഷിക്കപ്പെടേണ്ട പുരാതന പാരമ്പര്യമാണ്. ചില പാരമ്പര്യങ്ങൾ ശത്രുതയ്ക്ക് അതീതമായിരിക്കണം. തീർഥാടകരും അവരുടെ വിശ്വാസവും രാജ്യങ്ങൾ തമ്മിലുള്ള വടംവലിയിൽ കുടുങ്ങരുത്’ -രാജ്ദീപ് സർദേശായി കുറിച്ചു. സർദേശായിയുടെ പോസ്റ്റിനെ പിന്തുണച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്.

മത്സരത്തിനു പിന്നാലെ പരിഹാസവുമായി തൃണമൂൾ കോൺ​ഗ്രസ് എം.പി മെഹ്‍വു മൊയ്ത്ര രംഗത്തെത്തി. ‘സർക്കാർ ആഗ്രഹിച്ചതുകൊണ്ടാണ് ഇന്ത്യ പാകിസ്താനെതിരെ കളിച്ചത്. അക്കാര്യം വ്യക്തമായി മനസ്സിലാക്കുക. മത്സരശേഷം പാകിസ്താന് കൈ കൊടുക്കാതെ വിലകുറഞ്ഞ ഒരു പ്രകടനം നടത്തുന്നത് പരിഹാസ്യമാണ്’ -അവർ കുറിച്ചു.

ഏഷ്യാ കപ്പ് മത്സര ​ഷെഡ്യൂൾ പുറത്തു വന്നതിനു പിന്നാലെ പാകിസ്താനെതിരെ കളിക്കരുതെന്ന ആവശ്യവുമായി രംഗത്തുവന്ന ശിവസേന എം.പി പ്രിയങ്ക ചതുർവേദി മത്സര ശേഷവും രൂക്ഷമായി വിമർശനമുന്നയിച്ചു. ‘ക്യാപ്റ്റൻമാർ തമ്മിൽ ഹസ്തദാനം ഒഴിവാക്കിയും, ടീമിന്റെ വിജയം സേനയ്ക്ക് സമർപ്പിച്ചും, പാക് ടീം അംഗങ്ങളുമായി ഹസ്തദാനത്തിന് നിൽക്കാതെ ഡ്രസിങ് റൂമിൽ കയറി വാതിൽ അടച്ചുമുള്ള നടപടികളിലൂടെ കേന്ദ്ര സർക്കാറും ബി.സി.​സി.ഐയും നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാനുള്ള പൊടി​ക്കൈ പ്രയോഗിക്കുകയാണ്. ഇന്ത്യക്കാർക്ക് മത്സരം വേണ്ടെന്ന് മനസ്സിലാക്കാൻ അവർക്ക് കഴിഞ്ഞില്ല. യഥാർഥത്തിൽ ഏറ്റവും മികച്ച പ്രതികരണം മത്സരം റദ്ദാക്കുക എന്നതായിരുന്നു’ -പ്രിയങ്ക ചതുർവേദി ചൂണ്ടികാട്ടി.

രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ അധ്യക്ഷനായ ജയ് ഷായുടെയും പിതാവും ആഭ്യന്തര മന്ത്രിയുമായ അമിത് ഷായുടെയും താൽപര്യമാണ് ഇന്ത്യ-പാകിസ്താൻ മത്സരമെന്ന് ധ്രുവ് റാഠി തുറന്നടിച്ചു. പാക്കിസ്ഥാനുമായി ക്രിക്കറ്റ് കളിക്കാൻ തീരുമാനിച്ചത് കേന്ദ്ര സർക്കാറും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡുമാണ്. ബി.ജെ.പി നയിക്കുന്ന ഈ സംവിധാനങ്ങൾ മത്സരത്തിൽനിന്ന് പിന്മാറാൻ താൽപര്യപ്പെടുന്നതിനുപകരം കളത്തിലിറങ്ങാൻ തീരുമാനിക്കുകയായിരുന്നു. ഈ ഇരട്ടത്താപ്പാണ് ചോദ്യം ചെയ്യപ്പെടേണ്ടതെന്ന് ധ്രുവ് റാഠി ചൂണ്ടിക്കാട്ടി.

മത്സരത്തിന് അനുമതി നൽകിയ കേന്ദ്ര സർക്കാറിനെ രൂക്ഷമായി വിമർശിച്ചായിരുന്നു എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി രംഗത്തെത്തിയത്. 26 ജീവനുകളേക്കാൾ വിലപ്പെട്ടതാണോ പണമെന്ന് ഉവൈസി ചോദിച്ചു.

‘ഏപ്രിൽ 22ന് പഹൽഗാമിൽ 26 പേരാണ് ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. പാകിസ്താനുമായി ക്രിക്കറ്റ് കളിക്കുന്നത് നിർത്തിവെക്കണമെന്ന് ആവശ്യപ്പെടാനുള്ള ധൈര്യം അസം, ഉത്തർപ്രദേശ് മുഖ്യമന്ത്രിമാർക്കില്ലേ? മത്സരത്തിലൂടെ ലഭിക്കുന്ന പണം പഹൽഗാമിൽ കൊല്ലപ്പെട്ട 26 ജീവനുകളേക്കാൾ വിലപ്പെട്ടതാണോ?. രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല, ചർച്ചയും ഭീകരതയും ഒരുമിച്ച് നടക്കില്ല എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ബി.സി.സി.ഐക്ക് ഒരു ക്രിക്കറ്റ് മത്സരത്തിൽനിന്ന് എത്ര പണം ലഭിക്കും, 2000 കോടി രൂപയോ 3000 കോടി രൂപയോ? നമ്മുടെ 26 പൗരന്മാരുടെ ജീവനേക്കാൾ വിലപ്പെട്ടതാണോ പണം’ -ഉവൈസി ചോദിച്ചു.

ഇന്ത്യ-പാക് മത്സരം ഒത്തുകളിയായിരുന്നുവെന്നും തോറ്റുകൊടുക്കാൻ മുൻ ബി.സി.സി.ഐ അധ്യക്ഷൻ കൂടിയായ ജെയ് ഷാ കോടിക്കണക്കിന് രൂപ പാക്കിസ്ഥാന് നൽകിയതായി ശിവസേന (യു.ബി.ടി) നേതാവ് സഞ്ജയ് റാവത്ത് എം.പി ആരോപിച്ചു. പാക് ക്രിക്കറ്റ് ബോർഡിന് ഇതിനായി 1,000 കോടി രൂപ നൽകി. മത്സരത്തിന്റെ വാതുവെപ്പിൽ പങ്കുവെക്കപ്പെടുന്ന 1.5 ലക്ഷം കോടി രൂപയിൽ 50,000 കോടി രൂപ അമിത് ഷായുടെ മകൻ പാകിസ്താന് നൽകിയതായും റാവത്ത് പറഞ്ഞു. ഈ പണം കൊണ്ടാണ് പാക്കിസ്ഥാൻ ഭീകരത വളർത്തി നമ്മുടെ നാടിനെ ആക്രമിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

Tags:    
News Summary - Criticism against the government and the BCCI over the India–Pakistan match.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.