‘നാണക്കേടിന്‍റെ പടുകുഴിയിൽ’! വെസ്റ്റിൻഡീസിന്‍റെ ലോകകപ്പ് അയോഗ്യതയിൽ ഞെട്ടി ക്രിക്കറ്റ് ലോകം; പ്രതികരണവുമായി താരങ്ങൾ

ഏകദിന ക്രിക്കറ്റ് ലോകകപ്പിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് വെസ്റ്റിൻഡീസ് ഇല്ലാത്തൊരു ലോകകപ്പ് നടക്കാൻ പോകുന്നത്. ഈ വർഷം ഇന്ത്യ വേദിയാകുന്ന ലോകകപ്പിൽ വിൻഡീസ് കളിക്കില്ല. നിർണായക സൂപ്പർ സിക്സ് റൗണ്ട് മത്സരത്തിൽ ഏഴു വിക്കറ്റിന് സ്കോട്ടിഷ് പടയോട് തോൽവി ഏറ്റുവാങ്ങിയതാണ് കരീബിയൻ രാജ്യത്തിന്‍റെ ലോകകപ്പ് സ്വപ്നം ഇല്ലാതാക്കിയത്.

ഒരുകാലത്ത് ക്രിക്കറ്റിലെ ഏറ്റവും കരുത്തുറ്റ പേരായിരുന്ന വിൻഡീസില്ലാത്തൊരു ലോകകപ്പ് ക്രിക്കറ്റ് ലോകത്തിന് സങ്കൽപിക്കാൻ പോലും കഴിയുന്നില്ല. ഏകദിനത്തിലെ ആദ്യ രണ്ട്‌ ലോകകപ്പിലെയും ജേതാക്കളുടെ പുറത്താകലിൽ ഞെട്ടിയിരിക്കുകയാണ് ആരാധകരും മുൻ താരങ്ങളുമെല്ലാം. 1975, 1979 ലോകകപ്പുകളിലാണ് വിൻഡീസ് ചാമ്പ്യന്മാരായത്. 1983ൽ ഫൈനലിലെത്തിയെങ്കിലും ഇന്ത്യയോടു പരാജയപ്പെട്ടു.

ഇതിനിടെ രണ്ട് ട്വന്റി20 കിരീടങ്ങളും നേടി. യോഗ്യതാ റൗണ്ടിലെ ആദ്യഘട്ടത്തിലേറ്റ രണ്ട്‌ വമ്പൻ തോൽവികളാണ് വിൻഡീസിന് വിനയായത്. 48 വർഷത്തെ ഏകദിന ലോകകപ്പ് ചരിത്രത്തിൽ വിൻഡീസ് കളിക്കാത്ത ആദ്യ ലോകകപ്പാകും ഇന്ത്യയിലേത്. ഈ വർഷം ആദ്യം നടന്ന ട്വന്റി20 ലോകകപ്പിനും വെസ്റ്റിൻഡീസ് യോഗ്യത നേടിയിരുന്നില്ല. നാണക്കേടിന്‍റെ പടുകുഴിയിലാണ് വിൻഡീസെന്ന് മുൻ ഇന്ത്യൻ സൂപ്പർ ബാറ്റർ വിരേന്ദർ സെവാഗ് പ്രതികരിച്ചു.

‘എന്തൊരു നാണക്കേട്. ഏകദിന ലോകകപ്പിന് വെസ്റ്റിൻഡീസിന് യോഗ്യത നേടാനായില്ല. കഴിവുണ്ടായാൽ മാത്രം പോരാ, രാഷ്ട്രീയത്തിൽനിന്ന് മുക്തമാകണം, കൂടുതൽ ശ്രദ്ധയും നല്ല മാനേജ്മെന്റും ആവശ്യമാണ്. ഇനിയും താഴേക്ക് പതിക്കാനില്ലെന്നതാണ് ഏക ആശ്വാസം’ -സെവാഗ് ട്വിറ്ററിൽ കുറിച്ചു. വെസ്റ്റിൻഡീസ് ക്രിക്കറ്റ് ലോകകപ്പിന് യോഗ്യത നേടാത്തതിൽ വളരെ സങ്കടമുണ്ടെന്ന് മുൻ പാകിസ്താൻ പേസർ ശുഐബ് അക്തർ ട്വീറ്റ് ചെയ്തു.

‘ലോകകപ്പിൽ വെസ്റ്റിൻഡീസ് ഉണ്ടാകില്ല എന്നത് നാണക്കേടാണ്. കരീബിയൻ ക്രിക്കറ്റ് തകർച്ചയുടെ പടുകുഴിയിലാണ്. പടുകുഴിയിൽനിന്ന് ഉയർത്തെഴുന്നേൽക്കുക എന്നതാണ് ഇനിയുള്ള ഏക വഴി’ -വസീം ജാഫർ പ്രതികരിച്ചു. വിൻഡീസ് ലോക ക്രിക്കറ്റിലെ നമ്പർ വൺ ടീമായി തിരിച്ചെത്തുമെന്ന പ്രതീക്ഷയാണ് മുൻ ഇന്ത്യൻ ബാറ്റർ ഗൗതം ഗംഭീർ പങ്കുവെച്ചത്. ‘ഞാൻ വെസ്റ്റിൻഡീസിനെ സ്നേഹിക്കുന്നു, വെസ്റ്റിൻഡീസ് ക്രിക്കറ്റിനെയും. അവർ ലോക ക്രിക്കറ്റിലെ ഒന്നാം നമ്പർ ടീമാകുമെന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു’ -ഗംഭീർ ട്വീറ്റ് ചെയ്തു.

ടോസ് നേടിയ സ്കോട്ട്ലൻഡ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. സ്കോട്ട്ലൻഡ് ബോളർമാർ നിറഞ്ഞാടിയ മത്സരത്തിൽ വിൻഡീസ് 43.5 ഓവറിൽ 181 റൺസെടുക്കുന്നതിനിടെ ഓൾ ഔട്ടായി. മുൻനിര ബാറ്റർമാർ വേഗത്തിൽ മടങ്ങി. 79 പന്തുകളിൽ 45 റൺസ് നേടിയ ജയ്സൺ ഹോൾഡറും 43 പന്തുകളിൽ 36 റൺസ് നേടിയ ഷെപ്പേർഡും മാത്രമാണ് ടീമിനായി ഭേദപ്പെട്ട പ്രകടനം നടത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സ്കോട്ട്‌ലൻഡ് 43.3 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ടീമിനായി മാത്യു ക്രോസും (107 പന്തിൽ 74 റൺസ്), ബ്രണ്ടം മക്മുല്ലനും (106 പന്തിൽ 69 റൺസ്) അർധ സെഞ്ച്വറി നേടി. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 125 റൺസിന്റെ കൂട്ടുകെട്ടാണ് കെട്ടിപ്പടുത്തത്. സ്കോട്ട്ലൻഡിന് ഏഴു വിക്കറ്റ് ജയം. സൂപ്പർ സിക്സ് റൗണ്ടിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾക്കാണ് ലോകകപ്പ് യോഗ്യത ലഭിക്കുക. ആറു പോയന്റ് വീതമുള്ള ശ്രീലങ്കയും സിംബാബ്‍വെയുമാണ് നിലവിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ.

Tags:    
News Summary - Cricket Greats React On West Indies' Shock Failure To Qualify For 2023 World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.