കോഹ്ലിയോ രോഹിത് ശർമയോ അല്ല! ലോകകപ്പിലെ ഇന്ത്യയുടെ സൂപ്പർതാരങ്ങളെ പ്രവചിച്ച് ക്രിസ് ഗെയിൽ

ഈ വർഷം രാജ്യം വേദിയാകുന്ന ഏകദിന ലോകകപ്പിനെ ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യ കാണുന്നത്. സ്വന്തം ആരാധകർക്കു മുന്നിൽ മൂന്നാം ലോക കീരിടം നേടാനുള്ള സുവർണാവസരം. ഐ.സി.സി ടൂർണമെന്‍റുകളിലെ കിരീട വരൾച്ചക്ക് ഇക്കുറിയെങ്കിലും അറുതി വരുത്താനാകുമെന്ന വിശ്വാസത്തിലാണ് രോഹിത്തും സംഘവും. ഒക്ടോബർ അഞ്ചിന് അഹ്മദാബാദിലാണ് ലോകകപ്പിലെ ഉദ്ഘാടന മത്സരം.

കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ടും ന്യൂസിലൻഡും ഏറ്റുമുട്ടും. ഒക്ടോബർ എട്ടിനാണ് ഇന്ത്യയുടെ ആദ്യ മത്സരം. അഞ്ചു തവണ ചാമ്പ്യന്മാരായ ആസ്ട്രേലിയയാണ് എതിരാളികൾ. പത്ത് ടീമുകളാണ് ടൂർണമെന്‍റിൽ പങ്കെടുക്കുന്നത്. ലോകകപ്പിന് മൂന്നു മാസം ബാക്കി നിൽക്കെ, സെമി ഫൈനലിലെത്തുന്ന നാലു ടീമുകളെ പ്രവചിച്ചിരിക്കുകയാണ് മുൻ വെസ്റ്റിൻഡീസ് സൂപ്പർതാരം ക്രിസ് ഗെയിൽ. ഇന്ത്യ, പാകിസ്താൻ, ഇംഗ്ലണ്ട്, ആസ്ട്രേലിയ എന്നീ നാലു ടീമുകൾക്കാണ് ഗെയിൽ സാധ്യത കൽപിക്കുന്നത്.

‘ആര് കിടീരം നേടുമെന്നതിൽ ഉറപ്പില്ല, എന്നാൽ അവസാന നാലിലെത്തുന്നവരെ കുറിച്ച് പറയാം. ഇന്ത്യ, പാകിസ്താൻ, ഇംഗ്ലണ്ട്, ആസ്‌ട്രേലിയ എന്നിവയാണ് നാല് ടീമുകൾ എന്ന് ഞാൻ കരുതുന്നു. ഞാൻ ന്യൂസിലൻഡ് എന്ന് പറയുമായിരുന്നു, പക്ഷേ ആസ്ട്രേലിയക്കും സാധ്യത കാണുന്നു’ -ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഗെയിൽ പറഞ്ഞു.

ലോകകപ്പിൽ ഇന്ത്യൻ നിരയിൽ നിർണായകമാകുന്ന താരങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് ഗെയിലിന്‍റെ പ്രതികരണം ഏവരെയും അത്ഭുതപ്പെടുത്തി. മുംബൈ ഇന്ത്യൻസ് താരങ്ങളായ ജസ്പ്രീത് ബുംറ, സൂര്യകുമാർ യാദവ് എന്നിവർ വലിയ പ്രകടനം കാഴ്ചവെക്കുമെന്ന് താരം പറയുന്നു. ‘ബുംറ ഉറപ്പായും. താരം പഴയ ഫോമിലെത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. കൂടാതെ, യുവതാരം സൂര്യകുമാറും’ -താരം കൂട്ടിച്ചേർത്തു. പരിക്കിനെ തുടർന്ന് ഒരുവർഷമായി കളത്തിനു പുറത്താണ് ബുംറ.

കൂടാതെ, 50 ഓവർ ക്രിക്കറ്റിൽ സൂര്യകുമാർ ഇതുവരെ പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുത്തിട്ടില്ല. കഴിഞ്ഞ മൂന്നു മത്സരങ്ങളിലും ഗോൾഡൻ ഡക്കിനാണ് താരം പുറത്തായത്.

Tags:    
News Summary - Chris Gayle Picks MI Duo As Key Players For Team India In ODI World Cup 2023

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.