റൺമഴക്ക് പിന്നാലെ റെക്കോഡൊഴുക്ക്; ചിന്നസ്വാമിയിൽ ഹൗസ്ഫുൾ ആവേശം

ബംഗളൂരു: ഐ.പി.എൽ ചരിത്രത്തിലെ സമാനതകളില്ലാത്ത മത്സരമായിരുന്നു തിങ്കളാഴ്ച ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ അരങ്ങേറിയത്. ഐ.പി.എല്ലിലെ ഉയർന്ന ടീം സ്കോർ എന്ന സ്വന്തം റെക്കോഡ് ദിവസങ്ങൾക്കകം മറികടന്ന സൺറൈസേഴ്സ് ഹൈദരാബാദ് ബംഗളൂരു റോയൽ ചലഞ്ചേഴ്സിനെതിരെ ആദ്യം ബാറ്റ്ചെയ്ത് അടിച്ചെടുത്തത് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 287 റൺസായിരുന്നു. ഈ സീസണിൽ മുംബൈ ഇന്ത്യൻസിനെതിരെ അടിച്ചെടുത്ത മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 277 റൺസെന്ന റെക്കോഡാണ് വഴിമാറിയത്.

ട്രാവിസ് ഹെഡിന്റെ അത്യുജ്വല സെഞ്ച്വറിക്കും (41 പന്തിൽ 102) ഹെന്റിച്ച് ക്ലാസന്റെ ഉശിരൻ അർധശതകത്തിനും (31 പന്തിൽ 67) പുറമെ ബാറ്റിങ്ങിനിറങ്ങിയ അഭിഷേക് ശർമയും (34), എയ്ഡൻ മർക്രാമും (32 നോട്ടൗട്ട്), അബ്ദുൽ സമദുമെല്ലാം (37 നോട്ടൗട്ട്) അടിച്ചുതകർത്തതോടെയാണ് റെക്കോഡും മറികടന്ന് സ്കോർ കുതിച്ചത്. എന്നാൽ, മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗളൂരു ധീരമായി പോരാടിയാണ് കീഴടങ്ങിയത്. 35 പന്തിൽ 83 റൺസടിച്ച ദിനേശ് കാർത്തികും വിരാട് കോഹ്‍ലിയും (20 പന്തിൽ 42), ക്യാപ്റ്റൻ ഫാഫ് ഡു പ്ലസിയും (28 പന്തിൽ 62) തകർത്തടിച്ചപ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 262 റൺസ് പിറന്നു.

ഇരു ടീമും ചേർന്ന് 549 റൺസ് അടിച്ചുകൂട്ടിയ മത്സരത്തിൽ റെക്കോഡുകളുടെ ഒഴുക്കാണുണ്ടായത്. ഐ.പി.എല്ലിലെ ഒരു മത്സരത്തിൽ പിറന്ന ഏറ്റവും ഉയർന്ന റൺസാണിത്. ഈ സീസണിൽ സൺറൈസേഴ്സും മുംബൈ ഇന്ത്യ​ൻസും തമ്മിലുള്ള മത്സരത്തിൽ പിറന്ന 523 റൺസായിരുന്നു ഇതുവരെയുള്ള റെക്കോഡ്.

ഒരു ടീം ഏറ്റവും കൂടുതൽ സിക്സർ പറത്തിയ മത്സരമെന്ന റെക്കോഡും സൺറൈസേഴ്സിന് മുമ്പിൽ വഴിമാറി. 22 സിക്സുകളാണ് ഇന്നലെ പിറന്നത്. 2013ൽ പുണെ വാരിയേഴ്സിനെതിരെ റോയൽ ചല​ഞ്ചേഴ്സ് നേടിയ 21 സിക്സിന്റെ ​റെക്കോഡാണ് തകർന്നത്. ഇരു ടീമും ചേർന്ന് അടിച്ച 38 സിക്സറുകൾ ഹൈദരാബാദ്-മുംബൈ മത്സരത്തിലെ റെക്കോഡിനൊപ്പവുമെത്തി.

ഹൈദരാബാദും ബംഗളൂരുവും ചേർന്ന് 81 ഫോറുകൾ അടിച്ചപ്പോൾ ട്വന്റി 20 മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഫോർ പിറന്ന പോരാട്ടമെന്ന നേട്ടത്തിനൊപ്പവുമെത്തി. 2023ൽ നടന്ന ദക്ഷിണാഫ്രിക്ക-വെസ്റ്റിൻഡീസ് മത്സരത്തിലാണ് മുമ്പ് ഇത്രയും ഫോറുകൾ ഉണ്ടായത്.

ട്വന്റി 20യിൽ തോറ്റ ടീമിന്റെ ഏറ്റവും ഉയർന്ന സ്കോറാണ് ബംഗളൂരു അടിച്ചെടുത്ത 267 റൺസ്. കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കക്കെതിരെ വെസ്റ്റിൻഡീസ് തോറ്റ മത്സരത്തിൽ അവർ അടിച്ചെടുത്ത 285/5 ആയിരുന്നു ഇതുവരെയുള്ള റെക്കോഡ്.

ഒറ്റ മത്സരത്തിൽ ഒരു ടീമിലെ ഏ​റ്റവും കൂടുതൽ പേർ 50ൽ കൂടുതൽ റൺസ് വഴങ്ങുന്ന മത്സരമായും ഇത് മാറി. ആർ.സി.ബിയുടെ റീസ് ടോപ്‍ലി (68), വിജയ്കുമാർ വൈശാഖ് (64), ലോക്കി ഫെർഗൂസൻ (52), യാഷ് ദയാൽ (51) എന്നിവരാണ് 50ലധികം റൺസ് വഴങ്ങിയത്.

ഐ.പി.എൽ ചരിത്രത്തിൽ ഒരു സീസണിൽ രണ്ടുതവണ 250 കടക്കുന്ന ആദ്യ ടീമെന്ന നേട്ടവും ഹൈദരാബാദിന്റെ പേരിലായി. തൊട്ടുപിന്നാലെ രണ്ടാമത്തെ ടീമായി ബംഗളൂരുവും മാറി. ഏറ്റവും കൂടുതൽ 50ലധികം റൺസ് കൂട്ടുകെട്ടുയർന്ന മത്സരമായും സൺറൈസേഴ്സ്-ആർ.സി.ബി പോരാട്ടം മാറി. ഏഴ് കൂട്ടുകെട്ടുകളാണ് 50 കടന്നത്.  

Tags:    
News Summary - Chinnaswamy stadium witnessed many records

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.