ചെന്നൈ: ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് 155 റൺസ് വിജയലക്ഷ്യം. മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത ചെന്നൈ ടീം 19.5 ഓവറിൽ 154ന് പുറത്തായി. 42 റൺസ് നേടിയ ഡെവാൾഡ് ബ്രെവിസ് ആണ് അവരുടെ ടോപ് സ്കോറർ. നാല് വിക്കറ്റ് പിഴുത ഹർഷൽ പട്ടേലാണ് സി.എസ്.കെയെ ചെറിയ സ്കോറിൽ ഒതുക്കിയത്.
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ സി.എസ്.കെക്ക് അക്കൗണ്ട് തുറക്കുംമുമ്പ് ഓപണർ ഷെയ്ഖ് റാഷിദിന്‍റെ (0) വിക്കറ്റ് നഷ്ടമായി. നേരിട്ട ആദ്യ പന്തിൽ അഭിഷേക് ശർമക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങുകയായിരുന്നു താരം. പവർപ്ലേ ഓവറുകൾ പൂർത്തിയാക്കുന്നതിന് മുമ്പ് സാം കറൻ (9), ആയുഷ് മഹാത്രെ (30) എന്നിവരും കൂടാരം കയറി. ബാറ്റിങ് ഓർഡറിൽ പ്രമോഷൻ നേടിയെത്തിയ രവീന്ദ്ര ജദേജക്ക് പക്ഷെ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല. 17 പന്തിൽ 21 റൺസടിച്ച താരത്തെ കമിന്ദു മെൻഡിസ് ക്ലീൻ ബൗൾഡാക്കി.
വമ്പനടികളുമായി സൂപ്പർ കിങ്സിന്‍റെ ആരാധകർക്ക് പ്രതീക്ഷ പകർന്ന ഡെവാൾഡ് ബ്രെവിസ്, ശിവം ദുബെയെ കൂട്ടുപിടിച്ച് സ്കോർ 100 കടത്തി. 13-ാം ഓവറിൽ ബ്രെവിസിനെ ഹർഷൽ പട്ടേൽ മെൻഡിസിന്‍റെ കൈകളിലെത്തിച്ചു. 25 പന്തിൽ ഒരു ഫോറും നാല് സിക്സും സഹിതം 42 റൺസാണ് താരത്തിന്‍റെ സമ്പാദ്യം. തൊട്ടടുത്ത ഓവറിൽ ദുബെ (9 പന്തിൽ 12) വീണതോടെ ക്യാപ്റ്റൻ എം.എസ്. ധോണി ക്രീസിലെത്തി.
എന്നാൽ 10 പന്തുകൾ മാത്രമാണ് നായകന് അതിജീവിക്കാനായത്. ആറ് റൺസ് നേടിയ ധോണിയെ ഹർഷൽ പട്ടേൽ അഭിഷേക് ശർമയുടെ കൈകളിലെത്തിച്ചു. ഇംപാക്ട് പ്ലെയറായെത്തിയ അൻഷുൽ കാംബോജിന് രണ്ട് റൺസ് മാത്രമാണ് നേടാനായത്. നൂർ അഹ്മദ് രണ്ട് റൺസ് നേടി പുറത്തായി. അവസാന വിക്കറ്റിൽ ഖലീൽ അഹ്മദിനെ കൂട്ടുപിടിച്ച് ദീപക് ഹൂഡ (21 പന്തിൽ 22) ടീം സ്കോർ 150 കടത്തി. സൺറൈസേഴ്സിനായി ഹർഷൽ നാല് വിക്കറ്റ് പിഴുതപ്പോൾ, പാറ്റ് കമിൻസ്, ജയ്ദേവ് ഉനദ്കട് എന്നിവർ രണ്ട് വീതം വിക്കറ്റുകൾ സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.