ചിത്രം തെളിയുന്നു; കിവീസിനെതിരെ ജയിച്ചാൽ ഇന്ത്യ - ആസ്ട്രേലിയ സെമി, തോറ്റാൽ...

ദുബൈ: ചാമ്പ്യൻസ് ട്രോഫി ഗൂപ് ബി മത്സരങ്ങൾ അവസാനിച്ചു. ഇംഗ്ലണ്ടിനെതിരെ ഏഴു വിക്കറ്റിന്‍റെ ഗംഭീര ജയത്തോടെ ഗ്രൂപിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് ദക്ഷിണാഫ്രിക്ക സെമി ഫൈനലിനെത്തുന്നത്. രണ്ട് മത്സരങ്ങളിൽ പ്രോട്ടീസ് ജയിച്ചപ്പോൾ, ആസ്ട്രേലിയക്കെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. മറുഭാഗത്ത് ഇംഗ്ലണ്ടാകട്ടെ, കളിച്ച മൂന്ന് മത്സരങ്ങളിലും തോറ്റ് നാണക്കേടിന്‍റെ റെക്കോഡുമായാണ് പാകിസ്താനിൽനിന്ന് മടങ്ങുന്നത്.

ഗ്രൂപ് എയിൽ നേരത്തെ സെമി ഉറപ്പിച്ച ഇന്ത്യയും ന്യൂസിലൻഡും ഞായറാഴ്ച പരസ്പരം ഏറ്റുമുട്ടും. ഇതിൽ ഇന്ത്യ ജ‍യിച്ചാൽ ഗ്രൂപ് ചാമ്പ്യന്മാരാകുകയും, സെമിയിൽ ബി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ ആസ്ട്രേലിയയെ ചൊവ്വാഴ്ച ഒന്നാം സെമിയിൽ നേരിടുകയും ചെയ്യും. അങ്ങനെയെങ്കിൽ രണ്ടാം സെമിയിൽ ന്യൂസിലൻഡ് ദക്ഷിണാഫ്രിക്കയെ തൊട്ടടുത്ത ദിവസം നേരിടും.

എന്നാൽ കിവികൾക്കെതിരെ ഇന്ത്യ തോറ്റാൽ സംഗതി അൽപം മാറും. മത്സരത്തിന്‍റെ തീയതി മാറില്ല, പക്ഷേ എതിരാളികൾ മാറും. ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായാൽ ചൊവ്വാഴ്ചത്തെ സെമിയിൽ ഇന്ത്യ നേരിടുക ദക്ഷിണാഫ്രിക്കയെ ആകും. ബുധനാഴ്ച രണ്ടാം സെമിയിൽ ന്യൂസിലൻഡ് -ഓസീസ് പോരാട്ടവും നടക്കും. ഗ്രൂപ്പിൽ ഇതുവരെ തോൽവിയറിയാതെ മുന്നേറുന്ന ഇന്ത്യ, ന്യൂസിലൻഡ് ടീമുകൾ ഏറ്റുമുട്ടുമ്പോൾ ഞായറാഴ്ചത്തെ മത്സരം കടുക്കുമെന്നാണ് ആരാധകർ കണക്കുകൂട്ടുന്നത്.

ആദ്യ സെമിക്ക് ദുബൈ വേദിയാകുമ്പോൾ, രണ്ടാം സെമി കറാച്ചിയിലാകും നടക്കുക. വേദി അന്തിമമാകാത്തതിനാൽ ശനിയാഴ്ച തന്നെ ആസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകൾ ദുബൈയിലെത്തും. ഞായറാഴ്ചത്തെ ഫലം അനുസരിച്ച്, കിവീസിനൊപ്പം ഒരു ടീം തിരിച്ച് കറാച്ചിയിലേക്ക് പറക്കും. ഫൈനലിന്‍റെ വേദി, ഇന്ത്യയുടെ സെമി പ്രകടനത്തെ ആശ്രയിച്ചിരിക്കും. ഇന്ത്യ ജയിച്ചാൽ ദുബൈയിലും തോറ്റാൽ പാകിസ്താനിലുമാകും ഫൈനൽ.

Tags:    
News Summary - Champions Trophy 2025 Semi-Finalists Confirmed: India To Face Australia If...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.