ദുബൈ: ചാമ്പ്യൻസ് ട്രോഫിയിൽ ആധികാരികമായാണ് ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടിയത്. ഗ്രൂപ്പ് റൗണ്ടിൽ ഉൾപ്പെടെ കളിച്ച എല്ലാ മത്സരങ്ങളും ജയിച്ചാണ് രോഹിത് ശർമയും സംഘവും ഫൈനലിലെത്തിയത്.
രണ്ടു വർഷത്തിനിടെ ഐ.സി.സി വൈറ്റ് ബാൾ ടൂർണമെന്‍റിൽ ഇന്ത്യയുടെ തുടർച്ചയായ മൂന്നാം ഫൈനലാണിത്. ഞായറാഴ്ച ദുബൈ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ന്യൂസിലൻഡാണ് ഇന്ത്യയുടെ എതിരാളികൾ. ഗ്രൂപ്പ് റൗണ്ടിൽ കീവീസിനെ പരാജയപ്പെടുത്തിയത് ഇന്ത്യയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. ഇതിനിടെയാണ് ന്യൂസിലൻഡിന് ആശങ്കയായി സൂപ്പർതാരത്തിന്‍റെ പരിക്കും. ദക്ഷിണാഫ്രിക്കക്കെതിരായ സെമിയിൽ ടീമിന്‍റെ സ്റ്റാർ പേസർ മാറ്റ് ഹെൻറിക്ക് പരിക്കേറ്റതാണ് ടീമിനെ ആശങ്കപ്പെടുത്തുന്നത്. ദക്ഷിണാഫ്രിക്കയുടെ അപകടകാരിയായ ബാറ്റർ ഹെൻറിച്ച് ക്ലാസൻ പുറത്താകുന്നത് മാറ്റ് ഹെൻറിയുടെ നിർണായകമായ ഒരു ഡൈവിങ് ക്യാച്ചിലാണ്. ക്യാച്ചെടുക്കുന്നതിനിടെ ഹെൻറി തോൾ നിലത്തിടിച്ചാണ് വീണത്. പിന്നാലെ ഫിസിയോ എത്തി താരത്തെ പരിശോധിക്കുകയും പിന്നാലെ ഗ്രൗണ്ടിൽനിന്ന് കയറുകയും ചെയ്തിരുന്നു. മത്സരത്തിൽ 10 ഓവർ പൂർത്തിയാക്കാതെയാണ് താരം ഗ്രൗണ്ട് വിട്ടത്. ഏഴു ഓവർ എറിഞ്ഞ താരം 42 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തിരുന്നു.
ഹെൻറിയുടെ തോളിന് വേദനയുണ്ടെന്നും ഫൈനൽ കളിക്കാനാകുമോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്നും മത്സരശേഷം ന്യൂസിലൻഡ് നായകൻ മിച്ചൽ സാന്‍റനർ പ്രതികരിച്ചു. ദുബൈയിൽ നടന്ന ഗ്രൂപ്പ് മത്സരത്തിൽ താരത്തിന്‍റെ അഞ്ചു വിക്കറ്റ് പ്രകടനമാണ് ഇന്ത്യയുടെ സ്കോർ 249ൽ ഒതുക്കിയത്. ചാമ്പ്യൻസ് ട്രോഫിയുടെ ചരിത്രത്തിൽ ഇന്ത്യക്കെതിരെ അഞ്ചു വിക്കറ്റെടുക്കുന്ന ആദ്യ താരമെന്ന റെക്കോഡും ഹെൻറി സ്വന്തമാക്കി. അതുകൊണ്ടു തന്നെ താരത്തിന്‍റെ അസാന്നിധ്യം ഫൈനലിൽ ഇന്ത്യക്ക് വലിയ ആശ്വാസമാകും.
രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്കയെ 50 റൺസിന് തകർത്താണ് കിവീസ് കലാശപ്പോരിന് ടിക്കറ്റെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 362 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ പ്രോട്ടീസിന് 50 ഓവറിൽ ഒമ്പത് വിക്കറ്റിന് 312 റൺസെടുക്കാനെ കഴിഞ്ഞുള്ളു. വെടിക്കെട്ട് ബാറ്റിങ്ങുമായി ഇന്നിങ്സിന്‍റെ അവസാന പന്തിൽ സെഞ്ച്വറി പൂർത്തിയാക്കിയ ഡേവിഡ് മില്ലറാണ് ടീമിന്‍റെ തോൽവിഭാരം കുറച്ചത്.
67 പന്തിൽ നാലു സിക്സും 10 ഫോറുമടക്കം 100 റൺസെടുത്ത് താരം പുറത്താകാതെ നിന്നു. ഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കിവീസിന് ഓപ്പണർ രചിൻ രവീന്ദ്ര, കെയ്ൻ വില്യംസൺ എന്നിവരുടെ സെഞ്ച്വറികളാണ് കൂറ്റൻ സ്കോർ സമ്മാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.