രാജസ്ഥാൻ റോയൽസിന് പ്ലേ ഓഫ് സാധ്യതയുണ്ടോ? ഈ അത്ഭുതങ്ങൾ സംഭവിക്കണം!

ഐ.പി.എല്ലിലെ നിർണായക മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോട് നാണംകെട്ട തോൽവി വഴങ്ങിയതോടെ രാജസ്ഥാൻ റോയൽസിന്‍റെ പ്ലേ ഓഫ് സാധ്യത മങ്ങിയിരിക്കുകയാണ്. ബാറ്റിങ്ങിൽ ചീട്ടുകൊട്ടാരം കണക്കെ തകർന്നടിഞ്ഞ സഞ്ജുവും സംഘവും 112 റൺസിനാണ് തോറ്റത്.

ബാംഗ്ലൂർ കുറിച്ച 172 റൺസ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന്‍റെ ഇന്നിങ്സ് 59 റൺസിൽ അവസാനിച്ചു. സീസൺ ഗംഭീരമായി തുടങ്ങിയ രാജസ്ഥാൻ, പിന്നീടുള്ള മത്സരങ്ങളിൽ തോൽവി ചോദിച്ചുവാങ്ങുകയായിരുന്നു. ജയിച്ചെന്ന് ഉറപ്പിച്ച പല മത്സരങ്ങളും എതിരാളികൾക്കു മുന്നിൽ അടിയറവെക്കുന്നതാണ് കണ്ടത്. തോൽവിയോടെ ടീം പോയന്‍റ് പട്ടികയിൽ ആറാം സ്ഥാനത്തേക്ക് വീണു.

സീസണിലെ ആദ്യ അഞ്ചു മത്സരങ്ങളിൽ നാലെണ്ണവും ജയിച്ച് ഒരുവേള ഒന്നാം സ്ഥാനത്തായിരുന്നു. എന്നാൽ, പിന്നീടുള്ള എട്ടു മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് ടീമിന് ജയിക്കാനായത്. വെള്ളിയാഴ്ച പഞ്ചാബ് കിങ്സിനെതിരായ മത്സരം ജയിച്ചാലും പ്ലേ ഓഫിൽ കടക്കാനുള്ള സാധ്യത വിദൂരം മാത്രമാണ്. അത്ഭുതങ്ങൾ സംഭവിച്ചാൽ മാത്രമേ, രാജസ്ഥാന് പ്ലേ ഓഫിലേക്ക് കയറികൂടാനാകു.

മുംബൈ ഇന്ത്യൻസ് (12 മത്സരങ്ങളിൽ 14 പോയന്റ്), ലഖ്നോ സൂപ്പർ ജയന്റ്സ് (12 മത്സരങ്ങളിൽ 13 പോയന്റ്), റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (12 മത്സരങ്ങളിൽ 12 പോയന്റ്), കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ( 12 മത്സരങ്ങളിൽ 12 പോയന്റ്), പഞ്ചാബ് കിങ്സ് (12 മത്സരങ്ങളിൽ 12 പോയിന്റ്), സൺറൈസേഴ്സ് ഹൈദരാബാദ് (11 മത്സരങ്ങളിൽ എട്ട് പോയന്റ്) എന്നിവർക്കെല്ലാം പ്ലേ ഓഫിനുള്ള സാധ്യതയുണ്ട്.

പഞ്ചാബിനെതിരായ മത്സരം വലിയ മാർജിനിൽ ജയിച്ചാൽ മാത്രം പോരാ, രാജസ്ഥാന് പ്ലേ ഓഫിലെത്താൻ മറ്റു മത്സര ഫലങ്ങളും നിർണായകമാണ്. ഇനിയുള്ള രണ്ട് മത്സരങ്ങളിലും മുംബൈ ഇന്ത്യൻസ് തോൽക്കണം. ലഖ്നോ സൂപ്പർ ജയന്റ്സിനും സൺറൈസേഴ്സ് ഹൈദരാബാദിനുമെതിരെയാണ് മുംബൈയുടെ മത്സരങ്ങൾ. ലഖ്നോ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ അവസാന മത്സരം തോൽക്കണം. ആർ.സി.ബിയുടെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും തോൽക്കണം. ഹൈദരാബാദിനോടും ഗുജറാത്ത് ടൈറ്റൻസിനോടുമാണ് ആർ.സി.ബിയുടെ മത്സരം.

ഡൽഹി കാപിറ്റൽസ് പഞ്ചാബ് കിങ്സിനെ തോൽപിക്കണം. ഇതിനൊപ്പം കൊൽക്കത്ത-സൺറൈസേഴ്‌സ് മത്സരവും രാജസ്ഥാന് നിർണായകമാണ്. ഇതെല്ലാം നടക്കുകയും നല്ല റൺ റേറ്റും ഉണ്ടെങ്കിൽ പ്ലേ ഓഫിൽ കയറാം.

Tags:    
News Summary - Can Rajasthan Royals make the playoffs? These miracles must happen!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.