പുറത്തുവന്നത് പാകിസ്താന്‍റെ തീവ്രവാദ ചിന്താഗതി; വിജയം ഗസ്സയിലെ സഹോദരങ്ങൾക്ക് സമർപ്പിച്ച റിസ്‍വാനെതിരെ ബി.ജെ.പി

ലോകകപ്പിൽ ശ്രീലങ്കക്കെതിരെ നേടിയ പാകിസ്താന്‍റെ ത്രസിപ്പിക്കുന്ന ജയം മുഹമ്മദ് റിസ്‍വാൻ ഗസ്സയിലെ സഹോദരങ്ങൾക്ക് സമർപ്പിച്ചതിനെ വിമർശിച്ച് ബി.ജെ.പി. മുഹമ്മദ് റിസ്‍വാന്‍റെയും അബ്ദുല്ല ഷെഫീഖിന്‍റെയും സെഞ്ച്വറി കരുത്തിലാണ് ലങ്കയുടെ റൺമല പാകിസ്താൻ മറികടന്നത്.

ആദ്യം ബാറ്റ് ചെയ്ത ലങ്ക 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 344 റൺസെടുത്തത്. മറുപടി ബാറ്റിങ്ങിൽ പാകിസ്താൻ 48.2 ഓവറിൽ നാലു വിക്കറ്റിന് ലക്ഷ്യത്തിലെത്തി. ‘ഗസ്സയിലെ സഹോദരങ്ങൾക്കുള്ളതാണ് ഈ വിജയം. വിജയത്തിൽ പങ്കുവഹിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. ക്രെഡിറ്റ് മുഴുവൻ ടീം അംഗങ്ങൾക്കും, പ്രത്യേകിച്ച് വിജയം അനായാസമാക്കിയതിന് അബ്ദുല്ല ഷഫീക്കിനും ഹസ്സൻ അലിക്കും അവകാശപ്പെട്ടതാണ്. ഹൈദരാബാദിലെ ജനങ്ങൾ നൽകിയ പിന്തുണക്കും ആതിഥ്യമര്യാദക്കും വളരെ നന്ദിയുണ്ട്’ - എന്നായിരുന്നു റിസ്‍വാൻ സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചത്.

എന്നാൽ റിസ്‍വാന്‍റെ കുറിപ്പ് രാഷ്ട്രീയ നിറമുള്ളതാണെന്ന് ബി.ജെ.പി ദേശീയ വക്താവ് ആർ.പി. സിങ്ങും ബി.ജെ.പി എം.എൽ.എ രാം കദമും കുറ്റപ്പെടുത്തി. വിജയം ഗസ്സയിലെ ജനങ്ങൾക്ക് സമർപ്പിക്കുന്നതിലൂടെ പാകിസ്താൻ എന്നും ഭീകരവാദത്തെ പിന്തുണക്കുന്നവരാണെന്ന് കാണിക്കുന്നു. ചൈനയിലെ ഉയ്ഗൂർ മുസ്‌ലിംകൾക്ക് എന്തുകൊണ്ട് റിസ്‌വാൻ ഈ വിജയം സമർപ്പിച്ചില്ലെന്നും ആർ.പി. സിങ് ചോദിച്ചു.

റിസ്‍വാന്‍റെ പരാമർശത്തിലൂടെ തീവ്രവാദത്തെ പിന്തുണക്കുന്ന പാകിസ്താന്‍റെ മനോനിലയാണ് പുറത്തുവന്നതെന്ന് രാം കദം കുറ്റപ്പെടുത്തി. ലോകകപ്പ് ചരിത്രത്തിൽ ഒരു ടീം പിന്തുടർന്ന് ജയിക്കുന്ന ഏറ്റവും ഉയർന്ന സ്കോർ എന്ന റെക്കോഡാണ് പാകിസ്താൻ മത്സരം ജയിച്ചതിലൂടെ സ്വന്തമാക്കിയത്. 121 പന്തിൽ 131 റൺസെടുത്ത് അപരാജിത ഇന്നിങ്സ് കാഴ്ചവെച്ച റിസ്‍വാനായിരുന്നു വിജയശിൽപി.

Tags:    
News Summary - BJP On Mohammad Rizwan Dedicating Team's Win Against SL To 'Brothers And Sisters In Gaza'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.