ബംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗ് കന്നികിരീടത്തിനായി ഇന്നിറങ്ങുന്ന റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിന് ആശംസകൾ നേർന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ.
'18 വർഷമായി ഞങ്ങൾ കാത്തിരിക്കുന്നത് ഈ ദിവസത്തിന് വേണ്ടിയാണ്. എല്ലാ പ്രാർത്ഥനയും ആഹ്ലാദവും ഹൃദയമിടിപ്പുമെല്ലാം എത്തിച്ചേരുന്നത് ഈ ദിവസത്തിലേക്കാണ്. നമ്മുടെ നിമിഷം. നമ്മുടെ കപ്പ്. എല്ലാ ആശംസകളും നേരുന്നു. കർണാടക നിങ്ങളുടെ കൂടെയുണ്ട്. ബോയ്സ്, കപ്പ് വീട്ടിലേക്ക് കൊണ്ടുവരൂ. കർണാടക മൊത്തം കാത്തിക്കുന്നു ആ നിമിഷത്തിന് വേണ്ടി'. എന്നാണ് ഡി.കെ ശിവകുമാർ എക്സ് പോസ്റ്റിൽ പറഞ്ഞത്.
ഇന്ന് രാത്രി 7.30 മുതൽ അഹമ്മദാബാദ് മൊട്ടേര സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവും പഞ്ചാബ് കിങ്സുമാണ് ഏറ്റുമുട്ടുന്നത്.
രജത് പാട്ടിദാർ നയിക്കുന്ന ആർ.സി.ബിയും ശ്രേയസ് അയ്യർക്ക് കീഴിൽ ഇറങ്ങുന്ന പഞ്ചാബും ലീഗ് റൗണ്ടിൽ മികച്ച പ്രകടനം കാഴ്ചവെച്ചവരാണ്. ഒന്നാം ക്വാളിഫയറിൽ പഞ്ചാബിനെതിരെ വൻ ജയവുമായി ആർ.സി.ബി നേരിട്ട് ഫൈനലിൽ എത്തിയത്.
ഇന്ത്യയുടെ സൂപ്പർ ബാറ്ററായ വിരാട് കോഹ്ലി കളിക്കുന്നത് 18ാം സീസണാണ്. അതായത് ഐ.പി.എല്ലിന്റെ തുടക്കം മുതൽ കോഹ്ലി കളത്തിലുണ്ട്. മാത്രമല്ല അന്നുതൊട്ട് ഇന്നോളം ഒറ്റ ടീമിന്റെ ജഴ്സിയേ താരം അണിഞ്ഞിട്ടുള്ളൂ. ഐ.പി.എല്ലിലെ മാത്രമല്ല ആഭ്യന്തര ക്രിക്കറ്റ് ലീഗുകളിലേ തന്നെ അപൂർവതയാണിത്.
ഇന്ത്യക്കായി ഏകദിന, ട്വന്റി 20 ലോകകിരീടങ്ങളെല്ലാം നേടിയിട്ടുള്ള കോഹ്ലിക്ക് പക്ഷെ ഐ.പി.എൽ ട്രോഫി ഇനിയും മരീചികയാണ്. മുമ്പ് മൂന്ന് തവണ ഫൈനലിൽ കളിച്ചിട്ടും കപ്പിൽ തൊടാനായിട്ടില്ല. ട്വന്റി 20യിലും ടെസ്റ്റിൽനിന്നും വിരമിച്ച കോഹ്ലി സമീപഭാവിയിൽ ഏകദിനവും മതിയാക്കുമെന്നുറപ്പാണ്. ഐ.പി.എല്ലിലും പിന്നെ അധികനാൾ കണ്ടെന്നു വരില്ല. പ്രീമിയർ ലീഗ് കിരീടമില്ലാത്ത രാജാവായി കിങ് കോഹ്ലി വിരമിക്കരുതെന്നാണ് ആരാധകരുടെ ആഗ്രഹം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.