ഇന്ത്യയെ വീഴ്ത്തി ഇംഗ്ലണ്ട് ഫൈനലിലെത്തുമ്പോൾ പൊങ്ങിവന്ന് ബെൻ സ്റ്റോക്സിന്റെ ഒരു വർഷം മുമ്പുള്ള ട്വീറ്റ്

സിഡ്നി: എല്ലാം കണക്കുകൂട്ടിയവരെ പോലെയായിരുന്നു അഡ്ലെയ്ഡ് മൈതാനത്ത് ട്വന്റി20 ലോകകപ്പ് സെമിയിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന്റെ പ്രകടനം. ടോസ് നേടി ബാറ്റിങ്ങിനു പകരം ഫീൽഡിങ് തെരഞ്ഞെടുക്കുന്നു. ആദ്യം ബാറ്റു ചെയ്ത ഇന്ത്യയെ ശരാശരി സ്കോറിൽ ഒതുക്കുന്നു. മറുപടി ബാറ്റിങ്ങിന് എത്തിയ ഓപണർമാർ എല്ലാം നിസ്സാരമെന്ന ഭാവത്തിൽ കളിയേറെ ബാക്കിനിൽക്കെ 10 വിക്കറ്റ് ജയവുമായി മൈതാനത്ത് ആഘോഷം ഗംഭീരമാക്കുന്നു.

എന്തുകൊണ്ട് തോറ്റുവെന്ന വിലയിരുത്തലുകൾ ഇന്ത്യയിൽ ഇനിയും അവസാനിച്ചിട്ടില്ല. അതിനിടെയാണ് ഇംഗ്ലീഷ് നായകൻ ബെൻ സ്റ്റോക്സ് ഒരു വർഷം മുമ്പ് ട്വിറ്ററിൽ കുറിച്ചിട്ട പ്രവചനം വീണ്ടും വാർത്തയാകുന്നത്. 2021 ഒക്ടോബർ 29നായിരുന്നു സ്റ്റോക്സിന്റെ ആ ട്വീറ്റ്. ''ഇംഗ്ലണ്ട്- പാകിസ്താൻ ഫൈനൽ??''. എന്നു മാത്രം കുറിച്ചിട്ടത് ഒരു വർഷവും അൽപം ദിവസങ്ങളും കഴിഞ്ഞ് അതേ പടി യാഥാർഥ്യമായിരിക്കുകയാണ്.

2016 ട്വന്റി20 ലോകകപ്പിൽ ഫൈനൽ കളിച്ച ഇംഗ്ലീഷ് ടീമിൽ അംഗമായിരുന്നു സ്റ്റോക്സ്. ഫൈനലിൽ വിൻഡീസിനെതിരെ നിർണായക ഓവർ എറിഞ്ഞതും സ്റ്റോക്സ് തന്നെ. എന്നാൽ, കാർലോസ് ബ്രെത്വെയ്റ്റ് എന്ന മാസ് ഹിറ്റർ തുടർച്ചയായ നാലു സിക്സറുകൾ പറത്തി കരീബിയൻ സംഘത്തെ കിരീടത്തിലെത്തിച്ചു.

അന്നത്തെ കിരീട നഷ്ടത്തിന് ഇത്തവണ പ്രായശ്ചിത്തം ചെയ്യാനാണ് സ്റ്റോക്സിന് അവസരം കൈവന്നിരിക്കുന്നത്. അങ്ങനെ വന്നാൽ, ടീമിന് ഇത് രണ്ടാം ട്വന്റി20 കിരീടമാകും. 2010ൽ ആസ്ട്രേലിയയെ വീഴ്ത്തി ലോകകിരീടം ചൂടിയതാണ് ആദ്യ നേട്ടം. 

Tags:    
News Summary - Ben Stokes' 12-month-old tweet resurfaces after England drub India in T20 World Cup 2022 semi-final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.