സെഞ്ച്വറിയുമായി തകർത്താടിയ പന്തിന് ‘പണി’ കൊടുത്ത് ബി.സി.സി.ഐ! സഹതാരങ്ങൾക്കും കിട്ടി...

ലഖ്‌നോ: ഐ.പി.എൽ ചരിത്രത്തിലെ റെക്കോഡ് തുകക്ക് ലഖ്നോ സൂപ്പർ ജയന്‍റ്സിലെത്തിയ ഋഷഭ് പന്ത് പൂരത്തിനൊടുവിലാണ് വെടിപൊട്ടിച്ചത്! മോശം ഫോമിന്റെ പേരിൽ സീസണിൽ നിരന്തരം പഴികേട്ട പന്ത് ഒടുവിൽ അവസാന മത്സരത്തിൽ സെഞ്ച്വറിയുമായി തകർത്താടി. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരെ 61 പന്തിൽ 11 ഫോറും എട്ട് സിക്‌സും സഹിതം 118 റൺസുമായി പന്ത് പുറത്താകാതെ നിന്നു.

ഏഴ് വർഷത്തെ ഇടവേളക്ക് ശേഷമാണ് പന്ത് വീണ്ടും മൂന്നക്കം തൊട്ടത്. പന്തിന്‍റെ സെഞ്ച്വറിയുടെ കരുത്തിൽ ടീം 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 227 റൺസെടുത്തിട്ടും ടീമിന് ജയിക്കാനായില്ല. ആറു വിക്കറ്റ് ജയവുമായി ആർ.സി.ബി രണ്ടാം സ്ഥാനം ഉറപ്പിച്ച് ക്വാളിഫയറിൽ. മത്സരത്തിനൊടുവിൽ പെരുമാറ്റചട്ടം ലംഘിച്ചതിന് പന്തിനും സഹതാരങ്ങൾക്കും ബി.സി.സി.ഐ വക പണിയും കിട്ടി. കുറഞ്ഞ ഓവർ നിരക്കിന്‍റെ പേരിൽ 30 ലക്ഷം രൂപയാണ് പന്തിന് പിഴ ചുമത്തിയത്. സാധാരണ ഓവർ നിരക്കിനുള്ള 12 ലക്ഷം രൂപയേക്കാൾ ഉയർന്ന പിഴയാണിത്. സീസണിൽ മൂന്നാം തവണയാണ് ലഖ്നോ കുറഞ്ഞ ഓവർ നിരക്ക് കുറ്റം ആവർത്തിക്കുന്നത്. കുറ്റം ആവർത്തിച്ചതിനാണ് വലിയ തുക പിഴയാണ് ഒടുക്കേണ്ടി വന്നത്.

‘ലഖ്നോവിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരെ നടന്ന ലീഗ് റൗണ്ടിലെ അവസാന മത്സരത്തിൽ കുറഞ്ഞ ഓവർ നിരക്കിന് എൽ.എസ്.ജി നായകൻ ഋഷഭ് പന്തിന് പിഴ ചുമത്തി’ -ബി.സി.സി.ഐ പത്രക്കുറിപ്പിൽ അറിയിച്ചു. സീസണിൽ മൂന്നാം തവണയാണ് ടീം കുറഞ്ഞ ഓവർ നിരക്ക് കുറ്റം ആവർത്തിക്കുന്നത്. ഇംപാക്ട് പ്ലെയർ ഉൾപ്പെടെ ടീമിലെ മറ്റു താരങ്ങൾ മാച്ച് ഫീയുടെ പകുതി തുക, അല്ലെങ്കിൽ 12 ലക്ഷം രൂപ എന്നിവയിൽ ഏതാണ് കുറവ് ആ തുക പിഴയൊടുക്കണം.

അവസാന ഓവറുകളിൽ താൽക്കാലിക നായകനും വിക്കറ്റ് കീപ്പറുമായ ജിതേഷ് ശർമ നടത്തിയ വെടിക്കെട്ട് ഇന്നിങ്സാണ് ടീമിന്‍റെ ജയത്തിൽ നിർണായകമായത്. 33 പന്തിൽ ആറു സിക്സും എട്ടു ഫോറുമടക്കം 85 റൺസെടുത്ത് ജിതേഷ് പുറത്താകാതെ നിന്നു. ലഖ്നോ 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 227 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ആർ.സി.ബിക്ക് ഓപ്പണർമാരായ ഫിൽ സാൾട്ടും (30) വിരാട് കോഹ്ലിയും (54) മികച്ച തുടക്കം നൽകി.

ഒന്നാം വിക്കറ്റിൽ ഇരുവരും 5.4 ഓവറിൽ 61 റൺസെടുത്തു. പിന്നാലെ ടീം 12 ഓവറിൽ നാലു വിക്കറ്റിന് 123 റൺസ് എന്ന നിലയിലേക്ക് വീണു. തോൽവി തുറിച്ചുനോക്കുന്നതിനിടെ മായങ്ക് അഗർവാളും ജിതേഷ് ശർമയും നടത്തിയ അപരാജിത പോരാട്ടമാണ് ടീമിനെ ജയിപ്പിച്ചത്. 23 പന്തിൽ 41 റൺസാണ് മായങ്കിന്‍റെ സമ്പാദ്യം.

Tags:    
News Summary - BCCI punishes Rishabh Pant for breaching IPL Code of Conduct

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.