ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിലെ നിർണായക പോരിൽ ദക്ഷിണാഫ്രിക്കക്കെതിരെ ബംഗ്ലാദേശിന് 114 റൺസ് വിജയലക്ഷ്യം. 23 റൺസെടുക്കുന്നതിനിടെ നാല് വിക്കറ്റ് വീണ് വൻ തകർച്ച മുന്നിൽകണ്ട ദക്ഷിണാഫ്രിക്കയെ അഞ്ചാം വിക്കറ്റിൽ ഒരുമിച്ച ഹെന്റിച്ച് ക്ലാസനും ഡേവിഡ് മില്ലറും ചേർന്നാണ് നാണക്കേടിൽനിന്ന് കരകയറ്റിയത്. ബംഗ്ലാദേശ് ബൗളർമാരെ ക്ഷമയോടെ നേരിട്ട് ഇരുവരും ചേർന്ന് 79 പന്തിൽ അത്രയും റൺസാണ് സ്കോർ ബോർഡിൽ ചേർത്തത്. ക്ലാസൻ 44 പന്ത് നേരിട്ട് മൂന്ന് സിക്സും രണ്ട് ഫോറുമടക്കം 46 റൺസടിച്ച് ടസ്കിൻ അഹ്മദിന്റെ പന്തിൽ ബൗൾഡായി മടങ്ങിയപ്പോൾ ക്ലാസൻ 38 പന്ത് നേരിട്ട് ഓരോ സിക്സും ഫോറും സഹിതം 29 റൺസെടുത്ത് പുറത്തായി.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയുടെ തുടക്കം തകർച്ചയോടെയായിരുന്നു. സ്കോർ ബോർഡിൽ 11 റൺസായപ്പോൾ ആദ്യ വിക്കറ്റ് വീണു. നേരിട്ട ആദ്യ പന്തിൽ റൺസൊന്നുമെടുക്കാനാകാതെ റീസ ഹെന്റിക്സാണ് മടങ്ങിയത്. തൻസീം ഹസൻ ശാകിബിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു. എട്ട് റൺസ് കൂടി സ്കോർ ബോർഡിൽ ചേർത്തപ്പോഴേക്കും തൻസീം അടുത്ത ആഘാതമേൽപിച്ചു. ഇത്തവണ ക്വിന്റൺ ഡി കോക്ക് ബൗൾഡാവുകയായിരുന്നു. 11 പന്തിൽ 18 റൺസായിരുന്നു ഡി കോക്കിന്റെ സമ്പാദ്യം. വൈകാതെ എയ്ഡൻ മർക്രാമും (4), ട്രിസ്റ്റൺ സ്റ്റബ്സും (0) വീണു. തുടർന്നായിരുന്നു ക്ലാസൻ-മില്ലർ കൂട്ടുകെട്ടിന്റെ രക്ഷാപ്രവർത്തനം. മാർകോ ജാൻസൻ (5), കേശവ് മഹാരാജ് (4) എന്നിവർ പുറത്താകാതെനിന്നു. ആറ് വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക 113ലെത്തിയത്.
ബംഗ്ലാദേശിനായി തൻസിം ഹസൻ ശാകിബ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ടസ്കിൻ അഹ്മദ് രണ്ടും റിഷാദ് ഹുസൈൻ ഒന്നും വിക്കറ്റ് നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.