ഇസ്ലാമാബാദ്: പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്‍റെ (പി.സി.ബി) താരങ്ങൾക്കുള്ള പുതിയ വാർഷിക കരാറിൽ മുൻ നായകൻ ബാബർ അസമിനും നിലവിലെ ഏകദിന നായകൻ മുഹമ്മദ് റിസ്‌വാനും തിരിച്ചടി! പി.സി.ബിയുടെ താരങ്ങൾക്കുള്ള പുതിയ കരാറിൽ ഇരുവരെയും ‘എ’ വിഭാഗത്തിൽനിന്ന് ‘ബി’ വിഭാഗത്തിലേക്ക് തരംതാഴ്ത്തി. 2025-26 കാലയളവിലേക്കുള്ള താരങ്ങൾക്കുള്ള കരാറിൽ എ വിഭാഗത്തിൽ ആരെയും ഉൾപ്പെടുത്തിയിട്ടില്ല. ബി, സി, ഡി വിഭാഗങ്ങളിലായി 30 താരങ്ങളെയാണ് ബോർഡ് വാർഷിക കരാറിൽ ഉൾപ്പെടുത്തിയത്.
കഴിഞ്ഞദിവസം പ്രഖ്യാപിച്ച ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിനുള്ള സ്ക്വാഡിൽനിന്നും പി.സി.ബി ബാബറിനെയും റിസ്‌വാനെയും ഒഴിവാക്കിയിരുന്നു. 17 അംഗ സ്ക്വാഡിനെയാണ് പ്രഖ്യാപിച്ചത്. സൽമാൻ അലി ആഘയാണ് ടീം ക്യാപ്റ്റൻ. യു.എ.ഇയിൽ നടക്കുന്ന ത്രിരാഷ്ട്ര ടൂർണമെന്‍റിലും ഈ ടീം തന്നെയാണ് കളിക്കുക. ഈമാസം 29 മുതൽ സെപ്റ്റംബർ ഏഴു വരെ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയിൽ പാകിസ്താനു പുറമെ, അഫ്ഗാനിസ്ഥാൻ, യു.എ.ഇ ടീമുകളാണ് കളിക്കുന്നത്. ഇതിനു പിന്നാലെയാണ് സെപ്റ്റംബർ ഒമ്പതു മുതൽ 28 വരെ യു.എ.ഇയിൽ ഏഷ്യ കപ്പ് നടക്കുന്നത്.
‘2025 ജൂലൈ ഒന്നു മുതൽ 2026 ജൂൺ 30 വരെയുള്ള കരാർ, ദേശീയ പ്രതിഭകളെ അംഗീകരിക്കുന്നതിനും പിന്തുണക്കുന്നതിനുമുള്ള ബോർഡിന്റെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നതാണ്. ഈ വർഷത്തെ പട്ടികയിൽ ബി, സി, ഡി എന്നീ വിഭാഗങ്ങളിലായി പത്ത് കളിക്കാർ വീതം ഇടം നേടിയിട്ടുണ്ട്. കാറ്റഗറി എയിൽ ഒരു താരത്തെയും ഉൾപ്പെടുത്തിയിട്ടില്ല’ -പി.സി.ബി പത്രക്കുറിപ്പിൽ അറിയിച്ചു. ഓരോ വിഭാഗത്തിലും താരങ്ങൾക്ക് ലഭിക്കുന്ന പ്രതിഫലം വെളിപ്പെടുത്തിയിട്ടില്ല. ട്വന്‍റി20 ലോകകപ്പിലും ഐ.സി.സി ചാമ്പ്യൻസ് ട്രോഫിയിലും ഉൾപ്പെടെ പ്രധാന ടൂർണമെന്‍റുകളിലെല്ലാം ബാബറും റിസ്‌വാനും നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്.
ട്വന്‍റി20 നായകൻ സൽമാൻ അലി ആഘ, സായിം അയ്യൂബ്, ഹാരിസ് റൗഫ് എന്നിവരെ സി വിഭാഗത്തിൽനിന്ന് ബിയിലേക്ക് മാറ്റി. എട്ടു പേരെ പി.സി.ബിയുടെ വാർഷിക കരാറിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. അമീർ ജമാൽ, ഹസീബുല്ല, കംറാൻ ഘുലാം, മിർ ഹംസ, മുഹമ്മദ് അലി, മുഹമ്മദ് ഹുറൈറ, മുഹമ്മദ് ഇർഫാൻ ഖാൻ, ഉസ്മാൻ ഖാൻ എന്നിവരെയാണ് ഒഴിവാക്കിയത്.
ഏഷ്യ കപ്പിനുള്ള പാകിസ്താൻ സ്ക്വാഡ്;
സൽമാൻ അലി ആഘ (ക്യാപ്റ്റൻ), അബ്രാർ അഹ്മദ്, ഫഹീം അഷ്റഫ്, ഫഖർ സമാൻ, ഹാരിസ് റൗഫ്, ഹസൻ അലി, ഹസൻ നവാസ്, ഹുസൈൻ തലാത്ത്, ഖുഷ്ദിൽ ഷാ, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പർ), മുഹമ്മദ് നവാസ്, മുഹമ്മദ് വസീം, ഫർഹാൻ, സായിം അയ്യൂബ്, സൽമാൻ മിർസ, ഷഹീൻ ഷാ അഫ്രീദി, സുഫിയാൻ മുഖീം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.