രോഹിത് ശർമയും അക്സർ പട്ടേലും

‘ക്യാച്ച് കൈവിട്ടതിന് രോഹിത് ഡിന്നർ വാങ്ങിത്തന്നോ?’; മറുപടിയുമായി അക്സർ പട്ടേൽ

ദുബൈ: അക്സർ പട്ടേലിന് ഏകദിന കരിയറിലെ ആദ്യ ഹാട്രിക് വിക്കറ്റ് നേടാനുള്ള അവസരമായിരുന്നു ചാമ്പ്യൻസ് ട്രോഫിയിൽ ബംഗ്ലാദോശിനെതിരായ മത്സരത്തിൽ നഷ്ടമായത്. അക്സറിന്‍റെ ഹാട്രിക്ക് ബോളില്‍ ബംഗ്ലാദേശ് താരം ജേക്കര്‍ അലി നല്‍കിയ അനായാസ ക്യാച്ച് രോഹിത് ശര്‍മ സ്ലിപ്പില്‍ കൈവിടുകയായിരുന്നു. ക്യാച്ച് കൈവിട്ടതിന് പിന്നാലെ അരിശത്തോടെ ഗ്രൗണ്ടില്‍ ആഞ്ഞടിച്ച രോഹിത് അക്സറിനെ നോക്കി കൈ കൂപ്പി ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.

മത്സരശേഷം ഇതേക്കുറിച്ച് ചോദിച്ചപ്പോൾ, അക്സറിനെക്കൂട്ടി നാളെ ഡിന്നറിന് പോകുമെന്ന് രോഹിത് ചിരിച്ചുകൊണ്ട് മറുപടി നല്‍കിയത് വാർത്തയായിരുന്നു. ഇപ്പോൾ രോഹിത് വാഗ്ദാനം ചെയ്ത ഡിന്നര്‍ കിട്ടിയോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് അക്സര്‍ പട്ടേല്‍. രോഹിത്തില്‍ നിന്ന് ഇതുവരെ ഡിന്നറൊന്നും കിട്ടിയില്ലെന്നും ഇനി ഒരാഴ്ചത്തെ ഇടവേളയുള്ളതിനാല്‍ രോഹിത്തിനെ ഡിന്നറിന്‍റെ കാര്യം ഓര്‍മിപ്പിക്കണമെന്നും അക്സര്‍ ഐ.സി.സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇന്ത്യ സെമിയിലെത്തിയതിനാലും അടുത്ത മത്സരം ഞായറാഴ്ച ആയതിനാലും ഒരാഴ്ചത്തെ ഇടവേളയുണ്ട്. ഈ ഇടവേളയില്‍ രോഹിത്തിനെ ഇക്കാര്യം ഓര്‍മിപ്പിക്കാന്‍ തനിക്ക് അവസരം കിട്ടുമെന്നാണ് കരുതുന്നതെന്നും അക്സര്‍ പറഞ്ഞു.

ബംഗ്ലാദേശ് ഇന്നിങ്സിലെ ഒമ്പതാം ഓവറിലായിരുന്നു തുടര്‍ച്ചയായ പന്തുകളില്‍ തന്‍സിദ് ഹസനെയും മുഷ്ഫീഖുര്‍ റഹീമിനെയും പുറത്താക്കിയ അക്സര്‍ മൂന്നാം പന്തില്‍ ജേക്കര്‍ അലിയെ സ്ലിപ്പില്‍ രോഹിത്തിന്‍റെ കൈകളിലെത്തിച്ചത്. രോഹിത് ക്യാച്ച് കൈയിലൊതുക്കിയെന്ന് ഉറപ്പിച്ച് അക്സര്‍ ആഘോഷിക്കാന്‍ തുടങ്ങിയെങ്കിലും രോഹിത് കൈവിട്ടതോടെ താന്‍ പിന്നീട് അങ്ങോട്ട് നോക്കിയില്ലെന്ന് അക്സറും പറഞ്ഞിരുന്നു.

ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ആറ് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 49.4 ഓവറില്‍ 228 റണ്‍സിന് പുറത്തായപ്പോൾ ഇന്ത്യ 46.3 ഓവറില്‍ ലക്ഷ്യത്തിലെത്തി. രണ്ടാം മത്സരത്തിൽ പാകിസ്താനെയും ഇന്ത്യ തോൽപിച്ചു. കഴിഞ്ഞ ദിവസം ബംഗ്ലാദേശിനെതിരെ ന്യൂസിലൻഡ് ജയിച്ചതോടെ, അവർക്കൊപ്പം ഇന്ത്യയും സെമി ബർത്ത് ഉറപ്പിച്ചു. കളിച്ച രണ്ട് മത്സരത്തിലും തോറ്റ പാകിസ്താനും ബംഗ്ലാദേശും ടൂർണമെന്‍റിൽനിന്ന് പുറത്തായി. ഞായറാഴ്ച ന്യൂസിലൻഡിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ജയിക്കുന്ന ടീം ഗ്രൂപ് ചാമ്പ്യൻമാരാകും.

Tags:    
News Summary - Axar Patel reveals whether Rohit Sharma took him out to dinner as compensation for drop catch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.