ലഖ്നോ: ഓൾ റൗണ്ട് മികവിലാണ് ലോകകപ്പ് മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ആസ്ട്രേലിയയെ ദക്ഷിണാഫ്രിക്ക തരിപ്പണമാക്കിയത്. 134 റൺസിനായിരുന്നു പ്രോട്ടീസിന്‍റെ ജയം.
ലോകകപ്പിലെ ഓസീസിന്‍റെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. എന്നാൽ, മത്സരത്തിൽ മാർകസ് സ്റ്റോയിനിസിന്‍റെ ഔട്ട് വിധിച്ച മൂന്നാം അമ്പയറുടെ തീരുമാനം വിവാദത്തിന് തിരികൊളുത്തി. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 70 റൺസെന്ന നിലയിൽ ആസ്ട്രേലിയ വലിയ തകർച്ചയെ നേരിട്ടുകൊണ്ടിരിക്കെ, കഗിസോ റബാദ എറിഞ്ഞ 18ാം ഓവറിലെ രണ്ടാം പന്തിലാണ് സ്റ്റോയിനിസ് പുറത്താകുന്നത്.
ഗ്ലൗസിൽ തൊട്ടുതൊട്ടില്ലെന്ന മട്ടിൽ പോയ പന്ത് വിക്കറ്റ് കീപ്പർ ക്വിന്‍റൻ ഡി കോക്ക് കൈയിലൊതുക്കി. പിന്നാലെ ദക്ഷിണാഫ്രിക്ക റിവ്യു ആവശ്യപ്പെട്ടു. പരിശോധനയിൽ മൂന്നാം അമ്പയർ ഔട്ട് വിധിക്കുകയും ചെയ്തു. എന്നാൽ, പന്തു തൊടുമ്പോൾ തന്‍റെ കൈ ബാറ്റ് ഹാൻഡിലിൽ സ്പർശിച്ചില്ലെന്നായിരുന്നു സ്റ്റോയിനിസിന്‍റെ വാദം. ഇത്തരം സാഹചര്യങ്ങളിൽ അമ്പയറുടെ തീരുമാനം അംഗീകരിക്കണമന്നും പുറത്താകലിനെക്കുറിച്ച് ഐ.സി.സിയിൽനിന്ന് എന്തെങ്കിലും വിശദീകരണം ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നും മത്സരശേഷം ഓസീസ് പരിശീലകൻ ആൻഡ്ര്യൂ മക്ഡൊണാൾഡ് പ്രതികരിച്ചു.
ഐ.സി.സിയിൽനിന്ന് ടീം വ്യക്തത തേടുമെന്ന് ഈ സമയം നോൺ സ്ട്രൈക്ക് എൻഡിലുണ്ടായിരുന്ന മാർനസ് ലബുഷെയ്ൻ പറഞ്ഞു. ‘ഞങ്ങൾക്ക് വ്യക്ത കിട്ടേണ്ടതുണ്ട്, അല്ലെങ്കിൽ ആവശ്യപ്പെടും. കാരണം ഇതൊരു ലോകകപ്പാണ്’ -ലബുഷെയ്ൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.