അഡലെയ്ഡിലും ഇംഗ്ലണ്ട് ചാരം; ആഷസ് നിലനിർത്തി ഓസീസ് (3-0), മൂന്നാം ടെസ്റ്റിൽ 82 റൺസ് ജയം

അഡലെയ്ഡ്: അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല, അഡലെയ്ഡിലും ഇംഗ്ലണ്ട് വീണു. ആഷസ് പരമ്പര ഓസീസ് നിലനിർത്തി. മൂന്നാം ടെസ്റ്റിൽ 82 റൺസിനായിരുന്നു ആതിഥേയരുടെ ജയം.

രണ്ടു ടെസ്റ്റ് മത്സരങ്ങൾ ബാക്കി നിൽക്കെ, 3-0ത്തിനാണ് ഓസീസ് പരമ്പര സ്വന്തമാക്കിയത്. ഓസീസ് ഉയർത്തിയ 435 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 352 റൺസിന് പുറത്തായി. സ്കോർ: ആസ്ട്രേലിയ -371, 349. ഇംഗ്ലണ്ട് -286, 352. മിച്ചൽ സ്റ്റാർക്, പാറ്റ് കമ്മിൻസ്, നഥാൻ ലിയോൺ എന്നിവരുടെ മൂന്നു വിക്കറ്റ് പ്രകടനമാണ് രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിനെ തകർത്തത്. അഞ്ചാം ദിനം നാല് വിക്കറ്റ് ശേഷിക്കെ ഇംഗ്ലീഷുകാർക്ക് ജയിക്കാൻ 228 റൺസായിരുന്നു വേണ്ടിയിരുന്നത്.

ആറുവിക്കറ്റിന് 207 റൺസെന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിനുവേണ്ടി ജാമി സ്മിത്തും വിൽ ജാക്സും പൊരുതിനിന്നു സ്കോർ ഉയർത്തി. ഇരുവരും അർധസെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തിയതോടെ ടീം സ്കോർ 250 കടന്നു, ഇംഗ്ലണ്ടിന് നേരിയ വിജയപ്രതീക്ഷ. അർധ സെഞ്ച്വറിക്കു പിന്നാലെ ജാമി സ്മിത്ത് പുറത്തായി. 83 പന്തിൽ രണ്ടു സിക്സും ഏഴു ഫോറുമടക്കം 60 റൺസെടുത്ത സ്മിത്തിനെ സ്റ്റാർക് കമ്മിൻസിന്‍റെ കൈകളിലെത്തിച്ചു.

ബ്രൈഡൻ കാഴ്സുമായി ചേർന്ന് വിൽ ജാക്സ് ടീം സ്കോർ മുന്നൂറ് കടത്തി. പിന്നാലെ 137 പന്തിൽ 47 റൺസെടുത്ത ജാക്സിനെ സ്റ്റാർക് മടക്കി. മൂന്ന് റൺസെടുത്ത ജൊഫ്ര ആർച്ചറിനേയും സ്റ്റാർക് വീഴ്ത്തിയതോടെ ഇംഗ്ലണ്ടിന്‍റെ പ്രതീക്ഷകൾ അസ്തമിച്ചു. പത്താമനായി ജോഷ് ടങ്കിനെ പുറത്താക്കി ബോളണ്ട് ഓസീസിന് ജയവും പരമ്പരയും സമ്മാനിച്ചു. ഒന്നാം ഇന്നിങ്സിൽ സെഞ്ച്വറിയും രണ്ടാം ഇന്നിങ്സിൽ അർധ സെഞ്ച്വറിയും നേടിയ അലക്സ് ക്യാരിയാണ് കളിയിലെ താരം.

നാല് വിക്കറ്റിന് 271 റൺസിൽ ശനിയാഴ്ച രണ്ടാം ഇന്നിങ്സ് പുനരാരംഭിച്ച ആസ്ട്രേലിയ 349ന് എല്ലാവരും പുറത്തായി. യഥാക്രമം സെഞ്ച്വറിയും അർധ സെഞ്ച്വറിയും നേടി ക്രീസിലുണ്ടായിരുന്ന ഓപണർ ട്രാവിസ് ഹെഡ് 170ഉം അലക്സ് കാരി 72ഉം റൺസിന് മടങ്ങി. ശേഷിച്ചവർക്കൊന്നും പിടിച്ചുനിൽക്കാനായില്ല. ഇംഗ്ലണ്ടിനായി ജോഷ് ടങ് നാലും ബ്രൈഡൻ കാഴ്സെ മൂന്നും വിക്കറ്റെടുത്തു. ഓപണർ സാക് ക്രോളി (85), ജോ റൂട്ട് (39), ഹാരി ബ്രൂക് (30) എന്നിവരുടെ ബാറ്റിങ്ങാണ് രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിനായി 200 കടത്തിയത്. ആതിഥേയർക്കായി ക്യാപ്റ്റൻ പാറ്റ് കമ്മിൻസും നതാൻ ലിയോണും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി.

Tags:    
News Summary - Australia retain the Ashes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.