‘ഫോമിന്‍റെ പാരമ്യത്തിൽ ഇനിയും എത്തിയിട്ടില്ല’; കോഹ്ലിയെ പുകഴ്ത്തി മുൻ ഓസീസ് ഇതിഹാസം

മൂന്നര വർഷത്തെ ഇടവേളക്കുശേഷമാണ് സൂപ്പർ ബാറ്റർ വിരാട് കോഹ്ലി ടെസ്റ്റിൽ സെഞ്ച്വറി നേടുന്നത്. ആസ്ട്രേലിയക്കെതിരായ ബോർഡർ-ഗവാസ്കർ ട്രോഫിയിലെ നാലാം ടെസ്റ്റിൽ നേടിയത് താരത്തിന്‍റെ കരിയറിലെ 28ാമത്തെ ടെസ്റ്റ് സെഞ്ച്വറിയാണ്.

ബംഗ്ലാദേശിനെതിരെ 2019 നവംബറിലാണ് ഇതിനു മുമ്പ് താരം ടെസറ്റിൽ മൂന്നക്കം കടന്നത്. താരത്തിന്‍റെ സെഞ്ച്വറി കരുത്തിലാണ് ഒന്നാം ഇന്നിങ്സിൽ ഇന്ത്യ കൂറ്റൻ സ്കോർ കുറിച്ചത്. മത്സരം സമനലിയിൽ കലാശിക്കുകയും ഇന്ത്യ 2-1ന് പരമ്പര സ്വന്തമാക്കുകയും ചെയ്തു.

മത്സരശേഷം കോഹ്ലിയെ അഭിനന്ദിച്ച് മുൻ താരങ്ങളും ആരാധകരും രംഗത്തുവന്നിരുന്നു. നാഗ്പുരിലെ ഒന്നാം ടെസ്റ്റിൽ സ്ലിപ്പിൽ ക്യാച്ച് കൈവിട്ടതിന് കോഹ്ലിയെ വിമർശിച്ച മുൻ ഓസീസ് ഇതിഹാസ താരം മാർക്ക് വോയും ഒടുവിൽ താരത്തെ വാനോളം പുകഴ്ത്തുകയാണ്. എന്നാൽ, കോഹ്ലി ഇനിയും ഫോമിന്‍റെ പാരമ്യത്തിൽ എത്തിയില്ലെന്ന നിലപാടാണ് മാർക്ക് വോ പ്രകടിപ്പിക്കുന്നത്.

‘വരൾച്ച അവസാനിച്ചു. ഗേറ്റുകൾ തുറന്നിരിക്കുന്നു. അപകടകരമായ ഷോട്ടുകൾ വളരെ കുറച്ച് മാത്രമാണ് അദ്ദേഹം കളിച്ചത്. അവൻ വളരെ ക്ഷമയോടെയാണ് ബൗളർമാരെ നേരിട്ടത്. ടെസ്റ്റ് കരിയർ കണക്കിലെടുക്കുമ്പോൾ താരം ഏറ്റവും മികച്ച ഫോമിലാണെന്ന് ഞാൻ കരുതുന്നില്ല... പക്ഷേ പ്രകടനം അവന്റെ ക്ലാസ് കാണിക്കുന്നു’ -വോ ഫോക്സ് ക്രിക്കറ്റിനോട് പറഞ്ഞു.

ഒന്നാം ടെസ്റ്റിൽ സ്റ്റീവ് സ്മിത്തിന്‍റെയും പീറ്റർ ഹാൻഡ്സ്കോംബിന്‍റെയും ക്യാച്ചുകൾ കൈവിട്ട കോഹ്ലിയെ മാർക്ക് വോ ഏറെ വിമർശിച്ചിരുന്നു. പരമ്പര ജയത്തോടെ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് യോഗ്യത നേടി. ഓസീസാണ് എതിരാളികൾ.

Tags:    
News Summary - Australia Great's Unique Take On Virat Kohli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.