അഭിഷേക് ശർമയും ശുഭ്മൻ ഗില്ലും
ദുബൈ: ഏഷ്യ കപ്പ് ക്രിക്കറ്റ് സൂപ്പർ ഫോറിൽ ഇന്ത്യക്കെതിരെ ബംഗ്ലാദേശിന് 169 റൺസ് വിജയലക്ഷ്യം. ഓപ്പണർ അഭിഷേക് ശർമയുടെ വെടിക്കെട്ട് അർധ സെഞ്ച്വറിയുടെ ബലത്തിൽ ഇന്ത്യ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 168 റൺസെടുത്തു.
പവർ പ്ലേയിൽ തകർത്തടിച്ച ഇന്ത്യയുടെ സ്കോറിങ് പിന്നീട് മന്ദഗതിയിലായി. 61 പന്തിൽ നൂറിലെത്തിയ ഇന്ത്യക്ക് പിന്നീടുള്ള 59 പന്തിൽ നേടാനായത് 67 റൺസ് മാത്രം. 37 പന്തിൽ അഞ്ചു സിക്സും ആറു ഫോറുമടക്കം 75 റൺസെടുത്താണ് അഭിഷേക് പുറത്തായത്. ഗിൽ 19 പന്തിൽ ഒരു സിക്സും രണ്ടു ഫോറുമടക്കം 29 റൺസെടുത്തു. ഇരുവരും ഒന്നാം വിക്കറ്റിൽ 6.2 ഓവറിൽ 77 റൺസാണ് അടിച്ചെടുത്തത്.
ഹാർദിക് 29 പന്തിൽ 38 റൺസെടുത്തും അക്സർ പട്ടേൽ 15 പന്തിൽ 10 റൺസെടുത്തും പുറത്താകാതെ നിന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണർമാരായ അഭിഷേകും ഗില്ലും നൽകിയത്. ആദ്യ മൂന്നോവറില്‍ കാര്യമായ റൺസ് വന്നില്ല, നേടിയത് 17 റൺസ് മാത്രം. പിന്നാലെ ഇരുവരും വെടിക്കെട്ടിന് തിരികൊളുത്തി. നാലാം ഓവറില്‍ 21 റണ്‍സ് നേടിയപ്പോള്‍ പിന്നീടുള്ള രണ്ടോവറിലും 17 റണ്‍സ് വീതം അടിച്ചെടുത്തു. ഇന്ത്യ ആറോവറില്‍ 72 റണ്‍സെടുത്തു.
റിഷാദ് ഹുസൈൻ എറിഞ്ഞ ഏഴാം ഓവറിലെ രണ്ടാം പന്തിൽ ഗിൽ, തൻസിം ഹസന്‍റെ കൈകളിലെത്തി. പിന്നാലെ സ്ഥാനക്കയറ്റം കിട്ടി വണ്‍ഡൗണായെത്തിയ ശിവം ദുബെയും (മൂന്നു പന്തിൽ രണ്ട്) വേഗത്തിൽ മടങ്ങി. 11 പന്തിൽ അഞ്ചു റൺസെടുത്ത നായകൻ സൂര്യകുമാർ യാദവിനെ മുസ്താഫിസുർ റഹ്മാൻ പുറത്താക്കി. തിലക് വർമയാണ് (ഏഴു പന്തിൽ അഞ്ച്) പുറത്തായ മറ്റൊരു താരം. വണ്‍ഡൗണായി ദുബെയെയും ഏഴാമനായി അക്സർ പട്ടേലിനെയും ഇറക്കി ഇന്ത്യ ‘പരീക്ഷണം’ നടത്തിയതോടെ സഞ്ജുവിന് ബാറ്റിങ്ങിന് ഇറങ്ങാനായില്ല. ബംഗ്ലാദേശിനായി റിഷാദ് ഹുസൈൻ മൂന്നു ഓവറിൽ 27 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് നേടി.
ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങ്ങിന് വിടുകയായിരുന്നു. ഇന്ത്യൻ ടീമിൽ മാറ്റമില്ല. നാലു മാറ്റങ്ങളുമായാണ് ബംഗ്ലാദേശ് കളത്തിലിറങ്ങിയത്. സൂപ്പർ ഫോറിലെ ആദ്യ കളിയിൽ പാകിസ്താനെ തകർത്ത സൂര്യകുമാർ യാദവിനും കടുവകളെ കീഴടക്കാനായാൽ ഫൈനൽ ഉറപ്പിക്കാനാകും. ജയിച്ചാൽ ബംഗ്ലാദേശിനും സാധ്യതയുണ്ട്. ലിറ്റൻ ദാസിന് പരിക്കേറ്റതിനാൽ ജാക്കർ അലിയാണ് ബംഗ്ലാദേശിനെ നയിക്കുന്നത്.
ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, അഭിഷേക് ശർമ, തിലക് വർമ, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്.
ബംഗ്ലാദേശ് ടീം: ജാക്കർ അലി (ക്യാപ്റ്റൻ), തൻസീദ് ഹസൻ, പർവേസ് ഹുസൈൻ ഇമോൻ, തൗഹീദ് ഹൃദോയ്, ഷമീം ഹുസൈൻ, റിഷാദ് ഹുസൈൻ, നസും അഹ്മദ്, തൻസിം ഹസൻ സാകിബ്, മുഹമ്മദ് സൈഫുദ്ദീൻ, മുസ്താഫിസുർ റഹ്മാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.