ധാക്കയിലെ യോഗം ബഹിഷ്കരിക്കുമെന്ന് ബി.സി.സി.ഐ; ഏഷ്യ കപ്പ് അനിശ്ചിതത്വത്തിൽ...

മുംബൈ: ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്‍റെ (എ.സി.സി) വാർഷിക ജനറൽ ബോഡി ധാക്കയിൽ നടത്തുകയാണെങ്കിൽ യോഗം ബഹിഷ്കരിക്കുമെന്ന് ബി.സി.സി.ഐ. ഇതോടെ ആറു ടീമുകൾ പങ്കെടുക്കുന്ന ഏഷ്യ കപ്പ് ടൂർണമെന്‍റിന്‍റെ ഭാവിയും അനിശ്ചിതത്വത്തിലായി.

ടൂർണമെന്‍റ് നടക്കുന്നത് ഇന്ത്യയിലാണെങ്കിലും വേദിയുടെയും മത്സരക്രമത്തിന്‍റെയും കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. സെപ്റ്റംബറിലാണ് ടൂർണമെന്‍റ് നടക്കുക എന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഈമാസം 24നാണ് ധാക്കയിൽ എ.സി.സി ജനറൽ ബോഡി വിളിച്ചിരിക്കുന്നത്. ബംഗ്ലാദേശിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ധാക്കയിൽ യോഗത്തിൽ പങ്കെടുക്കില്ലെന്ന് ബി.സി.സി.ഐ അറിയിച്ചിരിക്കുന്നത്. നേരത്തെ, ആഗസ്റ്റിലും സെപ്റ്റംബറിലുമായുള്ള ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനവും മാറ്റിവെച്ചിരുന്നു.

പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മുഹ്സിൻ നഖ്‌വിയാണ് ഐ.സി.സിയുടെ അധ്യക്ഷ പദവി വഹിക്കുന്നത്. ഇന്ത്യയുടെ എതിർപ്പ് അവഗണിച്ച് ധാക്കയിൽ യോഗം നടത്തുകയാണെങ്കിൽ ബഹിഷ്കരിക്കുമെന്ന് ബി.സി.സി.ഐ മുന്നറിയിപ്പ് നിൽകി. യോഗത്തിന്‍റെ വേദി മാറ്റണമെന്ന് ബി.സി.സി.ഐ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും എ.സി.സി ഇതുവരെ പ്രതികരിച്ചിട്ടില്ല. യോഗവുമായി ബന്ധപ്പെട്ട് ഇന്ത്യക്കുമേൽ അനാവശ്യ സമ്മർദം ചെലുത്താനാണ് നഖ്‌വി ശ്രമിക്കുന്നതെന്ന് ബി.സി.സി.ഐ വൃത്തങ്ങൾ പറയുന്നു.

ധാക്കയിൽനിന്ന് യോഗം മാറ്റിവെച്ചാൽ മാത്രമേ ഏഷ്യ കപ്പ് നടക്കൂവെന്നും ബി.സി.സി.ഐ സൂചിപ്പിച്ചതായാണ് വിവരം. ‘യോഗത്തിന്‍റെ വേദി മാറ്റാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ല. നഖ്‌വി ധാക്കയിൽ യോഗവുമായി മുന്നോട്ട് പോയാൽ ബഹിഷ്കരിക്കും’ -ബി.സി.സി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2023ൽ നടന്ന ഏഷ്യ കപ്പ് ടൂർണമെന്‍റിൽ ഇന്ത്യയാണ് ചാമ്പ്യന്മാരായത്. ടൂർണമെന്‍റിന് വേദിയായ പാകിസ്താനിലേക്ക് പോകാൻ വിസമ്മതിച്ചതിനെ തുടർന്ന് ഇന്ത്യയുടെ മത്സരങ്ങൾ ന്യൂട്രൽ വേദിയായ ശ്രീലങ്കയിലാണ് നടത്തിയത്.

പാകിസ്താൻ വേദിയായ ചാമ്പ്യൻസ് ട്രോഫി ടൂർണമെന്‍റിൽ ഇന്ത്യയുടെ മത്സരങ്ങൾ നടന്നത് ദുബൈയിലും. കഴിഞ്ഞ തവണത്തെപോലെ ട്വന്‍റി20 ഫോർമാറ്റിൽ തന്നെയാണ് ഇത്തവണയും ടൂർണമെന്‍റ് നടത്തുന്നത്.

Tags:    
News Summary - Asia Cup In Jeopardy Over PCB Chief Mohsin Naqvi's Stance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.