ലങ്കയെ നാലു വിക്കറ്റിന് തകർത്ത് ബംഗ്ലാദേശ്; സൂപ്പർ ഫോറിന് അട്ടിമറിയോടെ തുടക്കം

ദുബൈ: ഏഷ്യ കപ്പ് സൂപ്പർ ഫോറിന് അട്ടിമറിയോടെ തുടക്കം. ആദ്യ മത്സരത്തിൽ കരുത്തരായ ശ്രീലങ്കയെ ബംഗ്ലാദേശ് നാലു വിക്കറ്റിന് തകർത്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദ്വീപുകാർ നിശ്ചിത 20 ഓവറിൽ 168 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഒരുപന്തു ബാക്കി നിൽക്കെ ആറു വിക്കറ്റ് നഷ്ടത്തിൽ ബംഗ്ലാദേശ് ലക്ഷ്യത്തിലെത്തി. സ്കോർ: ശ്രീലങ്ക 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 168. ബംഗ്ലാദേശ് 19.5 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 169.

ഓപ്പണർ സെയ്ഫ് ഹസ്സന്‍റെയും തൗഹീദ് ഹൃദോയിയുടെയും അർധ സെഞ്ച്വറി പ്രകടനമാണ് ബംഗ്ലാദേശിനെ വിജയിപ്പിച്ചത്.

ഹസ്സൻ 45 പന്തിൽ നാലു സിക്സും രണ്ടു ഫോറുമടക്കം 61 റൺസെടുത്തു. തൗഹീദ് 37 പന്തിൽ 58 റൺസെടുത്ത് പുറത്തായി. രണ്ടു സിക്സും നാലു ഫോറുമടങ്ങുന്നതാണ് ഇന്നിങ്സ്. തൻസീദ് ഹസൻ (പൂജ്യം), ലിട്ടൺ ദാസ് (16 പന്തിൽ 23), ജാകർ അലി (നാലു പന്തിൽ ഒമ്പത്), മെഹ്ദി ഹസൻ (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. 12 പന്തിൽ 14 റൺസുമായി ഷമീം ഹുസൈനും ഒരു റണ്ണുമായി നാസും അഹ്മദു പുറത്താകാതെ നിന്നു.

ആദ്യ ഓവറിൽ തന്നെ തൻസീദ് ഹസന്‍റെ സ്റ്റമ്പ് തെറിപ്പിച്ച് നുവാൻ തുഷാര ബംഗ്ലാദേശിനെ വിറിപ്പിച്ചെങ്കിലും രണ്ടാം വിക്കറ്റിൽ സെയ്ഫ് ഹസ്സനും ലിട്ടണും ചേർന്ന് ടീം സ്കോർ 50 കടത്തി. മൂന്നാം വിക്കറ്റിൽ തൗഹീദും സെയ്ഫും അർധ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി. ലങ്കക്കായി വാനിന്ദു ഹസരംഹ, ദസുൻ സനക എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി.

ലങ്കക്കായി ദസുൻ സനക 37 പന്തിൽ 64 റൺസുമായി മിന്നി. ഓപണർമാരായ പാതും നിസങ്ക 22ഉം കുശാൽ മെൻഡിസ് 34ഉം റൺസ് നേടി മടങ്ങി. 12 പന്തിൽ 21 റൺസായിരുന്നു ക്യാപ്റ്റൻ ചരിത് അസലങ്കയുടെ സംഭാവന. സനകയുടെ വെടിക്കെട്ടാണ് ലങ്കയെ 150ഉം കടത്തി മുന്നോട്ടുനയിച്ചത്. പിതാവിന്റെ മരണംകാരണം കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങിയ ദുനിത് വെല്ലാലഗെ കളിക്കാനിറങ്ങി.

Tags:    
News Summary - Asia Cup 2025 Super Four: Bangladesh beat Sri Lanka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.