സ്വന്തം മണ്ണിൽ ഇന്ത്യ 'സന്ദർശകർ', അഫ്ഗാനിസ്ഥാൻ 'ആതിഥേയർ'; അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിൽ സംഭവിക്കുന്നത് എന്ത്?
ന്യൂഡൽഹി: സ്വന്തം മണ്ണിൽ കളിക്കാനിറങ്ങുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ടീം 'അതിഥികൾ' ആകുന്ന അപൂർവ്വ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കാനൊരുങ്ങി ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയം. ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്ക് ഈ മാസം 13 ഞായറാഴ്ച തുടക്കമാകുമ്പോഴാണ് ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ഇന്നുവരെ കാണാത്ത ഈ കൗതുകം സംഭവിക്കുന്നത്.
പരമ്പരയിലെ മുഴുവൻ മത്സരങ്ങളും ഇന്ത്യയിലാണ് നടക്കുന്നതെങ്കിലും പോരാട്ടങ്ങളുടെ ഔദ്യോഗിക ആതിഥേയർ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡാണ്. ഐ.സി.സി പ്രോട്ടോക്കോൾ അനുസരിച്ച് ഹോസ്റ്റ് ടീമിനാണ് സ്റ്റേഡിയത്തിലെ പ്രധാന (ഹോം) ഡ്രസിങ് റൂം അനുവദിക്കുക. ഇതനുസരിച്ച് അഫ്ഗാനിസ്ഥാന് ഹോം ഡ്രസിങ് റൂമും, ശ്രേയസ് അയ്യർ നയിക്കുന്ന ഇന്ത്യൻ ടീമിന് സന്ദർശകർക്കുള്ള (വിസിറ്റിങ്) ഡ്രസിങ് റൂമും ലഭിക്കും.
അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ മുൻ ഇന്ത്യൻ താരം രമൺ ലാംബയുടെ പേരിലുള്ള ഡ്രസിങ് റൂമാണ് ആതിഥേയരായ അഫ്ഗാൻ താരങ്ങൾ ഉപയോഗിക്കുക. സന്ദർശക ടീമിനായി മാറ്റിവെച്ചിരിക്കുന്ന പ്രകാശ് ഭണ്ഡാരിയുടെ പേരിലുള്ള ഡ്രസിങ് റൂമാകും ഇന്ത്യൻ കളിക്കാർക്ക് ലഭിക്കുക. ഇത് കൂടാതെ ടോസ് ഉൾപ്പെടെയുള്ള മറ്റ് ഔദ്യോഗിക പ്രോട്ടോക്കോളുകളിലും ഇന്ത്യയെ വിസിറ്റിങ് ടീമായിട്ടായിരിക്കും പരിഗണിക്കുക.
സ്വന്തം രാജ്യത്തെ സുരക്ഷാ സാഹചര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും കാരണമാണ് അഫ്ഗാനിസ്ഥാൻ തങ്ങളുടെ ഹോം മത്സരങ്ങൾ വിദേശരാജ്യങ്ങളിൽ സംഘടിപ്പിക്കുന്നത്. എന്നാൽ ഇന്ത്യൻ മണ്ണിൽ നടക്കുന്ന ഒരു പരമ്പരയിൽ അഫ്ഗാനിസ്ഥാൻ ആതിഥേയരാകുന്നതും ഇന്ത്യൻ ടീമിന് വിസിറ്റിങ് ഡ്രസിങ് റൂമിലേക്ക് മാറേണ്ടി വരുന്നതും ഇതാദ്യമാണ്. ഈ മാസം 13, 15, 17 തീയതികളിലാണ് പരമ്പരയിലെ മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. മൂന്ന് പോരാട്ടങ്ങൾക്കും ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയം തന്നെയാണ് വേദിയാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.