കഴിഞ്ഞ ദിവസം നടന്ന പഞ്ചാബ് കിങ്സ്-റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ഐ.പി.എൽ മത്സരത്തിന് ശേഷം പഞ്ചാബ് കിങ്സ് പേസ് ബൗളർ അർഷ്ദീപ് സിങ്ങിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം അജയ് ജഡേജ. മത്സരത്തിൽ ആർ.സി.ബിയുടെ രണ്ട് ഓപ്പണർമാരെയും പറഞ്ഞയച്ചത് അർഷ്ദീപായിരുന്നു. മൂന്ന് ഓവറിൽ 23 റൺസ് മാത്രം വഴങ്ങിയണ് താരം രണ്ട് വിക്കറ്റ് നേടിയത്.
ആർ.സി.ബി ഓപ്പണർമാരായ ഫിൽ സാൾട്ടിനെയും വിരാട് കോഹ്ലിയെയും ക്രീസിൽ നിലയുറപ്പിക്കുന്നതിന് മുമ്പ് തന്നെ പുറത്താക്കി പഞ്ചാബിന് ബ്രേക്ക് ത്രൂ നൽകുകയും ബെംഗളൂരുവിനെ സമ്മർദ്ദത്തിലാകുകയും ചെയ്തു. 7.67 എക്കോണമിയിലാണ് താരം മത്സരത്തിൽ പന്തെറിഞ്ഞത്.
മത്സരത്തിന് ശേഷം അർഷ്‌ദീപിനെ കുറിച്ച് സംസാരിക്കുകയായിരുന്നു അജയ് ജഡേജ. തന്നെ സംബന്ധിച്ചിടത്തോളം ടി- 20 ക്രിക്കറ്റിലെ ഗോട്ടാണ് അർഷ്‌ദീപ് സിങ് എന്ന് അജയ് ജഡേജ പറഞ്ഞു. ആർ.സി.ബിക്കെതിരെ അദ്ദേഹം നന്നായി പന്തെറിഞ്ഞുവെന്നും ഏത് ടീമിൽ നിന്നും കളി തട്ടിയെടുക്കാൻ കഴിയുന്ന വിരാട് കോഹ്ലിക്കും ഫിൽ സാൾട്ടിനുമെതിരെ ആധിപത്യം സ്ഥാപിക്കാനും താരത്തിന് കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'എന്നെ സംബന്ധിച്ചിടത്തോളം ടി20 ക്രിക്കറ്റിലെ ഗോട്ടാണ് അർഷ്‌ദീപ് സിങ്. ആർ.സി.ബിക്കെതിരെ അദ്ദേഹം നന്നായി പന്തെറിഞ്ഞു. വിരാട് കോഹ്ലിയുടെയും ഫിൽ സാൾട്ടിന്റെയും രണ്ട് നിർണായകമായ വിക്കറ്റുകൾ വീഴ്ത്തി.അവർക്ക് ഏത് ടീമിൽ നിന്നും കളി തട്ടിയെടുക്കാൻ കഴിയും. പക്ഷേ അർഷ്ദീപിന് ഇരുവർക്കുമെതിരെ ആധിപത്യം സ്ഥാപിക്കാനും അവരെ ഡ്രസ്സിങ് റൂമിലേക്ക് തിരിച്ചയക്കാനും കഴിഞ്ഞു,' ജഡേജ പറഞ്ഞു.
അതേസമയം ബംഗളൂരുവിനെ അവരുടെ ഹോം ഗ്രൗണ്ടിൽ അഞ്ച് വിക്കറ്റിനാണ് പഞ്ചാബ് കിങ്സ് തോൽപ്പിച്ചത്. 96 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ പഞ്ചാബ് ബാറ്റർമാർ 12.1 ഓവറിൽ കളി തീർത്തു. 33* റൺസ് നേടിയ നേഹൽ വധേരയാണ് പഞ്ചാബിന്‍റെ ടോപ് സ്കോറർ. സീസണിലെ അഞ്ചാം ജയത്തോടെ പോയിന്‍റ് പട്ടികയിൽ പഞ്ചാബ് രണ്ടാമതെത്തി. സ്കോർ: ആർ.സി.ബി - 14 ഓവറിൽ ഒമ്പതിന് 95, പഞ്ചാബ് കിങ്സ് - 12.1 ഓവറിൽ അഞ്ചിന് 98.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.