സുരേഷ് റെയ്നയും ഹർഭജൻ സിങ്ങും
മുംബൈ: ചെന്നൈ സുപ്പർ കിങ്സിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് സുരേഷ് റെയ്നക്ക് പിന്നാലെ വെറ്ററൻ സ്പിന്നർ ഹർഭജൻ സിങ്ങും ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ.പി.എൽ) നിന്നും പിൻമാറി. വ്യക്തിപരമായ കാരണങ്ങളാലാണ് ഇക്കുറി അറേബ്യൻ മണ്ണിൽ അരങ്ങേറാൻ പോകുന്ന ക്രിക്കറ്റ് മാമാങ്കത്തിൽ നിന്നും പിൻമാറുന്നതെന്ന് ഹർഭജൻ ചെന്നൈ മാനേജ്മെൻറിനെ അറിയിച്ചു.
ടീമിനൊപ്പം യു.എ.ഇയിലേക്ക് പറന്ന ശേഷം ആറുദിവസം ക്വാറൻറീനിൽ കഴിഞ്ഞാണ് റെയ്ന മടങ്ങിയതെങ്കിൽ ഭാജി ഇന്ത്യയിൽ തന്നെയായിരുന്നു തുടർന്നത്. ചെന്നൈ ടീമിൽ കോവിഡ് പോസിറ്റീവ് കേസുകൾ റിപോർട്ട് ചെയ്ത സാഹചര്യത്തിലാണ് പുതിയ വാർത്തകൾ.
സ്പിന്നർമാരെ തുണക്കുന്ന യു.എ.ഇയിലെ പിച്ചുകളിൽ ഹർഭജനെപ്പോലൊരു കളിക്കാരൻെറ അഭാവം ചെന്നൈക്ക് വലിയ തിരിച്ചടിയാകുമെന്ന് വേണം കരുതാൻ.
കോവിഡ് സ്ഥിരീകരിച്ച ചെന്നൈ താരങ്ങളുടെ പരിശോധന ഫലം നെഗറ്റീവായതായി ചില ദേശീയ മാധ്യമങ്ങൾ റിപോർട്ട് ചെയ്തു. എന്നാൽ രണ്ട് താരങ്ങളെ 14 ദിവസം ക്വാറൻറീനിൽ പാർപ്പിച്ച ശേഷം വീണ്ടും പരിശോധനക്ക് വിധേയമാക്കും. മൂന്നാം റൗണ്ട് കോവിഡ് പരിശോധനയും നെഗറ്റീവായതിൻെറ അടിസ്ഥാനത്തിൽ ചെന്നൈ ടീം ഇന്ന് പരിശീലനം തുടങ്ങുമെന്നാണ് റിപോർട്ടുകൾ.
കഴിഞ്ഞ ആഴ്ചയാണ് സി.എസ്.കെ സ്ക്വാഡിലെ 13 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടർന്നാണ് ടീമിൻെറ പരിശീലനം വൈകിയത്. ആഗസ്റ്റ് 21നാണ് ടീം യു.എ.ഇയിലെത്തിയത്. ചെന്നൈ ഒഴികെയുള്ള ടീമുകളെല്ലാം ഇതിനോടകം പരിശീലനം തുടങ്ങിക്കഴിഞ്ഞു.
സീസണിൽ ചെന്നൈ സൂപ്പർ കിങ്സ് ജഴ്സിയിൽ ചിലപ്പോൾ തന്നെ കണ്ടേക്കാമെന്ന സൂചന നൽകി റെയ്ന രംഗത്തെത്തിയിരുന്നു. ക്രിക്കറ്റ് വെബ്സൈറ്റായ 'ക്രിക്ക് ബസി' ന് നൽകിയ അഭിമുഖത്തിലാണ് മൗനം വെടിഞ്ഞ് താരം അഭിപ്രായം പറഞ്ഞത്.
വ്യക്തിപരമായ പ്രശ്നങ്ങളുടെ പേരിലാണ് ഐ.പി.എൽ സീസൺ പൂർണമായും ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയതെന്ന് റെയ്ന വ്യക്തമാക്കിയിരുന്നു.ചെന്നൈ സൂപ്പർ കിങ്സ് ഉടമകളുമായി പ്രശ്നങ്ങളുണ്ടെന്ന പ്രചരണം തള്ളിയ താരം 12.5 കോടി രൂപ പ്രതിഫലം ആരെങ്കിലും വേണ്ടെന്ന് വെക്കുമോയെന്നും ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.