ഹൈദരാബാദ്: വെടിക്കെട്ടിന്റെ മാസ്മരികതയ്ക്ക് തിരികൊളുത്തി ക്രീസിൽ അഭിഷേക് ശർമ കത്തിയാളിയപ്പോൾ സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റിൽ പഞ്ചാബിന്റെ സ്കോർബോർഡിലെത്തിയത് വിസ്മയിപ്പിക്കുന്ന റൺശേഖരം. 52 പന്തിൽ എട്ടു ഫോറും 16 പടുകൂറ്റൻ സിക്സറുകളുമടക്കം 148 റൺസ് വാരിക്കൂട്ടിയ അഭിഷേകിന്റെ ഗംഭീര ബാറ്റിങ്ങിന്റെ പിൻബലത്തിൽ പഞ്ചാബ് നിശ്ചിത 20 ഓവറിൽ ബംഗാളിനെതിരെ അഞ്ചു വിക്കറ്റിന് 310 റൺസെന്ന വമ്പൻ സ്കോർ പടുത്തുയർത്തി. മറുപടി ബാറ്റിങ്ങിൽ ബംഗാൾ ഒമ്പതു വിക്കറ്റിന് 198ൽ ഒതുങ്ങിയപ്പോൾ പഞ്ചാബിന് 112 റൺസിന്റെ തകർപ്പൻ ജയം സ്വന്തമായി.
എതിർ ക്യാപ്റ്റൻ അഭിമന്യൂ ഈശ്വരന്റെ അപരാജിത സെഞ്ച്വറിയുടെ ബലത്തിൽ ചെറുത്തുനിന്നെങ്കിലും പഞ്ചാബിന് വെല്ലുവിളി ഉയർത്താൻ ബംഗാളിന് കഴിഞ്ഞില്ല. 66 പന്തിൽ 13 ഫോറും എട്ടു സിക്സുമടക്കം അഭിമന്യു 133 റൺസുമായി പുറത്താകാതെ നിന്നു. മുൻനിരയും മധ്യനിരയും അമ്പേ തകർന്ന ഇന്നിങ്സിൽ വാലറ്റത്ത് ആകാശ് ദീപ് (ഏഴു പന്തിൽ 31) ആണ് ഇന്നിങ്സിൽ രണ്ടക്കം കടന്ന മറ്റൊരു ബാറ്റ്സ്മാൻ. ആകാശ് നേരിട്ട ഏഴിൽ അഞ്ചു പന്തുകളും സിക്സറിന് പറത്തി കരുത്തുകാട്ടി.
പഞ്ചാബ് നിരയിൽ ക്യാപ്റ്റൻ കൂടിയായ അഭിഷേകും പ്രഭ്സിമ്രൻ സിങ്ങും (35 പന്തിൽ 70) ചേർന്ന ഓപണിങ് ജോടി ആക്രമണാത്മക ബാറ്റിങ്ങിന്റെ വീറും ശൗര്യവും ബാറ്റിലാവാഹിച്ചു. ഇരുവരും കത്തിക്കയറിയപ്പോൾ ഒന്നാം വിക്കറ്റിൽ പിറന്നത് 75 പന്തിൽ 205 റൺസിന്റെ ഉശിരൻ കൂട്ടുകെട്ട്. ഇന്ത്യൻ താരം മുഹമ്മദ് ഷമി നയിച്ച ബംഗാൾ ബൗളിങ് ആയുധങ്ങളില്ലാതെ വിഷമിച്ച ഇന്നിങ്സിൽ പ്രഭ്സിമ്രൻ എട്ടു ഫോറും നാലു സിക്സുമുതിർത്തു.
പ്രദീപ്ത പ്രമാണികിന്റെ പന്തിൽ ആകാശ് ദീപ് പിടിച്ച് പ്രഭ്സിമ്രൻ പുറത്തായശേഷം വന്ന അൻമോൽപ്രീത് സിങ് (ആറു പന്തിൽ 11) എളുപ്പം പുറത്തായെങ്കിലും രമൺ ദീപ് സിങ് വാലറ്റത്ത് ആഞ്ഞടിച്ചു. 15 പന്തിൽ രണ്ടു ഫോറും നാലു സിക്സുമടക്കം രമൺ ദീപ് 39 റൺസെടുത്തു. സൻവീർ സിങ് ഒമ്പതു പന്തിൽ രണ്ടു വീതം ഫോറും സിക്സുമടക്കം 22 റൺസ് നേടി. നമൻ ധീർ ഏഴും നേഹൽ വധേര രണ്ടും റൺസുമായി പുറത്താകാതെ നിന്നു.
12 പന്തിൽ അഞ്ചു വീതം ഫോറും സിക്സുമടക്കം 50 കടന്ന അഭിഷേക് 32 പന്തിലാണ് സെഞ്ച്വറി തികച്ചത്. ഒരുപിടി റെക്കോർഡുകർ തകർത്തെറിഞ്ഞായിരുന്നു ആ റണ്ണഭിഷേകം. 18ാം ഓവറിലെ ആദ്യ പന്തിൽ ആകാശ് ദീപിന് വിക്കറ്റ് സമ്മാനിച്ച് നായകൻ മടങ്ങുമ്പോൾ 267റൺസ് പഞ്ചാബിന്റെ അക്കൗണ്ടിലെത്തിയിരുന്നു.
ടോസ് നേടിയ പഞ്ചാബ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നാലോവറിൽ 61 റൺസ് വഴങ്ങി ഷമി ഒരു വിക്കറ്റെടുത്തു. നാലോവറിൽ 55 റൺസ് വഴങ്ങി ആകാശ് ദീപ് രണ്ടു വിക്കറ്റ് വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.