ഭുവനേശ്വർ കുമാർ


'നാല് വർഷം ഞാൻ ഇന്ത്യൻ ജേഴ്സിക്ക് പിന്നാലെ ഓടിയിട്ടില്ല': തിരിച്ചുവരവിൽ മനസ്സ് തുറന്ന് ഭുവനേശ്വർ കുമാർ

ക്രൈസ്റ്റ് ചർച്ച്: നീണ്ട നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെ മനസ്സ് തുറന്ന് വെറ്ററൻ പേസർ ഭുവനേശ്വർ കുമാർ. ദേശീയ ടീമിൽ നിന്ന് പുറത്തുനിന്ന ഈ നാല് വർഷവും താൻ ഒരിക്കലും ഇന്ത്യൻ ജേഴ്സിക്ക് പിന്നാലെ ഓടിയിട്ടില്ലെന്നും, ഒരു മടങ്ങിവരവിനെക്കുറിച്ച് കുടുംബത്തിൽ പോലും ഒരിക്കൽ പോലും സംസാരിച്ചിരുന്നില്ലെന്നും താരം വെളിപ്പെടുത്തി. ബി.സി.സി.ഐ പങ്കുവെച്ച പ്രത്യേക വീഡിയോ അഭിമുഖത്തിലാണ് മുപ്പത്തിയാറുകാരനായ പേസർ തന്റെ ആഭ്യന്തര-അന്താരാഷ്ട്ര ക്രിക്കറ്റ് യാത്രകളെക്കുറിച്ച് സംസാരിച്ചത്.

2022-ന് ശേഷം ആദ്യമായാണ് ഭുവനേശ്വർ കുമാർ ഇന്ത്യൻ കുപ്പായത്തിൽ കളത്തിലിറങ്ങുന്നത്. ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലെ പ്ലേയിങ് ഇലവനിൽ താരം ഇടംപിടിച്ചിരുന്നു. ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനായി നടത്തിയ ശ്രദ്ധേയമായ പ്രകടനങ്ങളാണ് ഭുവനേശ്വറിന് വീണ്ടും ദേശീയ ടീമിലേക്ക് വഴിതുറന്നത്.

'പ്രതീക്ഷകളില്ലാതെ വർത്തമാനകാലത്ത് ജീവിച്ചു': ഭുവനേശ്വർ

തിരിച്ചുവരവിനെക്കുറിച്ച് യാതൊരുവിധ അമിത പ്രതീക്ഷകളും വെച്ചുപുലർത്താതിരുന്നതാണ് തന്നെ മാനസികമായി സഹായിച്ചതെന്ന് ഭുവനേശ്വർ പറഞ്ഞു

"കുടുംബത്തെക്കുറിച്ച് കൂടുതൽ പറയേണ്ടതില്ല, എങ്കിലും ഈ തിരിച്ചുവരവിന്റെ മുഴുവൻ ക്രെഡിറ്റും അവർക്ക് കൂടിയുള്ളതാണ്. കേൾക്കുമ്പോൾ ഒരുപക്ഷേ ആശ്ചര്യമായി തോന്നാം, പക്ഷേ ടീമിൽ നിന്നൊഴിവായ ഈ നാല് വർഷത്തിനിടയിൽ ഒരു ദിവസം പോലും ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് ഞങ്ങൾ വീട്ടിൽ സംസാരിച്ചിട്ടേയില്ല. അത് എന്റെ മാനസികാവസ്ഥയിൽ വലിയ പങ്കുവഹിച്ചു.

എനിക്ക് എന്നെക്കുറിച്ച് വലിയ പ്രതീക്ഷകളൊന്നും ഉണ്ടായിരുന്നില്ല. കഴിഞ്ഞ മൂന്ന്-നാല് വർഷമായി കാര്യങ്ങൾ അങ്ങനെയാണ് മുന്നോട്ടുപോയത്. ഭാവിയെക്കുറിച്ച് ചിന്തിക്കാതെ വർത്തമാനകാലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന രീതിയിലേക്ക് ഞാൻ മാറി. നാല് വർഷം ഞാൻ ഈ ഇന്ത്യൻ ജേഴ്സിക്ക് പിന്നാലെ ഓടിയിട്ടില്ല, അതുകൊണ്ട് തന്നെ ആ നാല് വർഷങ്ങൾ എങ്ങനെ കടന്നുപോയെന്ന് പോലും ഞാൻ അറിഞ്ഞില്ല. രാജ്യത്തെ പ്രതിനിധീകരിക്കാൻ കഴിയുന്നതിനേക്കാൾ വലിയ അഭിമാനം വേറെയില്ല. അതുകൊണ്ട് തന്നെ ഈ തിരിച്ചുവരവിൽ ഞാൻ അതീവ സന്തുഷ്ടനാണ്."

— ഭുവനേശ്വർ വ്യക്തമാക്കി.

ആർ.സി.ബിക്കൊപ്പം 2025, 2026 സീസണുകളിൽ കിരീടം നേടുന്നതിൽ നിർണായക പങ്കുവഹിച്ച താരം 31 മത്സരങ്ങളിൽ നിന്നായി 45 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. എന്നാൽ തിരിച്ചുവരവ് മത്സരത്തിൽ നാലോവറിൽ 49 റൺസ് വഴങ്ങി വിക്കറ്റൊന്നും നേടാൻ താരത്തിന് സാധിച്ചില്ല. പരമ്പരയിലെ രണ്ടാം മത്സരത്തിലും 12.5 ഇക്കോണമിയിൽ 4 ഓവറിൽ 50 റൺസാണ് ഭുവി വഴങ്ങിയത്.

Tags:    
News Summary - 'Never Chased the Jersey': Bhuvneshwar Kumar on India Return After 4-Year Absence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.