‘ഇന്ത്യൻ ബാറ്ററെ പുറത്താക്കാൻ മൂന്നു പന്തുകൾ ധാരാളം...’; അഭിഷേകിനെ വെല്ലുവിളിച്ച് പാക് പേസർ

ദുബൈ: ഏഷ്യ കപ്പിലെ വിവാദങ്ങൾ പൂർണമായി കെട്ടടങ്ങുന്നതിനു മുമ്പേ, ഇന്ത്യയുടെ ട്വന്‍റി20 ഓപ്പണർ അഭിഷേക് ശർമയെ വെല്ലുവിളിച്ച് പാകിസ്താൻ പേസർ ഇഹ്സാനുല്ല. ഇന്ത്യൻ താരത്തെ പുറത്താക്കാൻ തനിക്ക് മൂന്നു പന്തുകൾ തന്നെ ധാരാളമെന്നാണ് പാക് പേസറുടെ അവകാശവാദം.

ഏഷ്യ കപ്പ് ടൂർണമെന്‍റിൽ ഇന്ത്യയുടെ കിരീട വിജയത്തിൽ നിർണായക പങ്കുവഹിച്ച ബാറ്ററാണ് 25കാരനായ അഭിഷേക്. ടൂർണമെന്‍റിലെ റൺ വേട്ടക്കാരനായ താരം ഏഴു മത്സരങ്ങളിൽനിന്ന് മൂന്നു അർധ സെഞ്ച്വറികളടക്കം 314 റൺസാണ് അടിച്ചെടുത്തത്. സൂപ്പർതാരം ഷഹീൻ അഫ്രീദിയും ഹാരിസ് റൗഫുമെല്ലാം താരത്തിന്‍റെ ബാറ്റിന്‍റെ ചൂടറിഞ്ഞവരാണ്. ഇഹ്സാനുല്ല സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിലാണ് അഭിഷേകിനെതിരെ വെല്ലുവിളി നടത്തുന്നത്. പാകിസ്താൻ സൂപ്പർ ലീഗിന്‍റെ 2023 സീസണിൽ 152.65 കിലോമീറ്റർ വേഗത്തിൽ പന്തെറിഞ്ഞാണ് താരം ക്രിക്കറ്റ് ലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്.

‘ഇന്ത്യക്കെതിരെ കളിക്കാൻ അവസരം കിട്ടുകയാണെങ്കിൽ മൂന്നു-ആറു പന്തുകളിൽ അഭിഷേക് ശർമയെ പുറത്താക്കും. എന്‍റെ 140 കിലോമീറ്റർ വേഗതയുള്ള പന്തുകൾ താരത്തിന് 160 കിലോമീറ്റർ വേഗത തോന്നും. ഞാൻ എറിയുന്ന പന്തുകളെ മുൻകൂട്ടി പ്രവചിക്കാനാകില്ല. ഇടങ്കൈയൻ ബാറ്റർമാർക്കുനേരെ എനിക്ക് ഇൻസ്വിങ് പന്തുകൾ എറിയാനാകും, അത്തരം പന്തുകൾ നേരിടുക താരത്തിന് പ്രയാസമാകും -അതുകൊണ്ടാണ് ഞാൻ ഇത് പറയുന്നത്. ഇടങ്കൈയൻ ബാറ്റർമാരുടെ വലത്തെ ഷോൾഡറുകൾ ല‍ക്ഷ്യമിട്ടുള്ള എന്‍റെ ബൗൺസറുകൾ ഏറെ ഫലപ്രദമാണ്’ -ഇഹ്സാനുല്ല വിഡിയോയിൽ പറയുന്നു.

പാകിസ്താൻ സൂപ്പർ ലീഗിൽ മുൾത്താൻ സുൽത്താനുവേണ്ടി ഒരു മത്സരത്തിൽ 12 റൺസ് വഴങ്ങി അഞ്ചു വിക്കറ്റെടുത്തിരുന്നു. സീസണിൽ ടൂർണമെന്‍റിന്‍റെ താരമായും ബൗളറായും തെരഞ്ഞെടുക്കപ്പെട്ടു. 144 കിലോമീറ്ററാണ് താരത്തിന്‍റെ പന്തിന്‍റെ ശരാശരി വേഗത.

ആ വർഷം തന്നെ പാകിസ്താനുവേണ്ടി ട്വന്‍റി20യിലും ഏകദിന ക്രിക്കറ്റിലും അരങ്ങേറ്റം കുറിച്ചു. എന്നാൽ, നാലു ട്വന്‍റി20 മത്സരങ്ങളിൽനിന്ന് ആറു വിക്കറ്റുകളാണ് താരം നേടിയത്. അതേസമയം, കഴിഞ്ഞ വർഷം ജൂലൈയിൽ സിംബാബ്വെക്കെതിരെ അരങ്ങേറ്റം കുറിച്ച അഭിഷേക് അതിവേഗത്തിലാണ് ഇന്ത്യൻ ട്വന്‍റി20 ടീമിലെ പ്രധാന താരങ്ങളിലൊരാളായി വളർന്നത്. ലോകത്തിലെ ഒന്നാം നമ്പർ ട്വന്‍റി20 ബാറ്ററായ താരം, 24 മത്സരങ്ങളിൽനിന്ന് 849 റൺസാണ് ഇതുവരെ നേടിയത്. രണ്ടു സെഞ്ച്വറികളും അഞ്ചു അർധ സെഞ്ച്വറികളും താരത്തിന്‍റെ പേരിലുണ്ട്.

ഐ.സി.സിയുടെ പുതിയ ട്വന്‍റി20 റാങ്കിങ്ങിൽ അഭിഷേക് ചരിത്ര നേട്ടം സ്വന്തമാക്കിയിരുന്നു. നിലവിൽ 931 റേറ്റിങ് പോയന്‍റുമായാണ് താരം ട്വന്‍റി20 ബാറ്റർമാരിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്. ട്വന്‍റി20 ക്രിക്കറ്റിൽ ഒരു ബാറ്ററുടെ ഏറ്റവും ഉയർന്ന റേറ്റിങ് പോയന്‍റാണിത്. 2020ൽ ഇംഗ്ലണ്ടിന്‍റെ ഡേവിഡ് മലാൻ 919 റേറ്റിങ് പോയന്‍റിലെത്തിയ റെക്കോഡാണ് താരം മറികടന്നത്. 2014ൽ ബാറ്റിങ് ഇതിഹാസം വിരാട് കോഹ്ലി 909 പോയന്‍റും 2022ൽ ട്വന്‍റി20 നായകൻ സൂര്യകുമാർ യാദവ് 912 പോയന്‍റും നേടിയിരുന്നു.

Tags:    
News Summary - Abhishek Sharma Gets Open Challenge From Pakistan Pacer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.