അർധ സെഞ്ച്വറി നേടിയ പവൻ രത്നായകയെ ബാറ്റിങ്ങിനിടെ
പല്ലെക്കലെ: ട്വന്‍റി20 ലോകകപ്പിൽ ഒമാനെതിരായ മത്സരത്തിൽ ശ്രീലങ്കക്ക് തകർപ്പൻ വിജയം. പല്ലെക്കലെയിൽ നടന്ന ഗ്രൂപ്പ് ബി മത്സരത്തിൽ 105 റൺസിനാണ് ലങ്കൻ പട ഒമാനെ പരാജയപ്പെടുത്തിയത്. 28 പന്തിൽ 60 റൺസടിച്ച പവൻ രത്നായകയെയാണ് കളിയിലെ താരം. ജയത്തോടെ ഗ്രൂപ്പ് ബി പോയിന്റ് പട്ടികയിൽ ശ്രീലങ്ക ഒന്നാമതെത്തി. സ്കോർ: ശ്രീലങ്ക -20 ഓവറിൽ അഞ്ചിന് 225, ഒമാൻ -20 ഓവറിൽ ഒമ്പതിന് 120.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 225 റൺസ് എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. മൂന്ന് ലങ്കൻ താരങ്ങൾ അർധസെഞ്ചുറി നേടി. 26 പന്തിൽ 60 റൺസ് നേടിയ പവൻ രത്നായകെ സ്കോറിങ്ങിന് വേഗത കൂട്ടി. ശ്രീലങ്കക്കായി ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ അർധസെഞ്ചുറിയാണ് താരം സ്വന്തമാക്കിയത്. കുശാൽ മെൻഡിസ് 61 റൺസ് നേടി ബാറ്റിങ് നിരയ്ക്ക് കരുത്തുപകർന്നു. ക്യാപ്റ്റൻ ദാസുൻ ഷാനകയുടെ അതിവേഗ അർധ ശതകം (20 പന്തിൽ 50) സ്കോർ 220 കടത്തുന്നതിൽ നിർണായകമായി.
226 റൺസ് എന്ന വമ്പൻ ലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാന് തുടക്കത്തിലേ തിരിച്ചടിയേറ്റു. പവർപ്ലേയിൽ തന്നെ അവർക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായി.
ഒമാന് വേണ്ടി 43കാരനായ മുഹമ്മദ് നദീം മികച്ച പ്രകടനം കാഴ്ചവെച്ചു. അർധസെഞ്ചുറി തികച്ച നദീം ടി20 ലോകകപ്പ് ചരിത്രത്തിൽ ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോഡ് സ്വന്തമാക്കി. 56 പന്തിൽ 53 റൺസുമായി താരം പുറത്താകാതെ നിന്നു. വസീം അലിയും (27) മുഹമ്മദ് നദീമും ചേർന്ന് നാലാം വിക്കറ്റിൽ 42 റൺസ് കൂട്ടിച്ചേർത്തെങ്കിലും ലങ്കൻ ബൗളിങ്ങിന് മുന്നിൽ മറ്റു ബാറ്റർമാർക്ക് പിടിച്ചുനിൽക്കാനായില്ല. ഇരുവരുമൊഴികെ മറ്റാർക്കും രണ്ടക്കം കാണാനായില്ലെന്നതും ശ്രദ്ധേയമാണ്. 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 120 റൺസെടുക്കാനേ ഒമാന് സാധിച്ചുള്ളൂ.
ശ്രീലങ്കക്ക് വേണ്ടി ദുഷ്മന്ത ചമീര, മഹീഷ് തീക്ഷണ എന്നിവർ ബൗളിങ്ങിൽ മികച്ച പ്രകടനം പുറത്തെടുത്തു. ഇരുവരും രണ്ടുവീതം വിക്കറ്റുകൾ സ്വന്തമാക്കി. വാനിന്ദു ഹസരംഗയുടെ അഭാവത്തിലും ലങ്കൻ ബൗളിങ് നിര ഒമാനെ വരിഞ്ഞുമുറുക്കി. അടുത്ത മത്സരത്തിൽ കരുത്തരായ ആസ്‌ട്രേലിയയാണ് ശ്രീലങ്കയുടെ എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.